തടി കുറയ്ക്കണം.
ഡോക്ടർമാർ പറഞ്ഞത് പണ്ടേ കേട്ടിരുന്നെങ്കിൽ, മസൂദ് അസർ കശ്മീരിലെ കോട്ട്ബൽവാൽ ജയിലിൽ നിന്ന് 1999 ൽ ഇന്ത്യ വിട്ടയയ്ക്കുന്നതിനും ഒരുപാട് മുമ്പേ ഭൂഗർഭ തുരങ്കം വഴി രക്ഷപ്പെട്ടേനെ! മസൂദ് ഇന്ത്യയുടെ തടവിലായിക്കഴിഞ്ഞ ശേഷം, അയാളെ പുറത്തു കടത്താൻ പാക് ചാരസംഘടനയും ഹർക്കത്തുൾ അൻസാറും നടത്തിയ ശ്രമങ്ങളിലൊന്നു മാത്രമായിരുന്നു പാക് അധിനിവേശ കശ്മീരിൽ നിന്ന് അതീവസുരക്ഷയുള്ള കോട്ട്ബൽവാൽ ജയിലിലെ സെല്ലിലേക്കു പണിത തുരങ്കം!
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ ഞെട്ടിച്ച പാകിസ്ഥാന്റെ തുരങ്ക പദ്ധതി പാളിപ്പോയതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ അമിതവണ്ണം! അതിനാൽ മസൂദ് അസറിന് തുരങ്കത്തിലൂടെ അധികദൂരം നൂഴ്ന്നു പോകാനായില്ല. മസൂദിനൊപ്പം പിടിയിലായിരുന്ന ഭീകരൻ സജ്ജാദ് അഫ്ഗാനി അന്ന് തുരങ്കത്തിൽ കുടുങ്ങി ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. മസൂദിനെ മോചിപ്പിക്കാൻ പാകിസ്ഥാനും ഐ.എസ്.ഐയും ഏതറ്റം വരെയും പോകുമെന്ന് എന്നിട്ടും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്കു തോന്നിയില്ല.
1994 ഫെബ്രുവരിയിലാണ് മൗലാനാ മസൂദ് അസർ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ ഇന്ത്യൻ സൈനികരുടെ പിടിയിലായത്. ബംഗ്ലാദേശിൽ നിന്ന് പോർട്ടുഗൽ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തിയ മസൂദ് അസർ തികച്ചും യാദൃച്ഛികമായി പിടിയിലാകുമ്പോൾ ആട്ടോറിക്ഷയിലായിരുന്നു.
അനന്ത്നാഗിലെ ഘനബാൽ വഴി വരുമ്പോൾ സൈനികർ ആട്ടോ തടഞ്ഞു. പതിവുള്ള വാഹന പരിശോധന. മസൂദും സജ്ജാദ് അഫ്ഗാനിയും ഇറങ്ങിയോടിയെങ്കിലും പിന്തുടർന്ന സൈനികർ പിടികൂടി. ഹർക്കത്തുൾ അൻസാർ ഭീകരനായ സജ്ജാദ് അഫ്ഗാനിയെക്കണ്ട് തിരിച്ചറിഞ്ഞെങ്കിലും മറ്റേ താടിക്കാരനെ സൈനികർക്ക് ആദ്യം മനസിലായില്ല!
അസറിനെ പുറത്തെത്തിക്കാനുള്ള പാക് ശ്രമങ്ങൾക്ക് അയാളുടെ അറസ്റ്റിനോളമുണ്ട്, പഴക്കം. ഡൽഹിയിൽ നിന്ന് കുറച്ച് വിദേശികളെ ബന്ദികളാക്കി, അവരുടെ മോചനത്തിനു പകരമായി മസൂദ് അസറിനെ വിട്ടുകിട്ടണമെന്ന ഉപാധി വയ്ക്കാനായിരുന്നു ആദ്യ പദ്ധതി. പക്ഷേ, മസൂദിനൊപ്പം പിന്നീട് വിട്ടയയ്ക്കപ്പെട്ട കൊടുംഭീകരൻ ഒമർ ഷെയ്ഖ് അറസ്റ്റിലായതോടെ അതു പാളി. ഭീകരരക്ഷാദൗത്യ പരമ്പരയിൽ പിന്നെയും ചേർക്കപ്പെട്ടു, അദ്ധ്യായങ്ങൾ പലതും. അതിലെ ഏറ്റവും ദീർഘവും സമർത്ഥവുമായ പദ്ധതിയായിരുന്നു കാഠ്മണ്ഡുവിൽ നിന്നുള്ള വിമാന റാഞ്ചൽ
1999 സെപ്തംബർ ആദ്യവാരം.
ധാക്ക, ബംഗ്ലാദേശ്.
സുബ്സി മാണ്ഡിയിലെ ഒരു വാടക ഫ്ളാറ്റിൽ ഹർക്കത്തുൾ അൻസാർ ഭീകരരുടെ രഹസ്യയോഗം. എട്ടുപത്തു പേരുണ്ട്. അവരിൽ അഞ്ചു പേരാണ് പിന്നീട് ഐസി 814 വിമാനത്തിൽ കാഠ്മണ്ഡുവിൽ നിന്ന് റാഞ്ചികളായി കയറിയത് . ഇബ്രാഹിം അഖ്തർ (മസൂദ് അസറിന്റെ സഹോദരൻ), സണ്ണി അഹമ്മദ് ഖാസി, ഷാഹിദ് സയ്യിദ് അഖ്തർ, സഹൂർ ഇബ്രാഹിം മിസ്ത്രി, ഫാറൂഖ് അബ്ദുൾ അസീസ്. അന്നത്തെ രഹസ്യയോഗത്തിൽ അബ്ദുൾ റൗഫ്, അബ്ദുൾ ലത്തീഫ് എന്നിവരുമുണ്ടായിരുന്നു. ഇന്ത്യ പിടികൂടിയ മസൂദ് അസറിനെ പുറത്തുകടത്തുക, അതിനുള്ള തന്ത്രങ്ങളുടെ പുരോഗതിയായിരുന്നു ചർച്ചാവിഷയം.
ആ യോഗം നടക്കുന്നതിനും ഒരു വർഷം മുമ്പുതന്നെ ഷാഹിദ് സയ്യിദ് അഖ്തറുടെ മനസിലുണ്ടായിരുന്നു, ഒരു വിമാന റാഞ്ചൽ. അതിനു പറ്റിയ സ്ഥലം കാഠ്മണ്ഡു ആണെന്നും അഖ്തർ മനസിലാക്കിവച്ചു. അയൽരാജ്യമായ നേപ്പാളിൽ നിന്ന് ഇന്ത്യൻ വിമാനത്തിൽ കയറിപ്പറ്റാൻ ഒരു ഇന്ത്യൻ തിരിച്ചറിയൽ രേഖ മാത്രം മതി. ഡ്രൈവിംഗ് ലൈസൻസ് ധാരാളം! വിമാനറാഞ്ചലിന് നിയുക്തരായ അഞ്ചു പേർക്കും ഇന്ത്യൻ തിരിച്ചറിയൽ രേഖകളുണ്ടാക്കാനുള്ള ഡ്യൂട്ടി അബ്ദുൾ ലത്തീഫിന്. രണ്ടു മാസംകൊണ്ട് രേഖകൾ റെഡി. അതിനിടെ, മറ്റുള്ളവർ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചു.
ഒടുവിൽ, പദ്ധതി നടപ്പാക്കുന്നതിന് പത്തു ദിവസം മുമ്പ് 1999 ഡിസംബർ പതിമൂന്നിന് കാഠ്മണ്ഡു മൃഗശാലയിൽ ആ സംഘം ഒരിക്കൽക്കൂടി ഒത്തുകൂടി. എല്ലാ പ്ലാനും ഒരിക്കൽക്കൂടി ആവർത്തിച്ചുറപ്പിച്ചു. ചെറിയൊരു പിഴവ് മതി എല്ലാം പാളിപ്പോകാൻ. വിമാന റാഞ്ചൽ വേളയിൽ പരസ്പരം വിളിക്കേണ്ട കോഡ് നെയിമുകളും അവിടെവച്ച് തീരുമാനിച്ചു. തിരക്കഥ പൂർണം. ഷാഹിദ് സയ്യിദ് അഖ്തർ ആയിരുന്നു റാഞ്ചൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ.
ഡിസംബർ 24.
മിഷൻ ഡേ.
കാഠ്മണ്ഡു എയർപോർട്ടിലേക്ക് ഓരോരുത്തരും വെവ്വേറെ വാഹനങ്ങളിലെത്തി. വിമാനത്താവളത്തിനകത്തേക്ക് ആദ്യം പ്രവേശിച്ചത് ഷാഹിദ് സയ്യിദ് അഖ്തർ. സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അഖ്തർ അകത്തു കടന്നയുടൻ അയാളൊരു രഹസ്യ സിഗ്നൽ നൽകി. പിന്നാലെ, സണ്ണി അഹമ്മദ് ഖാസിയും അബ്ദുൾ അസീസും അകത്തേക്ക്. ഇവർക്കൊപ്പം അബ്ദുൾ ലത്തീഫും കാഠ്മണ്ഡു നേപ്പാൾ എയർബസിലെ ബിസിനസ് ക്ലാസിൽ. ഷാഹിദ്, സഹൂർ ഇബ്രാഹിം, ഫാറൂഖ് അബ്ദുൾ അസീസ് എന്നിവർ എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റിൽ. എല്ലാം തിരക്കഥയിലേതു പോലെ തന്നെ നടന്നു. ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എന്നത്തെയും പോലെ ഡൽഹി ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഇന്ത്യൻ എയർലൈൻസിന്റെ ഐ.സി 814 എയർബസ് ചിറക് വിടർത്തി.
റാഞ്ചികളിൽ ഡോക്ടറും!
ഇന്ത്യൻ എയർലൈൻസ് വിമാനം കാഠ്മണ്ഡുവിൽ നിന്ന് കാണ്ഡഹാറിലേക്കു റാഞ്ചിയ ഭീകരർ ഓപ്പറേഷനിടെ പരസ്പരം വിളിക്കാൻ കോഡ് നെയിമുകൾ തീരുമാനിച്ചത് എങ്ങനെയെന്ന് പദ്ധതിയുടെ ആസൂത്രകന്മാരിൽ ഒരാളായ അബ്ദുൾ ലത്തീഫ് പിന്നീട് അറസ്റ്റിലായതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഡോക്ടർ, ബോല, ബർഗർ, ചീഫ്, ശങ്കർ എന്നിങ്ങനെ ആയിരുന്നു ആ കോഡുകൾ. അതിനു പിന്നിലെ കഥ രസകരം.
ഭീകരസംഘത്തിൽ ആർക്കെങ്കിലും പനിയോ ജലദോഷമോ വയറുവേദനയോ മറ്റോ വന്നാൽ പെട്ടെന്ന് മരുന്ന് നിർദ്ദേശിക്കാറുള്ളത് ഷാഹിദ് സയ്യിദ് അഖ്തർ ആയിരുന്നു. അതുകൊണ്ട് ഷാഹിദിന് ഡോക്ടർ എന്നു കോഡ് നെയിം നൽകി. ഉന്നത കുലജാതനായിരുന്നു സണ്ണി അഹമ്മദ് ഖാസി. അയാൾ ബർഗർ ആയി. ആരെന്തു പറഞ്ഞാലും, അതിനൊരു കമന്റ് പറഞ്ഞിട്ട് സഹൂർ ഇബ്രാഹിം മിസ്ത്രി ചോദിക്കും: മേം ബോലാ നാ? (ഞാൻ അപ്പോഴേ പറഞ്ഞില്ലേ?) മിസ്ത്രിക്ക് 'ബോലാ"യേക്കാൾ നല്ലൊരു പേരുണ്ടോ? ഇബ്രാഹിം അഖ്തറിനെ 'ചീഫ് " ആക്കി. കാഠ്മണ്ടുവിൽ ഭീകരസംഘം ഭക്ഷണം കഴിക്കാൻ പോകുമായിരുന്ന ഹോട്ടലിന്റെ പേരാണ് ശങ്കർ. ആ പേര് ഫാറൂഖ് അബ്ദുൾ അസീസിനു നൽകി.
(അഞ്ചു ഭീകരരെ വിട്ടുകൊടുക്കാൻ അഫ്ഗാനിസ്ഥാനിലേക്കു പുറപ്പെട്ട നയതന്ത്രജ്ഞരുടെ യാത്രയുടെ കഥ നാളെ)