ക്രിട്ടിക്കൽ സ്റ്റേജിലാണ് അനന്തഭദ്രനും ബലഭദ്രനും എന്നു മനസ്സിലാക്കിയ ഡോക്ടർ കുരുവിള ഇരുവരെയും ഐ.സി.യുവിലേക്കു മാറ്റി.
അഡ്വക്കേറ്റ് നാരായണൻ തമ്പിയും ഇന്ദിരാഭായിയും സുമംഗലയും ഐ.സി.യുവിനു മുന്നിൽ കാത്തിരുന്നു.
അഡ്വ. തമ്പി വിവിധ ചാനലുകാർക്കും പത്രം ഓഫീസുകളിലേക്കും മെസേജ് നൽകി.
രംഗം വഷളാകുകയാണ് എന്നു തോന്നിയ എസ്.ഐ കാർത്തിക്കും സംഘവും സൂത്രത്തിൽ അവിടെ നിന്നു മുങ്ങി...
ഉച്ചയായപ്പോഴേക്കും ടിവിയിൽ ഫ്ളാഷ് ന്യൂസുകൾ വന്നുതുടങ്ങി.
വീണ്ടും ഉരുട്ടൽ...
തന്റെ കുട്ടിയുടെ ശവസംസ്കാര ചടങ്ങുകൾക്കു ശേഷമാണ് സി.ഐ ഋഷികേശ് വാർത്ത അറിയുന്നത്.
ചടങ്ങുകളിൽ പങ്കെടുത്തെങ്കിലും കാർത്തിക് അയാളോട് ഇക്കാര്യം പറഞ്ഞിരുന്നില്ല.
വിവരം അറിഞ്ഞയുടൻ ഋഷികേശിന്റെ മുഖഭാവം മാറി.
''കാർത്തിക്. ഐ.ജിയല്ല ആരു പറഞ്ഞാലും നീ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അവരെ കസ്റ്റഡിയിലെടുത്തത് ഞാനല്ലേ? അവർക്ക് എന്തു സംഭവിച്ചാലും അതിന്റെ കോൺസ്വീക്കൻസ് നേരിടാൻ ഞാൻ ഒരുക്കമായിരുന്നു."
കാർത്തിക് വിളറിപ്പോയി.
മറ്റുള്ളവർ കേൾക്കെയായിരുന്നു സി.ഐയുടെ ശകാരം.
''സാർ.. ഞാൻ..."
അയാൾ ബാക്കി പറയും മുൻപ് ഫോൺ ശബ്ദിച്ചു.
കാർത്തിക് എടുത്തു നോക്കി.
സ്റ്റേഷനിൽ നിന്നാണ്!
''എന്താ സഹദേവാ?" കാർത്തിക് ഫോൺ കാതിൽ അമർത്തി.
അല്പനേരത്തെ സംസാരം. കാർത്തിക്, ഋഷികേശിനു നേരെ തിരിഞ്ഞു.
''സാർ.. ജനങ്ങൾ പോലീസ് സ്റ്റേഷനു നേർക്ക് കല്ലെറിയുന്നു...
കൂടുതൽ ഫോഴ്സിനെ വേണമെന്ന്."
ഋഷികേശ് രോഷത്തോടെ മുഖം വെട്ടിച്ചു:
''എനിക്ക് ഒന്നിനും നേരമില്ല. ഞാൻ ലീവിലാ. നീ ഉണ്ടാക്കിയ പ്രശ്നത്തിന് നീ തന്നെ പരിഹാരം കാണ്."
അയാൾ വെട്ടിത്തിരിഞ്ഞ് അകത്തേക്കു പോയി.
ഒരു നിമിഷം കൂടി അവിടെത്തന്നെ നിന്നു കാർത്തിക്.
പിന്നെ വേവലാതിയോടെ ജീപ്പിൽ കയറി...
***
രണ്ട് ദിവസങ്ങൾ പിന്നിട്ടു. തമ്പുരാക്കന്മാരുടെ അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായില്ല.
പ്രതിപക്ഷ നേതാവ് ആറന്മുള ദിനകരന്റെ നേതൃത്വത്തിൽ നിയമസഭ പ്രക്ഷുബ്ധമാക്കി.
അടിയന്തിര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനാൽ പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ നിന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഇറങ്ങിപ്പോയി.
താൻ ഭരണം തുടങ്ങിയപ്പോൾ മുതൽ ഓരോ തലവേദനയാണെന്ന് മുഖ്യമന്ത്രി ഓർത്തു. എന്നുവച്ച് തന്റെ ശൈലി മാറ്റാനൊന്നും അയാൾ തയ്യാറായില്ല.
ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്നതിനാൽ എല്ലാ വഴികളും തന്റെ നേർക്കാണ്. പ്രത്യേകിച്ചും പോലീസ് കാരണം.
കഴിഞ്ഞ ദിവസം സ്വന്തം പാർട്ടിയുടെ എം.എൽ.എയുടെ കൈ തല്ലി ഒടിക്കുക കൂടി ചെയ്തു.
വടക്കൻ കേരളത്തിൽ തമ്പുരാക്കന്മാരുടെ സ്വാധീനത്തെക്കുറിച്ച് വിജിലൻസ് വഴി മനസ്സിലാക്കിയ ചീഫ് മിനിസ്റ്റർ തൽക്കാലം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തല ഊരാൻ ശ്രമിച്ചു.
പ്രതികളെന്ന് ആരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ റിപ്പോർട്ടു വന്നശേഷം നടപടിയെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിനിടെ പീഡിപ്പിക്കപ്പെട്ടു എന്നു പരാതി പറഞ്ഞ പെൺകുട്ടിയും അവളുടെ അമ്മയും മൊഴിമാറ്റി. പരുന്ത് റഷീദും അണലി അക്ബറും പറഞ്ഞിട്ടാണ്, അവർ ഭീഷണിപ്പെടുത്തിയിട്ടാണ് അങ്ങനെയൊരു മൊഴി നൽകിയതെന്ന് മീഡിയകൾക്കു മുന്നിൽ തുറന്നു പറഞ്ഞു.
കാര്യങ്ങൾ ഇങ്ങനെയിരിക്കെ ചന്ദ്രകലയും പ്രജീഷും എം.എൽ.എ ശ്രീനിവാസ കിടാവിനെ കണ്ടു.
എത്രയും വേഗം തങ്ങൾക്ക് ഈ നാട്ടിൽ നിന്നു പോകണമെന്ന് അറിയിച്ചു.
''അതെന്താ. നിങ്ങൾക്കും പേടിയാണോ? ഞാനില്ലേ കൂടെ?" കിടാവ് ചിരിച്ചു.
വടക്കേ കോവിലകത്തു വച്ചായിരുന്നു കൂടിക്കാഴ്ച.
''അതല്ല സാർ..." ചന്ദ്രകല അനുനയത്തിൽ സംസാരിച്ചു. ''ഇവിടെ താമസിച്ചാൽ ഞങ്ങൾക്ക് സ്വസ്ഥത കിട്ടില്ല. പാഞ്ചാലിയെക്കുറിച്ചുള്ള ഓർമ്മകൾ ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അതാ..."
കിടാവ് അല്പനേരം ചിന്തിച്ചിരുന്നു.
''ശരി. ഒരാഴ്ചത്തെ സമയം തരണം എനിക്ക്. മകന്റെ കാര്യം അറിയാമല്ലോ. ഡെൽഹി കോടതിയിൽ, ആ പെണ്ണിന്റെ പരാതി റദ്ദുചെയ്യണമെന്നു കാട്ടി അവൻ ഹർജി നൽകിയിരിക്കുകയാണ്. ഈ കോവിലകം വാങ്ങി അവനെ ഇങ്ങോട്ട് മാറ്റണം എന്നാണെന്റെ ആഗ്രഹം."
ഒന്നു നിർത്തിയിട്ട് കിടാവ് തുടർന്നു:
''ഇവിടെയാകുമ്പോൾ കാര്യമായ ശല്യം ആരിൽ നിന്നും ഉണ്ടാവില്ല."
പ്രജീഷും ചന്ദ്രകലയും സമ്മതിച്ചു.
നേരം സന്ധ്യയാകുകയാണ്.
ശ്രീനിവാസ കിടാവിനൊപ്പം പ്രജീഷും നിലമ്പൂരിനു പോയി.
കോവിലകത്ത് ചന്ദ്രകല ഒറ്റയ്ക്കായി.
ഏതാനും ദിവസങ്ങളായി പാഞ്ചാലിയുടേത് എന്നു കരുതുന്ന പ്രേതത്തിന്റെ സാമീപ്യമില്ല.
സൂസന്റെ കൊലപാതകത്തോടു കൂടി അത് അകന്നുപോയ അവസ്ഥയാണ്.
അതിനാൽ ചന്ദ്രകലയ്ക്കു നല്ല ആശ്വാസം ഉണ്ടായിരുന്നു.
സമയം 7.30
ചന്ദ്രകല ടിവി ഓൺ ചെയ്തു.
അതിൽ ആദ്യം തെളിഞ്ഞത് സൂസൻ അഭിനയിച്ച സീരിയൽ.
സ്ക്രീനിൽ സൂസന്റെ മുഖം കണ്ടതും അറിയാതെ ഒരു ഞെട്ടൽ ചന്ദ്രകലയ്ക്കുണ്ടായി.
അടുത്ത നിമിഷം കറണ്ട് പോയി...
(തുടരും)