കാശി-ബനാറസ് എന്നീ പേരുകളിൽ പ്രസിദ്ധമായ വാരണാസിയെക്കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് വാരാണസി. ഉത്തർപ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്. ബനാറസി കൈത്തറി സാരികൾ, കാർപെറ്റുകൾ, ആഭരണങ്ങൾ, രുചിയേറിയ മലൈയോ, ബനാറസി പാൻ, പുണ്യനദിയുടെ തീരത്തിരുന്ന സൂര്യാസ്തമയ കാഴ്ച തുടങ്ങിയവയാണ് സഞ്ചാരികൾക്ക് വാരാണസിയിൽ ലഭിക്കുന്നത്.
ഗംഗാ നദിയുടെയും കടവുകളുടെയും മനോഹരമായ കാഴ്ചയാണ് മുഗൾ ശൈലിയിലുള്ള ഈ രാംനഗർകോട്ട. 1750ൽ രാജ ബൽവന്ത് സിംഗ് ആണ് ഇത് നിർമ്മിച്ചത്. മണൽക്കല്ലുകൾ കൊണ്ടാണ് ഇത് പണിതത്. ദസ്‌റയിൽ ഇവിടെ ഒരുപാട് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രാമലീലയാണ് ഇതിൽ പ്രധാനം. കടവുകളിൽ നിന്നും കോട്ടയിലേക്ക് ബോട്ടിൽ പോകാവുന്നതാണ്. നഗരത്തിൽ നിന്നും 14 കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മറ്റൊരു പ്രധാന ആകർഷണം കടവുകളാണ് (ഘട്ട്). 84 കടവുകളാണ് ഇവിടെയുള്ളത്. തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ ഇവിടെ നിരവധി ഭക്തർ എത്തുന്നുണ്ട്. ഗംഗയിലെ ബോട്ട് റൈഡും ദശാശ്വമേധ് ഘട്ടിലെ ദീപം തെളിയിക്കുന്ന കാഴ്ചകളും കാണാം. അസ്സി ഘട്ട്, മണികർണിക ഘട്ട് എന്നിവയാണ് മറ്റു പ്രധാന കടവുകൾ. മറ്റൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ഹിന്ദുവും ജൂതനും ബുദ്ധനും ഒന്നിക്കുന്ന വാരണാസിയിലെ ഏറ്റവും പ്രധാന ഇടമാണ് കാശി വിശ്വനാഥ ക്ഷേത്രം.
ശിവ ചരിതങ്ങളുമായും പുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം ഗംഗയുടെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 100 കിലോ സ്വർണ്ണം പൂശിയിരിക്കുന്ന ഈ ക്ഷേത്രത്തിന് തകർച്ചയുടെയും അതിൽ നിന്നുള്ള ഉയർച്ചയുടെയും നൂറുകണക്കിന് കഥകൾ പറയുവാനുണ്ട്. കുത്തബ്ബുദ്ദീൻ ഐബക്കും മുഹമ്മദ് ഗോറിയും ഒക്കെ തകർത്ത ഈ ക്ഷേത്രം ഇന്ന് ഭാരതത്തിലെ പ്രധാന ശിവ ക്ഷേത്രങ്ങളിലൊന്നായാണ് നിലകൊള്ളുന്നത്.
ഗംഗയിലെത്തുന്ന മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ഇടമാണ് മണികർണ്ണിക ഘട്ട്. ശിവനും പാർവ്വതിയും ഇവിടെ എത്തിയപ്പോൾ അവർ ഇവിടെ സ്നാനം ചെയ്തുവെന്നും അപ്പോൾ പാർവ്വതിയുടെ മൂക്കുത്തിയും കമ്മലും ഇവിടെ വെള്ളഴത്തിൽ വീണു പോയെന്നുമാണ് വിശ്വാസം. അതുകൊണ്ടാണത്രെ ഇവിടം മണികർണ്ണിക ഘട്ട് എന്നറിയപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് സംസ്കരിക്കപ്പെടുന്ന മൃതദേഹങ്ങൾ വ്യത്യസ്മായ ഒരു സംസ്കാരമാണ് കാണിച്ചു കൊടുക്കുന്നത്.
വാരണാസിയിലെ ഏറ്റവും മനോഹരമായ ഘട്ടുകളിൽ ഒന്നാണ് അസി ഘട്ട്. വാരണാസിയിലെ വൈകുന്നേരങ്ങൾ മനോഹരമാക്കുവാൻ പറ്റിയ ഇവിടം മിക്കവാറും സന്ദർശകരാൽ നിറഞ്ഞിരിക്കും. ശിവൻ ആരാധന നടത്തുന്ന പ്രമുഖ ഇടങ്ങളിലൊന്നാണ് അസി ഘട്ട്. വാരണാസിയിലെ പ്രധാന കാഴ്ചകളിലൊന്നായ ഗംഗാ ആരതി നടത്തുന്ന ഇടവും ഇവിടെയാണ്.