ഇസ്ലാമാബാദ്: പാകിസ്ഥാന് 125 ദശലക്ഷം ഡോളറിന്റെ സൈനിക - സാങ്കേതിക സഹായം നൽകാൻ തീരുമാനിച്ചതായി പെന്റഗൺ യു.എസ് കോൺഗ്രസിൽ അറിയിച്ചു. പാക് യുദ്ധവിമാനമായ എഫ്-16ന് മുഴുവൻ സമയ നിരീക്ഷണവും സാങ്കേതികസഹായവും നൽകുന്നതിനാണ് അനുമതി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എഫ് -16 യുദ്ധവിമാനങ്ങളുടെ നിരീക്ഷണത്തിനും സഹായത്തിനുമായി 60 ഓളം പ്രതിനിധികളെ യു.എസ്, കരാറടിസ്ഥാനത്തിൽ നിയമിക്കുമെന്നാണ് റിപ്പോർട്ട്.
ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം 2018 ജനുവരി മുതൽ പാകിസ്ഥാന് യു.എസ് നൽകിയിരുന്ന സുരക്ഷാസഹായങ്ങൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. സാങ്കേതിക സഹായം തുടരുന്നതിനായി പാകിസ്ഥാൻ യു.എസിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിലാണ് അമേരിക്ക സഹായം നൽകുന്നതിൽനിന്ന് 2018ൽ പിന്മാറിയിരുന്നത്. മാത്രമല്ല, പാകിസ്ഥാൻ ഭീകരവാദം വളർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി കടുത്തഭാഷയിലാണ് ട്രംപ് വിമർശിച്ചതും. അതേസമയം, സുരക്ഷാ സഹായം നിറുത്തിവച്ച നടപടിയിൽ മാറ്റം വരുത്തില്ലെന്നും, എന്നാൽ പാകിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന ഉദ്ദേശ്യത്തിൽ ചില സുരക്ഷാ സഹായങ്ങൾ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും പെന്റഗണിനെ ഉദ്ധരിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ പാകിസ്ഥാൻ ഉപയോഗിച്ച യുദ്ധവിമാനങ്ങളാണ് എഫ്-16.
പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങൾ തകർക്കാനാണ് യു.എസ് എഫ്-16 യുദ്ധവിമാനങ്ങൾ പാകിസ്ഥാന് കൈമാറിയിരുന്നത്. എന്നാൽ, ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണത്തിൽ എഫ്-16 ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു.
''യു.എസിന്റെ വിദേശ നയവും ദേശീയ സുരക്ഷയും മുൻനിറുത്തിക്കൊണ്ട്, അമേരിക്കൻ സാങ്കേതികവിദ്യകൾ സംരക്ഷിച്ചുകൊണ്ട്,
യു.എസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സാങ്കേതിക വിദ്യ പാകിസ്ഥാനു ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. "
- സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ്