munna

ശ്രീനഗർ: കാശ്‌മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് കമാൻഡറും ബോംബ് നിർമ്മാണ വിദഗ്ദ്ധനുമായ മുന്നാ ലാഹോറിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കാശ്‌മീരിലെ ഷോപ്പിയൻ ജില്ലയിൽ വെള്ളിയാഴ്‌ച രാത്രി നടന്ന ഏറ്റുമുട്ടലിൽ ഇയാളുടെ കൂട്ടാളി സീനത്ത് - ഉൽ - ഇസ്ലാമും കൊല്ലപ്പെട്ടു.

മുന്നാഭായി എന്നും ഛോട്ടാ ബുർമി എന്നും അറിയപ്പെടുന്ന 19 കാരനായ ഭീകരൻ പാകിസ്ഥാൻ സ്വദേശിയാണ്. കഴിഞ്ഞ വർഷമാണ് ഇയാൾ കാശ്മീരിലേക്ക് നുഴഞ്ഞു കയറിയത്. വാഹനങ്ങളിൽ ബോംബ് വച്ച് ആക്രമണങ്ങൾ നടത്തുന്നതിൽ വിദഗ്ദ്ധനായിരുന്ന ഇയാൾ പാകിസ്ഥാനിയായ മറ്റൊരു ജയ്‌ഷെ കമാൻഡറായ ഇസ്‌മയിലിനൊപ്പമാണ് കാശ്‌മീരിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്‌തത്. സ്വദേശി ഭീകരർക്ക് ഇവർ പരിശീലനവും ആയുധങ്ങളും നൽകിയിരുന്നു. കാശ്‌മീരിലെ യുവാക്കളെ ബൗദ്ധികപരിവർത്തനം നടത്തി ഭീകരഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യാനും ജയ്‌ഷെ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു.

ഷോപ്പിയൻ ജില്ലയിലെ ബണ്ടേ മൊഹള്ള ബോൺബാസാറിൽ വെള്ളിയാഴ്ച വൈകിട്ട് തെരച്ചിൽ നടത്തിയ സുരക്ഷാ സേനയ്‌ക്ക് നേരെ അവിടെ ഒളിച്ചിരുന്ന മുന്നാഭായിയും കൂട്ടാളിയും വെടിവയ്‌ക്കുകയായിരുന്നു. തുടർന്ന് രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നിയന്ത്രണത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. ഒരു കൊല്ലം മുൻപ് ഇവരെപ്പറ്റി ഇന്ത്യൻ ഇന്റലിജൻസിന് വിവരം ലഭിച്ചെങ്കിലും രണ്ടു പേരെയും കണ്ടെത്താൻ മാസങ്ങൾ വേണ്ടിവന്നു.