
പത്തനംതിട്ട: ഓർഡർ അനുസരിച്ച് മൊബൈൽ ഫോണുകൾ വിൽക്കാനെത്തിയ യുവാക്കളെ മർദ്ദിച്ച ശേഷം ഫോണുകൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. പണം വാങ്ങിയ ശേഷം മൊബൈൽ ഫോണുകൾ നൽകാത്തതിനാലാണ് വിൽപ്പനക്കാരെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തതെന്ന് പ്രധാന പ്രതി ജിതിൻ പൊലീസിന് മൊഴി നൽകി.
സന്തോഷ് മുക്കിൽ വാടകയ്ക്കു താമസിക്കുന്ന ജിതിൻ മൊബൈൽ ഫോണുകൾ ഓൺലൈനിൽ വാങ്ങി കടകളിൽ വില്പന നടത്തുന്നുണ്ട്. പത്തനംതിട്ട നഗരത്തിലെ മൊബൈൽ ഷോപ്പുകളിൽ നിന്ന് മൊബൈൽ ഫോൺ നൽകാം എന്നു പറഞ്ഞ് വൻ തുക വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി സിബിയുമായി ജിതിൻ ഫേസ് ബുക്കിൽ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. സിബിയും ഓൺലൈനിൽ മൊബൈൽ ഫോണുകൾ വില്പന നടത്തുന്നയാളാണ്. മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനായി ജിതിൻ സിബിക്ക് പണം നൽകി. എന്നാൽ സിബി പണമോ മൊബൈലുകളോ നൽകിയില്ല. പറ്റിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ ജിതിൻ 2000 മൊബൈൽ ഫോണുകൾ എറണാകുളത്തെ ഒരു കമ്പനിയുടെ ഒാർഡർ കിട്ടിയിട്ടുണ്ടെന്ന് സിബിയോട് പറഞ്ഞു. ടോക്കണായി 300 മൊബൈൽ ഫോണുകൾ ഉടനെ തന്നാൽ 2000 മൊബൈൽ ഫോണിന്റെ പണം കിട്ടുമെന്നും അറിയിച്ചു. സിബി തിരുവനന്തപുരത്തെ സുഹൃത്തുക്കളിൽ നിന്ന് 22 ലക്ഷം രൂപ സ്വരൂപിച്ച് 163 റെഡ്മി 7എസ് മൊബൈൽ ഫോണുകൾ വാങ്ങി. തുടർന്ന് അഞ്ച് സുഹൃത്തുക്കളുമായി 24ന് രാത്രി 11.30ന് പത്തനംതിട്ട ഓമല്ലൂർ സന്തോഷ് മുക്കിലുള്ള ജിതിന്റെ വീട്ടിലെത്തി. മൊബൈൽ ഫോണുകൾ വീട്ടിനകത്ത് എടുത്തു വയ്ക്കാൻ ജിതിൻ പറഞ്ഞു.
കമ്പനിയുടെ സി.ഇ.ഒ ഉടനെ വരുമെന്നും വന്നാൽ ഫോണുകൾ പരിശോധിച്ച് പണം തരുമെന്നും പറഞ്ഞു. സിബി വീടിനകത്ത് കാത്തിരുന്നു. സുഹൃത്തുക്കൾ പുറത്തും. അര മണിക്കൂർ കഴിഞ്ഞ് ജിതിന്റെ സുഹൃത്തുക്കളായ പതിനഞ്ചോളം പേർ ബൈക്കുകളിലും മറ്റുമായി വന്ന് വീട്ടിനുള്ളിലേക്ക് ഇരച്ചു കയറി സിബിയെ മർദ്ദിക്കുകയും കമ്പി കൊണ്ട് കൈ അടിച്ചൊടിക്കുകയും ചെയ്തു. ഇതിനിടെ, മൊബൈൽ ഫോണുകൾ ജിതിൻ കാറിൽ കയറ്റിക്കൊണ്ടു പോയി. സിബിയെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തിയ ശേഷം വന്ന കാറിൽ കയറ്റിവിട്ടു. ഇവർ അടൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. സിബിയെ അടൂർ ഗവ ആശുപത്രിയിലെത്തിച്ചു. പിന്നീട് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ വന്ന് മൊഴി നൽകി. തുടർന്ന്, ജിതിൻ ഉൾപ്പെടെ ആറുപേരെ പത്തനംതിട്ട പൊലീസ് അറസ്‌റ്റുചെയ്തു. നാരങ്ങാനം കണമുക്ക് കുഴിടത്തടത്തിൽ അരുൺ (24), നാരങ്ങാനം അശോക് ഭവനിൽ ചന്തു (22), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടിൽ രാഹുൽ (21) മല്ലശേരി സുജാത ഭവനിൽ പ്രണവ് (23), പത്തനംതിട്ട വയലിറക്കത്തിൽ ജിത്തു (25) എന്നിവരാണ് അറസ്‌റ്റിലായ മറ്റുളളവർ. സി.ഐ എസ്.ന്യൂമാന്റെ നേതൃത്വത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.