ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ സായ് പ്രണീതിന് തോൽവി. ഇന്നലെ നടന്ന പുരുഷ സിംഗിൾസ് സെമിയിൽ നിലവിലെ ചാമ്പ്യൻ ജപ്പാന്റെ കെന്റോ മൊമോട്ടയോടാണ് സായ് തോറ്രത്. ഇതോടെ ജപ്പാൻ ഓപ്പണിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ടോപ്പ് സീഡ് മൊമോട്ടയ്ക്കെതിരെ നേരിട്ടുള്ള ഗെയിമുകളിൽ 18-21, 12-21നായിരുന്നു സായ്‌യുടെ തോൽവി. 45 മനിട്ടിൽ മത്സരം അവസാനിച്ചു. ആദ്യ ഗെയിമിൽ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സായ് 3-1ന് ലീഡ് നേടിയെങ്കിലും തകർപ്പൻ തിരിച്ചുവരവ് നടത്തിയ മൊമോട്ട ഇടവേളയ്ക്ക് പിരിയുമ്പോൾ 11-8ന്റെ ലീഡ് നേടി ആധിപത്യം നേടി. പൊരുതിനോക്കിയ സായ് മൊമോട്ടയ്ക്ക് തലവേദന സൃഷ്ടിച്ചെങ്കിലും 23 മിനിട്ടിൽ 21-18 ന് ജാപ്പനീസ് താരം ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ തുടക്കം മുതൽ ലീഡ് നിലനിറുത്തിയ മൊമോട്ടയ്ക്ക് വലിയ വെല്ലുവിളിയുയർത്താൻ സായ്ക്ക് കഴിയാതെ വന്നതോടെ മത്സരഫലം തീരുമാനിക്കപ്പെടുകയായിരുന്നു. ഈ വർഷം സിംഗപ്പൂർ ഓപ്പണിലും സായ് മൊമോട്ടയോട് തോറ്രിരുന്നു.