തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിൽ ചേരാൻ താല്പര്യമുള്ളവർ മാത്രം ഓപ്ഷൻ കൊടുത്താൽ മതിയെന്ന നിർദ്ദേശം മുഖ്യമന്ത്രി ധനവകുപ്പിന് നല്കണമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ.എം. കൃഷ്ണനുണ്ണി ആവശ്യപ്പെട്ടു. സംസ്ഥാന സർവീസ് പെൻഷനർമാർക്ക് പ്രതിമാസ മെഡിക്കൽ അലവൻസ് എന്ന പേരിൽ ഇപ്പോൾ ലഭിക്കുന്ന മുന്നൂറ്‌ രൂപ നിറുത്തലാക്കി ആ തുക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം എന്ന പേരിൽ റിലയൻസിന് കൊടുക്കാൻ പോവുകയാണ്‌. ഇതുകൊണ്ടുള്ള ഗുണം റിലയൻസിന് മാത്രമാണ്‌. പെൻഷനർമാർക്ക് ഈ ചെറിയ പ്രതിമാസത്തുക ഇല്ലാതാവുമെന്നല്ലാതെ ചികിൽസാ ചെലവായി ഒന്നും കിട്ടില്ല. കാരണം പല സ്വകാര്യ ആശുപത്രികളും ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ല. അതുകൊണ്ട് ഈ തുച്ഛമായ പ്രതിമാസ അലവൻസ് തുടരാൻ അനുവദിക്കണമെന്ന് കൃഷ്ണനുണ്ണി ആവശ്യപ്പെട്ടു.