തിരുവനന്തപുരം: പൊതുമേഖല സംരക്ഷണ മുദ്രാവാക്യമുയർത്തി പ്രക്ഷോഭം നടത്താൻ കേന്ദ്ര പൊതുമേഖല കോ-ഒാർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് പിൻമാറുക, റെയിൽവേ സ്വകാര്യവത്കരണ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആഗസ്റ്റ് 14ന് സി.ഐ.ടി.യു സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചും തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾക്കെതിരായി ആഗസ്റ്റ് 2 ന് നടക്കുന്ന അഖിലേന്ത്യാ പ്രതിഷേധ ദിനവും വിജയിപ്പിക്കും. ഒക്ടോബർ 2 ന് സ്വാശ്രയത്വ സംരക്ഷണ ദിനമായി ആചരിക്കും. അന്നുമുതൽ ഒരാഴ്ചക്കാലം കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള എല്ലാ വീടുകളിലും കയറി ഒപ്പ് ശേഖരണം നടത്താനും തീരുമാനിച്ചു.
സി.ഡി. നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി ചന്ദ്രൻപിള്ള റിപ്പോർട്ടിംഗ് നടത്തി.