കൊച്ചി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ മൂന്നാമത് അക്കാഡമിക് എക്‌സലൻസ് അവാർഡുകൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്‌തു. ഫൗണ്ടേഷന്റെ അക്കാഡമിക് എക്‌സലൻസ് പദ്ധതിക്ക് കീഴിലുള്ള 50 സ്‌കൂളുകളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കൂടുതൽ എ പ്ളസ് നേടിയ സ്‌കൂളുകൾക്കുമാണ് പുരസ്‌കാരം.
കഴിഞ്ഞ നീറ്റ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഒന്നാംസ്ഥാനം നേടിയ യു. ദിവ്യയെയും 19-ാം റാങ്ക് നേടിയ കാട്ടുനായ്ക്കർ വിഭാഗത്തിലെ വി. ലിൻഷയെയും ചടങ്ങിൽ അനുമോദിച്ചു. അക്കാഡമിക് എക്‌സലൻസ് അവാർഡ് സുവനീർ വീഗാലാൻഡ് ഡെവലപ്പേഴ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ കെ. വിജയൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബി. ജയരാജിന് നൽകി പ്രകാശനം ചെയ്‌തു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ജോർജ് സ്ലീബ, ഡയറക്‌ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്‌ലി താടിക്കാരൻ എന്നിവർ സംബന്ധിച്ചു.