ബംഗളൂരു: കർണാടകത്തിൽ ബി.എസ്.യെദിയൂരപ്പ സർക്കാർ നാളത്തെ വിശ്വാസവോട്ട് ജയിച്ചാൽ, അതിന് ശേഷവും സ്പീക്കർ കെ.ആർ. രമേശ് കുമാർ പദവി ഒഴിഞ്ഞില്ലെങ്കിൽ അന്നുതന്നെ അദ്ദേഹത്തെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ ബി. ജെ. പി നീക്കം തുടങ്ങി. കോൺഗ്രസ് അംഗമായ സ്പീക്കറെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഭരണകക്ഷി അംഗം സ്പീക്കർ ആകുന്നതാണ് കീഴ്‌വഴക്കമെന്നിരിക്കെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കർ രാജിവച്ചേക്കും.
അതിനിടെ, യെദിയൂരപ്പസർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണോ, പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കണോ എന്നതിനെച്ചൊല്ലി ജനതാദൾ- എസിൽ ഭിന്നത തുടരുകയാണ്. വെള്ളിയാഴ്‌ച മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഭാവി ചർച്ച ചെയ്യാൻ എച്ച്.ഡി. കുമാരസ്വാമി വിളിച്ച യോഗത്തിൽ എം. എൽ. എമാർ ഇതേച്ചൊല്ലി രണ്ട് ചേരിയായി. തീരുമാനം കുമാരസ്വാമിക്കു വിട്ടു. ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, ജെ.ഡി.എസുമായി ധാരണയ്ക്കുള്ള സാദ്ധ്യത യെദിയൂരപ്പ തള്ളിയിരുന്നു. തനിച്ച് സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ച യെദിയൂരപ്പയെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ അഭിനന്ദിച്ചിരുന്നു. എന്നാൽ, ജെ. ഡി. എസിൽ വലിയൊരു വിഭാഗം ബി.ജെ.പി സർക്കാരിനെ പിന്തുണയ്‌ക്കണമെന്ന പക്ഷക്കാരാണെന്നത് പാർട്ടിക്ക് തലവേദനയാകുന്നുണ്ട്. നിലവിൽ രണ്ട് എം.എൽ.എമാർ മാത്രമാണ് ജെ.ഡി.എസിൽ നിന്ന് രാജിവച്ചിട്ടുള്ളത്. ഭാവി തീരുമാനത്തെ ആശ്രയിച്ചിരിക്കും കൂടുതൽ പേർ കളംവിടുമോ എന്നത്.
സഖ്യ സർക്കാർ നിലംപതിച്ച വെള്ളിയാഴ്ച തന്നെ ചില ജെ.ഡി.എസ് എം.എൽ.എമാർ മുൻ മന്ത്രി ജി.ടി. ദേവഗൗഡയുടെ നേതൃത്വത്തിൽ കുമാരസ്വാമിയെ കണ്ട് പുതിയ സർക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം സംസാരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ വിമതപക്ഷം ഉടലെടുക്കുമോ എന്ന സംശയവും ഉണ്ട്. നാളത്തെ വിശ്വാസ വോട്ടെടുപ്പിനു ശേഷമാകും രാഷ്‌ട്രീയ നാടകങ്ങളുടെ അടുത്ത രംഗങ്ങൾ. മൂന്ന് എം.എൽ.എമാർ അയോഗ്യരാക്കപ്പെട്ടതോടെ സഭയിലെ അംഗസംഖ്യ 221 ആണ്. 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന് ആറ് പേരുടെ കൂടി പിന്തുണ വേണം. രാജിവച്ച 14 കോൺഗ്രസ്, ദൾ അംഗങ്ങളുടെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. അവരുടെ രാജി സ്വീകരിക്കുകയോ അവർ അയോഗ്യരാക്കപ്പെടുകയോ വിശ്വാസ വോട്ടിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയോ ചെയ്‌താൽ യെദിയൂരപ്പയ്‌ക്ക് ഭീഷണി ഉണ്ടാവില്ല.
അതേസമയം, ന്യൂനപക്ഷമായ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ ഭരണഘടനാപരമോ ധാർമ്മികമോ ആയ അവകാശമില്ലെന്ന്
കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. സ്പീക്കറുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തി നേടിയ വിജയമാണ് ബി.ജെ.പിയുടേതെന്നും അദ്ദേഹംപറഞ്ഞു.