1. അമ്പൂരി രാഖി കൊലപാതകത്തില്‍ ഒന്നാം പ്രതി അഖിലിന് എതിരെ സഹോദരന്‍ രാഹുലിന്റെ മൊഴി. രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നത് അഖില്‍ എന്ന് രാഹുല്‍. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാഖിയെ കാറില്‍ കയറ്റിയപ്പോള്‍ വാഹനം ഓടിച്ചത് അഖില്‍ ആയിരുന്നു. യാത്രയ്ക്കിടെ വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് കാറിന്റെ പിന്‍ സീറ്റിലേക്ക് മാറിയ അഖില്‍ രാഖിയുടെ കഴുത്ത് ഞെരിച്ചു കൊലപെടുത്തുക ആയിരുന്നു.
2. വീട്ടില്‍ എത്തി കയര്‍ കഴുത്തില്‍ കുരുക്കി താന്‍ മരണം ഉറപ്പാക്കി. മരിച്ചു എന്ന് ഉറപ്പായപ്പോള്‍ പറമ്പില്‍ കുഴിച്ചു മൂടി. രണ്ട് ദിവസം തന്നെ മൃതദേഹം കുഴിച്ചിടാന്‍ സ്ഥലം ഒരുക്കി എന്ന് രാഹുലിന്റെ വെളിപ്പെടുത്തല്‍. വസ്ത്രങ്ങളും മൊബൈലും പല സ്ഥലത്ത് ഉപേക്ഷിച്ച് എന്നും രാഹുല്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ആണ് ഒന്നാം പ്രതി അഖിലിന്റെ അനുജന്‍ രാഹുലിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് ആയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു.
3. പ്രതിയെ കണ്ടെത്താന്‍ പൊഴിയൂര്‍ എസ്.ഐ പ്രസാദിന്റെ മേല്‍നോട്ടത്തിലുള്ള സംഘം ഡല്‍ഹിയില്‍. അഖില്‍ രാഖിയെ വിവാഹം കഴിച്ചിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ നിന്നും ലഭിച്ച താലിമാല എറണാകുളത്തെ ഒരു ആരാധനാലയത്തില്‍ വച്ച് അണിയിച്ചതായും പൊലീസ് നിഗമനം. ദീര്‍ഘനാളത്തെ പ്രണയത്തില്‍ നിന്നും പിന്മാറി അഖില്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ ആണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
4.പാലക്കാട്ടെ എ.ആര്‍ ക്യാംപിലെ പൊലീസുകാരന്‍ കുമാറിന്റെ മരണം മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചതിനാല്‍ എന്ന് ബന്ധുക്കള്‍. ആദിവാസിയായ കുമാറിന് ജാതി വിവേചനം നേരിടേണ്ടി വന്നെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഭാര്യ സജിനി. ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു എന്നും ആരോപണം. മാസങ്ങളായി മാനസിക ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ക്വാര്‍ട്ടേഴ്സിന് അകത്തും കുമാര്‍ പീഡനത്തിന് വിധേയന്‍ ആയിരുന്നു എന്ന് കുമാര്‍ പറഞ്ഞിരുന്നു എന്ന് ഭാര്യയും ബന്ധുക്കളും.
5. ജോലി സ്ഥലത്ത് ഉണ്ടായ മാനസിക പീഡനം കാരണമാണ് ആത്മഹത്യ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തൊഴില്‍ പരമായ പ്രശ്നങ്ങള്‍ ക്യാംപില്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. മാനസികമായ ബുദ്ധിമുട്ടുകള്‍ കുമാറിന് ഉണ്ടായിരുന്നു എന്നും ഏതാനും ദിവസങ്ങളായി കുമാര്‍ അവധിയില്‍ ആയിരുന്നു എന്നും പൊലീസ്. അട്ടപ്പാടി കേന്ദ്രീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രിയെ കണ്ട് കുമാറിന്റെ മരണത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് കുടുംബം. രണ്ട് ദിവസം മുന്‍പാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തിയത്.
6.സെക്രട്ടറിയേറ്റിലെയും വിവിധ വകുപ്പുകളിലെയും ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഫയലുകളിലെ പരാമര്‍ശങ്ങളും വിശദാംശങ്ങളും അടങ്ങിയ പട്ടിക ആഗസ്റ്റ് 10നകം തയ്യാറാക്കും. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്‌ടോബര്‍ 31വരെയാണ് തീവ്രയജ്ഞം. സെക്രട്ടറിയേറ്റിലെ 37 വകുപ്പുകളില്‍ 1,21,665 ഫയലുകളും 52 വകുപ്പ് മേധാവികളുടെ ഓഫീസില്‍ 3,15,008 ഫയലുകളും തീര്‍പ്പാക്കാനുണ്ട്. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവ കണക്കിലെടുത്ത് ആയിരിക്കും തീര്‍പ്പാക്കലില്‍ മുന്‍ഗണന.
7. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. ഇന്നു ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. വാഹനങ്ങളുടെ ചാര്‍ജറിനുള്ള നികുതി 18ല്‍ നിന്നും 5 ശതമാനമാക്കിയും കുറച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വാടകയ്ക്ക് എടുക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കും.
8. മുംബയ് നഗരത്തില്‍ കനത്ത മഴ തുടരുന്നതിനിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പിടിച്ചിട്ട മുംബയ് കോലാപ്പൂര്‍ മഹാലക്ഷ്മി എക്സ്പ്രസ്സില്‍ കുടുങ്ങിയത് 700 യാത്രക്കാര്‍. മുംബയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള വംഗാനിക്കും ബദ്ലാപുരിനും ഇടയിലാണ് ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിന്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
9. അമേരിക്കയില്‍ നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വധശിക്ഷ പുനസ്ഥാപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് വധശിക്ഷ പുന സ്ഥാപിക്കുന്നതിന് വീണ്ടും തീരുമാനം ഉണ്ടായത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ വരുന്ന ഡിസംബറിലും ജനുവരിയിലുമായി നടക്കുമെന്ന് നിയമ മന്ത്രാലയം അറിയിച്ചു.
10.സംസ്ഥാനത്ത് ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളെ മലപ്പുറം തവനൂരിലാണ് സമീപകാലത്ത് കണ്ടെത്തിയത്. അപകടകാരികളായ ഇവയുടെ സമ്പര്‍ക്കം മസ്തിഷ്‌ക രോഗങ്ങള്‍ക്കുവരെ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈയിടെ ഏറുണാകുളത്ത്, പത്ത് കുട്ടികളെ രോഗം ബാധിച്ചത് ഒച്ചുകളില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
|
|
|