karu

കോഴിക്കോട്:വയസ് 91 ആയെങ്കിലും കറുപ്പന് കൊതുകുകളോടുള്ള കലി അടങ്ങിയിട്ടില്ല. വീട്ടിത്തടി കയറ്റുമതിക്കാരനായ എ.എം. കറുപ്പൻ ബിസിനസ് ഒഴിവാക്കി കൊതുക് നിർമ്മാർജ്ജനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സ്‌കൂട്ടർ അപകടത്തിൽ കാലിന്റെ എല്ല് പൊട്ടിയത് പോരാട്ടത്തിന് തീവ്രത കുറച്ചിരുന്നു. മുമ്പ് രൂപീകരിച്ച കൊതുക് നിർമ്മാർജ്ജന സമിതി പുനഃസംഘടിപ്പിച്ച് വീണ്ടും ഗോദയിൽ ഇറങ്ങിക്കഴിഞ്ഞു കറുപ്പേട്ടൻ.

സ്വന്തമായി വലിയ തുക ചെലവഴിച്ചാണ് കറുപ്പൻ പോരാട്ടം തുടങ്ങിയത്. അന്ന്‌ ഒറ്റയാൾ പട്ടാളമായിരുന്നു. ഇപ്പോൾ സർക്കാരിന്റെ സഹായവും തേടിയിട്ടുണ്ട്. കൊതുകിനെ നശിപ്പിക്കേണ്ടത് എങ്ങനെയെന്ന് നാട്ടിലാകെ ലഘുലേഖകൾ വിതരണം ചെയ്തും കാറിൽ മൈക്ക് പ്രചാരണം നടത്തിയും ബോധവത്കരണ ക്ളാസുകൾ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയിരുന്നത്.


കറുപ്പന്റെ നിർദ്ദേശങ്ങൾ

എല്ലാ കുടുംബങ്ങൾക്കും കൊതുകിനെ കൊല്ലാനുള്ള ബാറ്റ് സർക്കാർ സൗജന്യമായി നൽകണം. ചോര കുടിച്ചാലേ കൊതുകിന് മുട്ടയിടാനാവൂ. ചോര കുടിക്കാൻ എത്തുമ്പോൾ ബാറ്റ് കൊണ്ട് കൊല്ലണം. രോഗനിവാരണത്തിന്റെ ചെലവുമായി താരതമ്യം ചെയ്താൽ ബാറ്റിന് വളരെ ചെറിയ തുക മതി.

ഓവുചാലുകളിലും തോടുകളിലും കൊതുകിന്റെ മുട്ട നശിപ്പിക്കാൻ ആറ് ദിവസം കൂടുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ ജൈവനാശിനി ഉപയോഗിക്കണം.

എല്ലാ വീട്ടുകാരും കൊതുകകൾക്ക് മുട്ടയിടാൻ പാത്രത്തിൽ വെള്ളംവയ്‌ക്കണം. ആറ് ദിവസം കഴിയുമ്പോൾ അത്‌ നിലത്തൊഴിച്ച് ലാർവകളെ നശിപ്പിക്കണം.


കൊതുകു നശീകരണത്തിന്റെ കഥ

ചിലരുടെ രക്തം കൊതുകുകൾക്ക് ഏറെ പ്രിയമാണ്. കറുപ്പേട്ടന്റെ രക്തം അതിൽപെട്ടതാണ്. എവിടെ പോയിരുന്നാലും കൊതുക് വന്നു കുത്തും. 1996ലെ മഴക്കാലത്ത് മാങ്കാവിലെ തന്റെ ഈർച്ചമില്ലിൽ അട്ടിയിട്ടിരുന്ന വീട്ടിത്തടിയിലെ ഒരു പൊത്തിൽ കെട്ടിനിന്ന വെള്ളത്തിനുമീതെ കൊതുകുകൾ പറക്കുന്നത് കണ്ടു. വെള്ളത്തിൽ പുഴുക്കളും ചലിക്കുന്നു. ആ വെള്ളം കുപ്പിയിലാക്കി തുണികൊണ്ട് മൂടി സൂക്ഷിച്ചു. നാലാംദിവസം കുപ്പിയിൽ കൊതുകുകൾ പാറുന്നു. ഇങ്ങനെയാണ് കൊതുകുകൾ ഉണ്ടാകുന്നതെന്ന് മൂന്നാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള കറുപ്പേട്ടൻ മനസിലാക്കി. പരിസ്ഥിതി പ്രവർത്തകൻ ഡോ.എ. അച്യുതനുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹം കാര്യങ്ങൾ വിവരിച്ചതോടെയാണ്‌ കൊതുക് നശീകരണത്തിന് ഇറങ്ങാൻ തീരുമാനിച്ചത്.

മൃതദേഹം പഠനത്തിന് നൽകും

മരണാനന്തരം തന്റെ മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകാനാണ് കറുപ്പന്റെ തീരുമാനം. കണ്ണുകൾ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിക്കും. ഇതിനുള്ള സമ്മതപത്രവും നൽകി.