കൊച്ചി:ചാർജറുകളുടെ ഉൾപ്പെടെ ജി.എസ്.ടി കുറച്ചതിനാൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് 8,000 രൂപ മുതൽ ലക്ഷങ്ങൾ വരെ വിലകുറയും. ഹ്യൂണ്ടായ് കോന ഇലക്‌ട്രിക് കാറിന്റെ വിലയിൽ 1.40 ലക്ഷം രൂപവരെ കുറയുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിലവിൽ കോന ഇലക്‌ട്രിക്കിന് വില 25.30 ലക്ഷം രൂപയാണ്. ജി.എസ്.ടി കുറഞ്ഞാലും പെട്രോൾ, ഡീസൽ മോഡലുകളേക്കാൾ ഇലക്‌ട്രിക് വാഹനത്തിന് വില കൂടുതലായിരിക്കും. ഉയർന്ന ഉത്‌പാദനച്ചെലവാണ് കാരണം.
ഹ്യൂണ്ടായ്, ടൊയോട്ട, ഹോണ്ട, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആറ്റം, അശോക് ലെയ്‌ലാൻഡ്, സുസുക്കി, ഏതർ എനർജി തുടങ്ങിയവ ഇന്ത്യയിൽ ഇലക്‌ട്രിക് / ഹൈബ്രിഡ് വാഹനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മാരുതിയുടെ വാഗൺ - ആർ ഇസഡ്.എക്‌സ്.ഐ എ.എം.ടി വേരിയന്റിന് 5.91 ലക്ഷം രൂപയാണ് വില. ജി.എസ്.ടി 18 ശതമാനം.
12 ശതമാനം ജി.എസ്.ടിയിൽ വാഗൺ - ആർ ഇലക്‌ട്രിക്കിന് വില പത്തുലക്ഷം രൂപ.
ജി.എസ്.ടി അഞ്ച് ശതമാനമാകുമ്പോൾ വില 9.30 ലക്ഷം രൂപയായി താഴും.
ഇലക്‌ട്രിക് വാഹനം വാങ്ങാൻ വായ്‌പ എടുക്കുന്നവർക്ക് ആദായ നികുതിയിൽ 1.50 ലക്ഷം രൂപ ഇളവുണ്ട്.
വായ്‌പയുടെ തിരിച്ചടവ് കാലാവധിക്കിടെ 2.50 ലക്ഷം രൂപവരെ ലാഭിക്കാം.
ഇലക്‌ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡിക്കും മറ്റുമായി കേന്ദ്രം ഫേസിം 2 സ്‌കീമിൽ 10,000 കോടി വകയിരുത്തിയിട്ടുണ്ട്.