appache-

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരാനായി അമേരിക്കൻ പ്രതിരോധ കമ്പനിയായ ബോയിംഗിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അപ്പാച്ചെ എ.എച്ച്-64-ഇ ഹെലികോപ്ടറുകളുടെ ആദ്യ ബാച്ച് ഇന്നലെ ഇന്ത്യയിലെത്തി. നാല് ഹെലികോപ്ടറുകളാണ് ആദ്യ ബാച്ചിലുള്ളത്. വ്യോമസേനയുടെ ഹിൻഡോൺ വ്യോമത്താവളത്തിലാണ് ഹെലികോപ്ടറുകൾ എത്തിയത്. അതേസമയം,​ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പരീക്ഷണപ്പറക്കലിന് ശേഷമായിരിക്കും ഹെലികോപ്ടറുകൾ ഇന്ത്യക്ക് കൈമാറുക. അടുത്ത ആഴ്ച നാല് ഹെലികോപ്ടറുകൾ കൂടെ ഇന്ത്യയ്ക്ക് കൈമാറും. ആകെ 22 ഹെലികോപ്ടറുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ എട്ടെണ്ണം പത്താൻകോട്ട് വ്യോമത്താവളത്തിൽ വിന്യസിക്കും. സെപ്തംബറിൽ ഇവയെ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. 2020 ആകുമ്പോഴേക്കും 22 ഹെലികോപ്റ്ററുകളും വ്യോമസേനയുടെ ഭാഗമാകും.

2015 സെപ്തംബറിലാണ് ബോയിംഗുമായി ഇന്ത്യ കരാർ ഒപ്പിട്ടത്. വെടിക്കോപ്പുകൾ,​ പരിശീലനം, സ്പെയർ പാർട്സ് എന്നിവയടക്കമുള്ളതാണ് ബോയിംഗുമായുള്ള കരാർ. വ്യോമസേനയ്ക്ക് പുറമെ കരസേനയ്ക്ക് വേണ്ടി ആറ് അപ്പാച്ചെ ഹെലികോപ്ടറുകൾകൂടി ഇന്ത്യ വാങ്ങുന്നുണ്ട്. അമേരിക്കൻ സൈന്യം ഉൾപ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാച്ചെ ഹെലികോപ്ടർ. അപ്പാച്ചെ എ.എച്ച്-64ഇ ഹെലികോപ്ടറുകൾ വിവിധ കടമകൾ നിർവഹിക്കാൻ കഴിവുള്ള ലോകത്തിലേറ്റവും മികച്ച യുദ്ധവിമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ലോകത്തിലെ ഏറ്റവും മികച്ച ടാങ്കർ വേട്ടക്കാരൻ

 16 ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ വഹിക്കാനുള്ള കഴിവ്(ഇവ രണ്ടിനെയും ഒന്നിച്ചും കൊണ്ടുപോകാം)
 1200 തവണ നിറയൊഴിക്കാനാവുന്ന 30 മില്ലിമീറ്റർ പീരങ്കി

 വീണ്ടും ഇന്ധനം നിറയ്ക്കാതെ 611 കിലോമീറ്റർ പറക്കാനാകും

 ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാനുതകും വിധത്തിലുള്ള ലേസർ,ഇൻഫ്രാറെഡ്‌ സംവിധാനങ്ങൾ

 പരമാവധി വേഗം : 279 കിമി/മണിക്കൂർ

 നീളം : 58.17 അടി.
 ഉയരം : 15.24 അടി.
 വിങ്ങ് സ്പാൻ : 17.15 അടി.
 ഗ്രോസ് വെയ്റ്റ് : 6838 കിലോഗ്രാം.

 ഇനി വരുന്നത് അപ്പാച്ചെ ദിനങ്ങൾ

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം, 2015 സെപ്തംബറിലാണ് 22 അപ്പാച്ചെ AH 64E അസോൾട്ട് ചോപ്പറുകൾക്കും, 15 ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾക്കും ചേർത്ത് 2.2 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ചത്. അപ്പാച്ചെ ചോപ്പറുകളുടെ ആദ്യസാമ്പിൾ കഴിഞ്ഞ മേയിൽ അരിസോണയിലെ ഫാക്ടറിയിൽ വച്ചുനടന്ന ചടങ്ങിൽ ഇന്ത്യക്ക് കൈമാറിയിരുന്നു. ആ കരാർ പ്രകാരം ഇന്ത്യക്ക് ജൂലായിൽ ഡെലിവെർ ചെയ്യാനിരുന്ന ആദ്യ ബാച്ച് അപ്പാച്ചെകളാണ് ഇപ്പോഴെത്തിയിരിക്കുന്നത്. അമേരിക്കൻ സൈന്യത്തിന് 800ലധികം അപ്പാച്ചെ അസോൾട്ട് ചോപ്പറുകളുണ്ട്. ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും ഒക്കെ അമേരിക്കൻ ഓപ്പറേഷനുകൾക്ക് ശക്തി പകർന്നത് ഇതേ അപ്പാച്ചെകളാണ്. ഇസ്രായേൽ സൈന്യത്തിന്റെ കയ്യിലും 40ലധികം അപ്പാച്ചെകളുണ്ട്.