എസെക്സ് (ലണ്ടൻ): മുടി മുറിച്ചാൽ മാത്രമേ സ്കൂളിൽ വരാൻ പ്രവേശനമുള്ളൂ എന്ന പോളിസിയെ തന്റെ തന്റെ പരിശ്രമത്തിലൂടെ പതിനൊന്നുകാരൻ മാറ്രിമറിച്ചു. ലണ്ടനിലെ എസെക്സ് സ്വദേശിയായ പതിനൊന്നുകാരൻ ആൽഫി ഹോവാർഡ് ഹ്യൂഗ്‍സിന് നീണ്ട മുടിയായിരുന്നു സ്കൂൾ പ്രവേശനത്തിന് തടസ്സമായിരിക്കുന്നത്. മുടി മുറിച്ചാൽ മാത്രമേ സ്കൂളിൽ പ്രവേശനം നൽകൂ എന്നാണ് അവരുടെ നിലപാട്. എന്നാൽ ഇതിനെതിരെ പരാതിയുമായി ആൽഫി രംഗത്ത് വന്നതോടെ സ്കൂൾ അധികൃതർ മുട്ടുമടക്കുകയായിരുന്നു.
സ്കൂളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച ആൽഫിക്ക് എന്നാൽ മുടി പ്രവേശനത്തിന് തടസമാണെന്ന് മനസിലായി. എന്നാൽ വർഷങ്ങളായി വളർത്തുന്ന മുടി മുറിക്കാൻ ആൽഫി അനുവദിച്ചില്ല.കോൾചെസ്റ്റർ റോയൽ ഗ്രാമൽ സ്കൂളിലാണ് പ്രവേശനം നേടിയത്. ആൺകുട്ടികൾക്ക് കോളറിന് താഴേയക്ക് നീളുന്ന മുടി സ്കൂളിലെ പോളിസി അനുസരിച്ച് അനുവദിക്കില്ലെന്ന് അധികൃതർ ആൽഫിയുടെ മാതാപിതാക്കളോട് വ്യക്തമാക്കി. എന്നാൽ മുടി മുറിക്കില്ലെന്നും അതിന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും മാതാപിതാക്കളും തീരുമാനമെടുത്തു.
സ്കൂളിന്റെ അച്ചടക്ക പോളിസി മാറ്റി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂളിനെതിരെ മാതാപിതാക്കൾ നിയമ നടപടിക്കൊരുങ്ങി. കുട്ടികളെ കാർബണ്‍ കോപ്പികളാക്കാനുള്ള പോളിസിയാണ് ഇതെന്ന് ആൽഫിയുടെ മാതാവ് കാറ്റി കോക്സ് പറഞ്ഞു. ഇത്തരം പുരാതന നിയമങ്ങൾ ഇനിയും നിലനിര്‍ത്തുന്നത് നാണക്കേടാണെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് ആൽഫി നൽകിയ പരാതി സ്കൂൾ അധികൃതർ ഗൗരവത്തിലെടുക്കുകയും ആൽഫിക്ക് അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്തു. ഇനി മുതൽ മുടി മുറിക്കാതെ തന്നെ ആൽഫിക്ക് സ്കൂളിൽ പോകാം.