telecom-

ന്യൂഡൽഹി: ടെലികോം രംഗത്ത് കുത്തകവത്കരണം പ്രോത്സാഹിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ മാത്രമായിരിക്കണം ഈ മേഖലയിലെ കമ്പനികൾ മത്സരിക്കേണ്ടതെന്നും 5ജിയിലേക്കുള്ള ചുവടുമാറ്റത്തിൽ കമ്പനികൾ മികച്ച പങ്കുവഹിക്കണമെന്നും കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ കേന്ദ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

5ജി ഇന്നൊവേഷൻ, സ്‌റ്രാർട്ടപ്പുകളുടെ രൂപീകരണം, 5ജി ഉത്‌പന്നങ്ങളുടെ ഉത്‌പാദനം എന്നിവയിൽ ഇന്ത്യൻ കേന്ദ്രീകൃത പേറ്റന്റുകൾ സ്വായത്തമാക്കേണ്ടതുണ്ട്. ഇന്ത്യ അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി, കുറഞ്ഞത് 25 ശതമാനം പങ്കാളിത്തം പ്രതീക്ഷിക്കുന്നത് ടെലികോം മേഖലയിൽ നിന്നാണ്. 43,000 ഗ്രാമങ്ങൾ ഇപ്പോഴും ടെലികോം ശൃംഖലയ്ക്ക് പുറത്താണ്. അവിടങ്ങളിലേക്ക് നെറ്റ്‌വർക്ക് വ്യാപിപ്പിക്കണം.

ടെലികോം രംഗം നേരിടുന്ന ഉയർന്ന നികുതി ബാദ്ധ്യത, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ്, റീഫണ്ട് തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി.എസ്.ടി കുറയ്ക്കുന്നതിന് നടപടിയെടുക്കണമെന്ന് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.എൻ.എൽ ചെയർമാൻ പി.കെ. പർവാർ, റിലയൻസ് ജിയോ ഡയറക്‌ടർ മഹേന്ദ്ര നഹാത, ഭാരതി എയർടെൽ സി.ഇ.ഒ ഗോപാൽ വിട്ടൽ, വൊഡാഫോൺ ഐഡിയ സി.ഇ.ഒ ബലേഷ് ശർമ്മ എന്നിവർ കൂടിക്കാഴ്‌ചയിൽ സംബന്ധിച്ചു.

ഉപഭോക്താക്കൾക്ക് സൗജന്യ ഓഫറുകളുമായി 2016ൽ റിലയൻസ് ജിയോ എത്തിയതു മുതലാണ് ഇന്ത്യൻ ടെലികോം രംഗത്തെ കമ്പനികളുടെ വരുമാനം കുത്തനെ ഇടിഞ്ഞു തുടങ്ങിയത്. ഏഴുലക്ഷം കോടി രൂപയോളമാണ് ഈ മേഖലയിലെ കമ്പനികളുടെ സംയുക്ത കടബാദ്ധ്യത.