ആലപ്പുഴ: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച പതിച്ച മൂന്നുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. എ.ഐ.വൈ.എഫ്. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സി.പി.ഐ. ജില്ലാകമ്മിറ്റി പുറത്താക്കിയത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ഒളിവിലാണ്.
മൂന്നുപേരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പോസ്റ്ററിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്. മൂന്നുപേർക്കുമെതിരെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് പൊലീസ് ചുമത്തുക. ഇവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവായത്.
സി.പി.ഐ പാർട്ടി ഓഫീസിന്റെ ചുമരിൽ ഉൾപ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്നിടങ്ങളിലാണ് കാനത്തിനെതിരായ പോസ്റ്റർ കണ്ടെത്തിയത്. വിഷയത്തിൽ മൂന്നുപേർക്കെതിരെ പാർട്ടിതലത്തിൽ അച്ചടക്ക നടപടി ഉണ്ടാകും.