ബെംഗളൂരു: കർണാടകയിൽ അധികാരമേറ്റ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് തേടാനിരിക്കെ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാദ്ധ്യത. സ്പീക്കർ കെ.ആർ. രമേശ് കുമാർ സ്വയം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ഇക്കാര്യം ഒരു ബി.ജെ.പി എം.എൽ.എ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബി.ജെ.പിയുടെ ആദ്യ അജണ്ട സഭയിൽ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്. തുടർന്ന് ധനബില്ല് പാസാക്കും. ഇതിന് ശേഷം സ്പീക്കർ രാജിവെക്കുമോ ഇല്ലയോ എന്ന് നോക്കിയതിന് ശേഷം ഭാവി നടപടികളിലേക്ക് പോകുമെന്നും ബി.ജെ.പി എം.എൽ.എ പറയുന്നു. എന്നാൽ എം.എൽ.എ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.
പ്രതിപക്ഷ പാർട്ടിയിലെ ഒരംഗത്തെ സ്പീക്കറായി എങ്ങനെ നിലനിറുത്താനാകുകയെന്ന് അദ്ദേഹം ചോദിക്കുന്നു.
13 മാസത്തോളം നീണ്ട കോൺഗ്രസ്- ജെഡിഎസ് സഖ്യസർക്കാർ രാജിവച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.