രാഖിയെ കയറ്റിയ കാർ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖിലിന്റെ സുഹൃത്തായ സൈനികൻ തൃപ്പരപ്പ് സ്വദേശി രതീഷിന്റെ ഐ-10 കാറാണിത്. ഇന്നലെ വൈകിട്ട് 4ന് തൃപ്പരപ്പിലെ രതീഷിന്റെ വീട്ടിൽ രാഹുലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, വെള്ളറട സി.ഐ എൻ.ബിജു, പൂവാർ സി.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് രാഹുലിനെ എത്തിച്ചത്. രാഹുൽ കാർ തിരിച്ചറിഞ്ഞു. രതീഷ് കാശ്‌മീരിലാണ്. ക്ഷേത്രത്തിൽ പോവാനെന്ന് പറഞ്ഞ് ജൂൺ 19ന് രാഹുലും അഖിലും വന്ന് കാർ കൊണ്ടുപോയെന്നും 27ന് രാഹുലാണ് കാർ തിരിച്ചുകൊണ്ടുവന്നതെന്നും രതീഷിന്റെ അമ്മ മൊഴിനൽകി. ഫോറൻസിക് വിദഗ്ദ്ധർ കാറിൽ നിന്ന് തെളിവെടുത്തു.