akhil

തിരുവനന്തപുരം: തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാജന്റെ മകൾ രാഖിമോളെ (30) കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതി അഖിൽ പിടിയിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് അഖിൽ പിടിയിലായത്.

ഒന്നാം പ്രതി അഖിലിനെതിരെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുൽ നേരത്തെ മൊഴിനൽകിയിരുന്നു. രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നത് അഖിലാണെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു.


നെയ്യാറ്റിൻകര ബസ്റ്റാന്റിൽ വച്ചാണ് രാഖിയെ കാറിൽ കയറ്റിയത്, ആദ്യം വണ്ടി ഓടിച്ചത് അഖിലായിരുന്നു. യാത്രയ്ക്കിടെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ശേഷം പിൻസീറ്റിലേക്ക് മാറിയ അഖിൽ രാഖിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. വീട്ടിലെത്തിയ ശേഷം രാഖിയുടെ കഴുത്തിൽ കയർ മുറുക്കി താൻ മരണം ഉറപ്പിച്ചുവെന്നും രാഹുൽ പൊലീസിനോട് പറഞ്ഞു.

കൊലപ്പെടുത്താനായി പ്രതികൾ ഉപയോഗിച്ചത് സുഹൃത്തായ മറ്റൊരു സൈനികന്റെ വാഹനമാണെന്ന് പൊലീസ് മുമ്പ് വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം അഖിലും സഹോദരൻ രാഹുലും ഉപയോഗിച്ച കാർ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേതാണ്. കൊലപാതകത്തിന് ശേഷം നിരവധി തവണ കഴുകി തെളിവുകളെല്ലാം നശിപ്പിച്ച ശേഷം തിരികെ കൊണ്ടിട്ട വാഹനം തൃപ്പരപ്പിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അഖിൽ നാട്ടിലെത്തുമ്പോഴൊക്കെ സുഹൃത്തായ രതീഷിന്റെ കാർ ഉപയോഗിക്കാറുണ്ടായിരുന്നു. വിവാഹ നിശ്ചയത്തിനാണെന്ന് പറഞ്ഞാണ് മാസങ്ങൾക്ക് മുമ്പൊരിക്കൽ കാർ കൊണ്ടുപോയത്.അഖിലും ചേട്ടൻ രാഹുലുമായി ബൈക്കിലെത്തിയശേഷം ഒരാൾ കാറെടുക്കുകയും മറ്റേയാൾ ബൈക്കിലും മടങ്ങി.

ജൂൺ19നാണ് രണ്ടാമതായി തൃപ്പരപ്പിലെത്തി കാറെടുത്ത് പോയത്. അഖിലും ചേട്ടൻ രാഹുലുമാണ് പോയത്. വീട്ടിലെ ചില ആവശ്യങ്ങൾക്ക് കാർ വേണമെന്നും ജൂൺ 27ന് മുമ്പ് കാർ തിരികെ എൽപ്പിക്കാമെന്നും പറഞ്ഞാണ് കാർ കൊണ്ടുപോയത്. അഖിൽ അവധി കഴിഞ്ഞ് മടങ്ങിയതിനു രണ്ടുദിവസം കഴിഞ്ഞ് സഹോദരൻ രാഹുലാണ് കാർ തൃപ്പരപ്പിൽ കൊണ്ടിട്ടത്. ജൂൺ 21 മുതലാണ് രാഖിയെ കാണാതായത്.