കണ്ണൂർ: കണ്ണൂരിലെ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐയുടെ വിദ്യാർത്ഥി സംഘടന എ.ഐ.എസ്.എഫ്. സമാധാനത്തിന്റെ തൂവള്ളക്കൊടിയുമായി പ്രവർത്തിക്കുന്ന എസ്.എഫ്.ഐക്ക് രക്തരക്ഷസിന്റെ സ്വഭാവമാണ് ഉള്ളതെന്ന് എ.ഐ.എസ്.എഫിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. എസ്.എഫ്.ഐയുടെ പ്രവർത്തനത്തിൽ ജനാതിപത്യം വാക്കുകളിൽ മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജില്ലയിലെ പല ക്യാംപസുകളിലെയും എസ്.എഫ്.ഐ നേതാക്കൾ എ.ഐ.എസ്.എഫ് നേതാക്കളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. പലയിടത്തും എ.ഐ.എസ്.എഫിന് നോമിനേഷൻ പോലും നൽകാനാകാത്ത അവസ്ഥയാണ്. എന്നിട്ടും ഇവർ വാദിക്കുന്നത് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കുന്നുവെന്നാണെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. എസ്.എഫ്.ഐ അടക്കി വാഴുന്ന പ്രവണത അവസാനിപ്പിച്ചിങ്കിൽ ആർ.എസ്.എസ് ഉൾപ്പടെയുള്ള സംഘടനകളുമായി താരതമ്യം ചെയ്യേണ്ടി വരുമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരൻ പറഞ്ഞു.
പ്രവർത്തന റിപ്പോർട്ടിൽ പറയുന്നതിങ്ങനെ
സമാധാനത്തിന്റെ അടയാളമായ തൂവെള്ള കൊടിയുമായി പ്രവർത്തിക്കുന്ന എസ്.എഫ്.ഐ രക്തരക്ഷസ്സിന്റെ സ്വഭാവവുമായാണ് മുന്നോട്ടു പോകുന്നത്. കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിൽ എ.ഐ.എസ്.എഫിന് എസ്.എഫ്.ഐയുടെ ഭീഷണിയുണ്ടായി. യു.യു.സി പോസ്റ്റിലേക്ക് എ.ഐ.എസ്.എഫ് വിജയിച്ചു. ഇത് അംഗീകരിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കുകയാണ് കോളേജ് അധികൃതർ ചെയ്തത്. ഇത് പരിഹരിക്കാൻ ഒരു സഹായവും നേതൃത്വസംഘടനകളിൽ നിന്ന് കിട്ടിയതുമില്ല.
എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം അഗേഷിനെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി. ഈ ഭീഷണികളോട് ജില്ലയിലെ പാർട്ടി നേതൃത്വം കൈക്കൊണ്ടത് മൃദുസമീപനമാണെന്നും മറ്റ് പലയിടങ്ങളിലും ഇത്തരത്തിൽ പാർട്ടി അംഗങ്ങൾക്ക് ഭീഷണി നേരിടേണ്ടി വരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.