പാട്‌ന: രാജ്യത്ത് വ്യാപകമാകുന്ന ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 49 ചലച്ചിത്ര-സാംസ്‌കാരിക പ്രവർത്തകർക്കെതിരെ പരാതി. ബീഹാറിലാണ് അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ കോടതിയിൽ സുധീർകുമാർ ഓജ എന്നയാൾ ഹർജി നൽകിയത്. രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ മികച്ച പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ് കത്തെന്നും ആരോപിച്ചാണ് ബീഹാറിലെ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
കത്തിൽ ഒപ്പിട്ട 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഇവർ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. 49പേരെ വിമർശിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ച നടി കങ്കണ റണാവത്ത് അടക്കമുള്ള 61പേരെ സാക്ഷികളാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ പ്രമുഖരായ 49 ചലച്ചിത്ര-സാംസ്‌കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. വർദ്ധിച്ചുവരുന്ന ജയ് ശ്രീറാം വിളിച്ചുള്ള അക്രമങ്ങളിൽ അസ്വസ്ഥരാണെന്നും ഉചിത നടപടികള്‍ൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. രാമചന്ദ്ര ഗുഹ, അടൂർ ഗോപാലകൃഷ്ണൻ, മണിരത്‌നം, അപർണാ സെൻ, രേവതി തുടങ്ങിയവർ കത്തില്‍ ഒപ്പിട്ടിരുന്നു. കത്തില്‍ ഒപ്പുവച്ച അടൂര്‍ ഗോപാലകൃഷ്ണന് എതിരെ കേരള ബി.ജെ.പി നേതൃത്വം രംഗത്ത് വന്നിരുന്നു. അടൂരിന്റെ വീടിന് മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും സഹിക്കുന്നില്ലെങ്കിൽ ചന്ദ്രനിലേക്ക് പോകണമെന്നും ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.