ന്യൂഡൽഹി : അതിർത്തി മാറ്റി വരയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്. എല്ലാ കാലത്തും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന സമീപനമാണ് പാകിസ്ഥാന്റേതെന്നും ദേശീയ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മോദി വ്യക്തമാക്കി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു കാലത്തും പ്രകോപനത്തിന്റെ പാത സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ, ചില രാജ്യങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായും മോദി പരഞ്ഞു. കാശ്മീരിന്റെ പേരിൽ ദീർഘകാലമായി പാകിസ്ഥാൻ ഇന്ത്യയെ കബളിപ്പിക്കുകയാണ്. വാജ്പേയ്‌യുടെ സമാധാന ആഹ്വാനം പാകിസ്ഥാൻ നിരസിച്ചിരുന്നു. മനുഷത്വ സംരക്ഷകരായാണ് ലോകം മുഴുവൻ ഇന്ത്യൻ സേന അറിയപ്പെടുന്നത്. സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിനാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പ്രതിരോധ മേഖല സ്വകാര്യ മേഖലക്കായി തുറന്നു കൊടുത്തിട്ടുണ്ട്. എല്ലാ അർത്ഥത്തിലും സർക്കാർ രാജ്യത്തെ സംരക്ഷിക്കും. അതിർത്തി ഗ്രാമങ്ങൾ നവീകരിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കും. രാജ്യം സുരക്ഷിതമാണെങ്കിൽ മാത്രമേ വികസനം സാധ്യമാകുകയുള്ളു. നമ്മുടെ ഭരണഘടന വിഭജനത്തിന്റെതല്ലെന്നും മോദി പറഞ്ഞു.
Remembering the heroes of Kargil. Watch. https://t.co/EVXydyBZYI
— Narendra Modi (@narendramodi) July 27, 2019
കാർഗിൽ യുദ്ധം അച്ചടക്കത്തിന്റെയും ക്ഷമയുടെയും കൂടി വിജയമാണ്. യഥാർത്ഥത്തിൽ സർക്കാരല്ല രാജ്യമാണ് യുദ്ധത്തിൽ പങ്കെടുത്തത്. കാർഗിൽ യുദ്ധ സമയത്ത് താനിവിടെ സന്ദർശിച്ചിരുന്നുവെന്നും ആ യാത്ര ഒരു തീർത്ഥാടനം പോലെയായിരുന്നുവെന്നും മോദി പറഞ്ഞു.രാജ്യത്തെ പിന്തുണച്ചതിന് ജമ്മുകശ്മീരിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദിയറിയിച്ചു.