ന്യൂയോർക്ക്: പ്രീസീസൺ ടൂറിൽ ന്യൂയോർക്കിൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ റയൽ മാഡ്രിഡിന് 3-7ന്റെ കനത്ത തോൽവി. ന്യൂജേഴ്സിയിലെ മെറ്ര് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സംഭവ ബഹുലമായ മാഡ്രിഡ് ഡെർബിയിൽ നാല് ഗോളുമായി കളം നിറഞ്ഞ ഡിയാഗോ കോസ്റ്റയുടെ തകർപ്പൻ പ്രകടനമാണ് അത്‌ലറ്രിക്കോയ്ക്ക് ഗംഭീര ജയമൊരുക്കിയത്. ജാവോ ഫെലിക്സ്, ഏയ്ഞ്ചൽ കൊറേയ, വിട്ടോളോ എന്നിവരും അതലറ്രിക്കോയ്ക്കായി ലക്ഷ്യം കണ്ടു. നാച്ചോ, പെനാൽറ്രിയിലൂടെ കരിം ബെൻസേമ, ജാവിയർ ഹെർണാണ്ടസ് എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്.
മത്സരത്തിന്റെ 65-ാം മിനിറ്റിൽ ലെമറിനെ ഫൗൾ ചെയ്ത ഡാനി കാർവജാലുമായി ഉടക്കിയ കോസ്റ്റ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കാർവജാലിനും ചുവപ്പ് കാർഡ് കിട്ടിയതോടെ പത്ത് പേരുമായാണ് ഇരു ടീമും മത്സരം പൂർത്തിയാക്കിയത്. ഈ ഫൗളിനെച്ചൊല്ലി ഇരുടീമിലെയും താരങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് മത്സരം അല്പനേരം തടസ്സപ്പെട്ടു. ആദ്യ പകുതിയിൽ തന്നെ കോസ്റ്ര ഹാട്രിക്ക് പൂർത്തിയാക്കി. ഇടവേളയ്ക്ക് പിരിയുമ്പോൾ അത്‌ലറ്രിക്കോ 5-0ത്തിന്റെ ലീഡ് നേടിയിരുന്നു. 85-ാം മിനിറ്റുവരെ 7-1 നിലയിലായിരുന്നു സ്കോർ.
കളിയുടെ ആദ്യ മിനിട്ടിൽ തന്നെ കോസ്റ്രയിലൂടെ അത്‌ലറ്റിക്കോ മുന്നിലെത്തി. എട്ടാം മിനിറ്രിൽ ജാവോ ഫെലിക്സും 19-ാം മിനിറ്റിൽ കൊറേയയും ലീഡുയർത്തി. 28-ാം മിനിറ്റിൽ കോസ്റ്റ തന്റെ രണ്ടാമത്തെയും അത്‌ലറ്രിക്കോയുടെ നാലമത്തേയും ഗോൾ നേടി. ഇടവേളയ്ക്ക് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്രി ഗോളാക്കി കോസ്റ്ര ഹാട്രിക്ക് തികച്ചു. അത്‌ലറ്രിക്കോയുടെ അക്കൗണ്ടിലെ അഞ്ചാമത്തെ ഗോൾ.
ഇടവേളയ്ക്ക ശേഷം രണ്ടാം പകുതിയിൽ 51-ാം മിനിട്ടിലും കോസ്റ്റ വല കുലുക്കി.
59-ാം മിനിട്ടിൽ നാച്ചോയിലൂടെയാണ് റയൽ ആദ്യ ഗോൾ നേടുന്നത്.85-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ കരിം ബെൻസേമയും 89-ാം മിനിട്ടിൽ ജാവിയ ഹെർണാണ്ടസും റയലിനായി ഗോൾ നേടി.
4 ഗോളുകൾ നേടിയ ഡിയാഗോ കോസ്റ്രയാണ് റയലിനെതിരെ അത്‌ലറ്രിക്കോയുടെ വിജയ ശില്പിയായത്.
1,28, 45, 51 മിനിട്ടുകളിലായിരുന്നു കോസ്റ്റയുടെ ഗോളുകൾ,
65-ാം മിനിട്ടിൽ ചുവപ്പ്കാർഡ് കണ്ട് കോസ്റ്ര പുറത്തായി.
യൂറോപ്പിന് പുറത്ത് ആദ്യമായാണ് ഇരു ടീമും ഏറ്രുമുട്ടുന്നത്.
ഇനിയേസ്റ്റയുടെ കോബെയെ വീഴ്ത്തി ബാഴ്സലോണ
കോബെ (ജപ്പാൻ): പ്രീസീസൺ ടൂറിൽ ജാപ്പനീസ് ക്ലബ് വിസ്സെൽ കോബെയ്ക്കെതിരെ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. മുൻ ബാഴ്സലോണ താരങ്ങളായ ആന്ദ്രേ ഇനിയേസ്റ്ര, ഡേവിഡ് വിയ്യ എന്നിവരണിനിരന്ന കോബെയ്ക്കെതിരെ യുവതാരം കാർലെസ് പെരസ് നേടിയ ഇരട്ടഗോളുകളാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. രണ്ടാം പകുതിയിൽ 59, 86 മിനിട്ടുകളിലായിരുന്നു പെരസിന്റെ ഗോളുകൾ പിറന്നത്. അത്‌ലറ്രിക്കോയിൽ നിന്നെത്തിയ അന്റോയിൻ ഗ്രീസ്മാൻ ബാഴ്സയ്ക്കായി കളത്തിലിറങ്ങി.
മാഞ്ചസ്റ്റർ സിറ്രിക്ക് ജയം
യോക്കോഹാമ: പ്രീസീസൺ ടൂറിൽ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്രി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യോക്കോഹാമ മാരിനോസനെ കീഴടക്കി. കെവിൻ ഡി ബ്രൂയിനെ, റഹിം സ്റ്രെർലിംഗ്, ലൂക്കാസ് നമെച്ച എന്നിവരാണ് സിറ്രിക്കായി സ്കോർ ചെയ്തത്. കെയ്ത എൻഡോയാണ് യോക്കോഹാമയുടെ സ്കോറർ. ടോക്കിയോയിലെ നിസാൻ സ്റ്രേഡിയത്തിൽ 65000ത്തോളം കാണികൾക്ക് മുന്നിൽ 18-ാം മിനിറ്രിൽ ഡി ബ്രൂയിനെയുടെ പവർഷോട്ടിലൂടെ 18-ാം മിനിറ്രിലാണ് സിറ്രി ലീഡ് നേടിയത്.