പച്ചക്കട്ടയിൽ പണി തീർത്ത വീടിന്റെ ചുമരിൽ നിറയെ പുരസ്കാരങ്ങളാണ്, ഒക്കെയും അതിജീവനത്തിന്റെ അംഗീകാരങ്ങൾ. കുംഭാമ്മ എന്ന സ്ത്രീയെ കുറിച്ച് കൂടുതലറിയുമ്പോൾ ജീവിതം തന്നെ ഒരു വിസ്മയമായി തോന്നിയേക്കാം. പക്ഷേ, ഇരു കൈയും നിലത്ത് കുത്തി ശരീരം ചലിപ്പിച്ച് ഇഴഞ്ഞ് നീങ്ങുന്ന അവരെ നേരിൽ കാണുമ്പോൾ ഉള്ളൊന്ന് പിടയും. ആ ശരീരവും വച്ചാണ് പറമ്പിൽ എല്ല് മുറിയെ വേല ചെയ്ത് അഭിമാനത്തോടെ ഉപജീവനം നടത്തുന്നത് എന്നു കൂടി കേൾക്കുമ്പോൾ അവരെയൊന്ന് നെഞ്ചോട് ചേർക്കാൻ തോന്നും. പക്ഷേ കാരിരുമ്പിന്റെ കരുത്താണിന്ന് കുംഭാമ്മയുടെ മനസിന്. അത് അങ്ങനെയൊന്നും പതറില്ല. ലോകത്തെ നോക്കി ചിരിക്കാനാണ് അവർക്കെപ്പോഴുമിഷ്ടം. വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ മംഗലശേരി മലയടിവാരത്തെ കുറിച്യത്തറവാട്ടിലെ ഈ കാരണവത്തിക്ക് പ്രായം അറുപത്തിയെട്ട്. പക്ഷേ, മനസിന് എന്തു വെല്ലുവിളികളെയും ചങ്കുറപ്പോടെ ഏറ്റെടുക്കുന്നതിനുള്ള ചെറുപ്പമുണ്ട്.
അന്നത്തെ അടി മറക്കില്ല
കുംഭാമ്മയുടെ ജീവിതം മാറുന്നത് അവർക്ക് മൂന്നു വയസുള്ളപ്പോഴാണ്. ചെയ്യാത്ത തെറ്റിന് കിട്ടിയ ശിക്ഷ. ഒരു പക്ഷേ അങ്ങനെയൊരു സംഭവം നടന്നിരുന്നില്ലെങ്കിൽ ഇന്ന് കുംഭാമ്മ മറ്റേതൊരാളെയും പോലെ എഴുന്നേറ്റ് നടക്കുമായിരുന്നു. ഒരു ചക്കചുളയ്ക്ക് വേണ്ടിയുള്ള കരച്ചിലിൽ നിന്നാണ് അവരുടെ ജീവിതം വഴി മാറിയൊഴുകുന്നത്. ആ കഥയിങ്ങനെ: പട്ടിണിയും ദാരിദ്ര്യവും കൊടി കുത്തി വാണ കാലം. മക്കളെ വളർത്താൻ അച്ഛൻ ചന്തു ഏറെ കഷ്ടപ്പെട്ടിരുന്നു. അന്നത്തെ കഞ്ഞിക്കുള്ള കൂലിപ്പണി പോലും ലഭിക്കാത്ത കാലം. കുട്ടികൾ പലപ്പോഴും പട്ടിണിയായിരുന്നു. ഒരു ദിവസം ഏട്ടൻ കേളു സ്കൂളിലേക്ക് പോകാൻ തുടങ്ങുമ്പോൾ അമ്മ ചക്കപ്പുഴുക്ക് കൊടുത്തു.
കേളു അത് കഴിക്കുന്നതിനിടയിൽ ഇളയ കുഞ്ഞായ കുംഭ ഒരു ചക്ക ചുളയെങ്കിലും താ എന്നു പറഞ്ഞ് കരയാൻ തുടങ്ങി. ഒരു ചുളയെങ്കിലും അവൾക്ക് കൊടുക്കാൻ അച്ഛൻ ആവുന്നതും പറഞ്ഞെങ്കിലും കേളു അത് കേട്ടില്ല. ആ സമയത്തെ ദേഷ്യത്തിൽ കൈയിൽ കിട്ടിയ ഒരു വടിയെടുത്ത് കേളുവിന് ചന്തു ഒരടി കൊടുത്തു. പക്ഷേ അടി കൊണ്ടത് കേളുവിനായിരുന്നില്ല, കുംഭയ്ക്കായിരുന്നു. ഏതോ ഒരു ഞരമ്പിനേറ്റ ഗുരുതരമായ ക്ഷതം കാരണം കുംഭ പിന്നെ എഴുന്നേറ്റില്ല. പച്ചമരുന്ന് ഉൾപ്പെടെ പല ചികിത്സകളും നടത്തി. ഒരു രക്ഷയുമില്ല. എട്ട് വയസുവരെ ഒരേ കിടപ്പിൽ. അച്ഛന്റെ അമ്മ തേയിയായിരുന്നു കുംഭയെ പരിചരിച്ചിരുന്നത്. ഒപ്പം പച്ച മരുന്ന് ചികിത്സയും നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ അരയ്ക്ക് താഴെ ചെറിയൊരു ചലനമുണ്ടായി. അതായിരുന്നു കുംഭയുടെ ജീവിതത്തിൽ സംഭവിച്ച ഒരേയൊരു അത്ഭുതം. പിന്നീട് ഇരു കൈയും നിലത്ത് കുത്തി നിരങ്ങി നീങ്ങാൻ തുടങ്ങി. എന്നിട്ടും വിധിയെ ശപിച്ചില്ല അവർ.
ചാണകം മേഞ്ഞ വീടിന്റെ കോലായിൽ ഇരുന്ന് ചലനശേഷിയില്ലാത്ത കാലുകളുടെ പാദങ്ങൾ കുംഭാമ്മ വെറുതെയൊന്ന് നോക്കി. ഇരു പാദവും നിലത്തിട്ട് വലിഞ്ഞതിന്റെ കറുത്ത തഴമ്പ്. ''ഇങ്ങനെയൊക്കെ അനുഭവിക്കണമായിരിക്കും. അനുഭവിക്കുക തന്നെ. എങ്കിലും ഞാൻ പതറിയില്ല. എല്ലാം നേരിട്ടു. എനിക്കിനിയും ജീവിതമുണ്ട്. മരണം അടുത്തൊന്നും വരില്ല. മകന്റെ കല്യാണം കൂടി കാണണം. അവന് ഇപ്പോൾ മുപ്പത് കഴിഞ്ഞു. അതുവരെ കൈകകളും നിലത്ത് കുത്തി ഇങ്ങനെ ഇഴഞ്ഞ് ഇഴഞ്ഞ് ജീവിക്കും. "" കുംഭാമ്മയുടെ വാക്കുകളിൽ ദൃഢനിശ്ചയത്തിന്റെ ഉറപ്പ്.
തളരാനാണെങ്കിൽ കാരണങ്ങളേറെ
കുംഭാമ്മയുടെ ഈ കഷ്ടപ്പാടുകളെല്ലാം കണ്ട് അവർക്കൊരു ജീവിതം നൽകാൻ മുറച്ചെറുക്കനായ കുങ്കനെത്തി. കൂലിപ്പണിയെടുത്ത് കുങ്കൻ അവരെ പൊന്നു പോലെ നോക്കിയെങ്കിലും വിധി വീണ്ടും വില്ലനായി. മകന് അഞ്ചുവയസുള്ളപ്പോൾ കുങ്കന്റെ ഹൃദയവാൽവിന് തകരാറ് കണ്ടെത്തി. പല ചികിത്സയും ചെയ്തു. വയ്യാതെ കൈകളും നിലത്ത് കുത്തി ആഞ്ഞിഴഞ്ഞ് കുംഭാമ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ വരെ കൂട്ടിരിക്കാനെത്തി.
കുങ്കന്റെ ചികിത്സ തുടരുമ്പോഴാണ് കുംഭാമ്മയുടെ വലത് സ്തനത്തിന് വേദന അനുഭവപ്പെട്ടത്. അടുത്ത ബന്ധുവിനെയും കൂട്ടി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തി. പരിശോധന പലതും നടത്തി. ഭർത്താവ് കോഴിക്കോട് മെഡിക്കൽ കോളേജിലും കുംഭാമ്മ മാനന്തവാടി ജില്ലാ ആശുപത്രിയിലും. ഒടുവിൽ അറിഞ്ഞു, കാൻസറാണെന്ന്. കുംഭാമ്മ തളർന്നില്ല. ഇൗ വിവരം ഭർത്താവിനോട് പോലും പറഞ്ഞില്ല. മകനെ കോഴിക്കോട് വീട്ടുജോലിക്ക് നിറുത്തിയായിരുന്നു ചികിത്സയ്ക്കുള്ള വഴി കണ്ടെത്തിയത്. അതിനിടെ കുങ്കൻ മരണപ്പെട്ടു. ഭർത്താവ് മരിച്ച് കൃത്യം നാൽപ്പത്തിയൊന്നാം ദിവസം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. വീട്ടിൽ ആരും സഹായിക്കാനില്ല. വിധി എന്നിട്ടും വെറുതെ വിട്ടില്ല. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വീണ്ടും കാൻസർ വന്നപ്പോൾ അതപ്പാടെ എടുത്തു മാറ്റി. വീട്ടിലെത്തിയ കുംഭാമ്മ ഒറ്റയ്ക്ക് തന്നെ എല്ലാം നോക്കി. വേദന കൊണ്ട് പുളയുമ്പോൾ ഉപ്പ് വെള്ളം കൊണ്ട് തടവും, മരുന്ന് പുരട്ടും. ആരോടും പരാതി പറഞ്ഞില്ല. ഒരൊറ്റ വർഷം മൂന്ന് മരണങ്ങളാണ് കുംഭാമ്മയ്ക്ക് കാണേണ്ടി വന്നത്. അച്ഛനും അമ്മയും ഭർത്താവും വിട പറഞ്ഞു. എങ്കിലും കുംഭാമ്മ എവിടെയും പതറിയില്ല, തളർന്നില്ല.
ഞാറ് പറിച്ചും വിറക് ചുമന്നും
മകൻ രാജുവിനെ കുറിച്ചോർക്കുമ്പോൾ മാത്രം കരളൊന്നു പിടയും. ഒരു നിഴൽ പോലെ അവൻ കൂടെയുണ്ട്. ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ പഴയ ഒാടിട്ട വീട് സുരക്ഷിതമല്ല. ഒരു വീട് പണിയാൻ മാത്രം അവന്റെ കൈയിൽ കാശുമില്ല. മരുമക്കത്തായ സമ്പ്രദായമായത് കൊണ്ട് ഭൂമി പോലും സ്വന്തമല്ല. രണ്ടരയേക്കറോളം ഭൂമിയുണ്ട്. കൈകളും നിലത്ത് ഉൗന്നി ഇഴഞ്ഞ് കൊണ്ട് പറമ്പിൽ കുംഭാമ്മ വേല ചെയ്യും. ചെങ്കുത്തായ തോട്ടത്തിൽ എല്ലു മുറിയെ വേല ചെയ്യുന്നത്, കാണുന്നവർക്കെല്ലാം അത്ഭുതമാണ്. ഇവർക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നേയുള്ളു. ഞാറ് നടീൽ.
വയലിൽ ഇരുന്ന് കൊണ്ട് ശരീരം പിറകിലോട്ട് ചലിപ്പിക്കാൻ കുംഭാമ്മക്ക് ശേഷിയില്ല. എന്നാൽ ഞാറ് പറിക്കാൻ ബുദ്ധിമുട്ടില്ല. തലയിൽ വിറക് ചുമന്ന് ചെങ്കുത്തായ തോട്ടത്തിലൂടെ വീട്ടിലേക്ക് നിരങ്ങി വരുന്നതിനും വിഷമമില്ല. വീട്ടിലെ എന്ത് ജോലിയും കുംഭാമ്മ ചെയ്യും. മകൻ കൂലിപ്പണിക്ക് പോയി തിരിച്ച് വരുമ്പോഴേക്കും ഭക്ഷണം പാകം ചെയ്ത് വെക്കും. എല്ലാം കൈകൾ കുത്തി നിരങ്ങിയാണെന്ന് മാത്രം. പാടത്തും പറമ്പത്തും കൃഷിയുടെ വീരഗാഥകൾ തന്നെ രചിച്ചു. കുറെ പശുക്കളും ആടും ഒക്കെ ഇവിടെ ഉണ്ടായിരുന്നു. അവയെയും കുംഭാമ്മ അല്ലലും അലട്ടലും ഇല്ലാതെ തന്നെ പരിപാലിച്ചു. ഇപ്പോൾ കുറെ കോഴികൾ ഉണ്ട്. വലിയൊരു മുളവടി വീടിന്റെ ഉമ്മറത്ത് വച്ചിട്ടുണ്ട്. ആ വടി കൊണ്ടാണ് വീട്ടിറയത്തിരുന്ന് കോഴികളെ നോക്കുന്നത്.
മമ്മൂട്ടിയുടെ സ്നേഹത്തലോടൽ
ബാണാസുരൻ മലയുടെ അടിവാരത്തെ മംഗലശേരിക്കുന്നിൽ ചെരുവിൽ ഇവർ ജീവിതപരീക്ഷണങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ മത്സരിക്കുകയാണിപ്പോഴും. ഇരുകൈയും കുത്തി നിരങ്ങിയാണെങ്കിലും ഇൗ മണ്ണിൽ ഇനിയും ജീവിക്കണമെന്നാണ് കുംഭാമ്മയുടെ ആഗ്രഹം. ഇനിയെന്ത് പ്രതിസന്ധികൾ ജീവിതത്തിലുണ്ടായാലും അതെല്ലാം സ്വീകരിക്കാൻ ഇവർ തയ്യാറാണ്. പരിസരം കാടും മേടുമായി കിടന്ന ഒരു കാലത്ത് മലയിറങ്ങി വരുന്ന വന്യമൃഗങ്ങൾ കുംഭാമ്മയുടെ ജീവിതത്തിന് ഭീഷണിയാകുമോയെന്ന് പോലും ഭയപ്പെട്ടു. പക്ഷേ അവയൊന്നും കുംഭാമ്മയെ ഉപദ്രവിച്ചില്ല.
ഇന്ന് അയൽപക്കത്ത് കുറച്ചൊക്കെ ആളനക്കമുണ്ട്. രണ്ട് ആങ്ങളമാരുടെ വീടുകൾ ഒരു വിളിപ്പാടകലെയായിട്ടുണ്ട്. അടുത്തിടെ നടൻ മമ്മൂട്ടിയുടെ വകയായുള്ള ഒരു ആദരവ് ഏറ്റുവാങ്ങാൻ ചുരം ഇറങ്ങി. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായിരുന്നു കുംഭാമ്മയ്ക്കത്. അദ്ദേഹത്തെ കൺകുളിർക്കെ കണ്ടു. ആ മഹാനടൻ സ്നേഹത്തോടെ ചേർത്തുനിറുത്തിയതിന്റെ സന്തോഷമുണ്ട് ഓരോ നിമിഷവും. ആദ്യമായിട്ടായിരുന്നു ഒരു സിനിമാതാരത്തെ നേരിൽ കാണുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു അതെന്ന് കുംഭാമ്മ ഓർത്തെടുത്തു. കുറേസമയം അവർക്കൊപ്പം ചെലവഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്.
കുംഭാമ്മയുടെ വീട് ഇടിഞ്ഞുവീഴാറായെങ്കിലും പച്ചക്കട്ടച്ചുമരിൽ ചാണകം കൊണ്ട് തീർത്ത കലാവിരുതിന് ഇപ്പോഴും നൂറഴകാണ്. നിലത്തിരുന്ന് കൊണ്ട് തന്നെ കൈയെത്തും ദൂരത്തുവരെ ചുമരിൽ ആ വിസ്മയം കാണാം. അതു പോലെ ചാണകം മെഴുകിയ നിലവും അതിമനോഹരം. കുംഭാമ്മയ്ക്ക് വയസായത് കൊണ്ട് പഴയത് പോലെ തണുപ്പുള്ള നിലത്ത് ഇഴഞ്ഞ് പോകാൻ വയ്യ. അതുകൊണ്ട് ചാണകം മെഴുകിയ നിലത്ത് ഡിസൈൻ റെക്സിൻ വിരിച്ചിട്ടുണ്ട്. ഇടയ്ക്ക് വിഷമം വരുമ്പോഴെല്ലാം ചുവരിൽ തൂക്കിയിരിക്കുന്ന പുരസ്കാരങ്ങളിലേക്ക് നോക്കും. മുന്നോട്ടുള്ള ജീവിതത്തിന് കരുത്ത് പകരാൻ അവയ്ക്കാകുമെന്ന് മറ്റാരെക്കാളും നന്നായി കുംഭാമ്മയ്ക്ക് അറിയാം. അല്ലെങ്കിലും കനൽവഴികളെല്ലാം എന്നോ താണ്ടി കഴിഞ്ഞതല്ലേയെന്ന് ഓർത്താകാം ആ കണ്ണുകൾ ഇടയ്ക്കൊന്ന് നിറഞ്ഞൊഴുകി. പെട്ടെന്ന് തന്നെ ആ മുഖത്തൊരു ചിരിയും വിടർന്നു. കുംഭാമ്മയ്ക്ക് ഇപ്പോഴും ജീവിതം മടുത്തിട്ടില്ല, ഇനി മടുക്കുകയുമില്ല.
(ലേഖകന്റെ ഫോൺ നമ്പർ: 9447204774)