നിക്ക് പ്രശസ്തിയും സമ്മാനങ്ങളും ഒപ്പം ഒത്തിരി സുഹൃത്തുക്കളെയും നേടിത്തന്ന കാപ്പാട് കടപ്പുറത്തു നിന്നും പകർത്തിയ 'കൈവിളക്ക്"എന്ന ചിത്രത്തെക്കുറിച്ച് മുമ്പ് പറഞ്ഞിരുന്നല്ലോ. എൺപതുകളുടെ ആദ്യം അവിടെ എത്തുമ്പോൾ ഫിലിം കാമറയായിരുന്നു കൈയിൽ. എന്നാൽ വർഷങ്ങൾക്കുശേഷം 2017-ൽ ഒരുവട്ടം കൂടി ആ കടപ്പുറത്ത് എത്തുമ്പോൾ കാലത്തിനൊപ്പം സാങ്കേതിക വിദ്യയും മാറിയിരിക്കുന്നു. അതിന്റെ തുടർച്ചയെന്നോണം ഞാനും ഡിജിറ്റൽ കാമറയുമായാണ് എത്തിയത്. പഴയ സുഹൃത്തുക്കളൊക്കെ കേട്ടറിഞ്ഞ് എത്തി.
അവർ കണ്ടുമടുത്ത കടപ്പുറ കാഴ്ചകളായതിനാൽ ഇഷ്ടമുള്ള സീനുകൾ എടുക്കാൻ അവരെന്നെ സ്വതന്ത്രമായി വിട്ടു. വാസ്കോഡഗാമയെപ്പോലെ അല്ലെങ്കിലും ആദ്യം വന്നപ്പോൾ അടിച്ചുകൊണ്ടുപോയ ചിത്രം ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചത്. പക്ഷേ ചക്കവീണപ്പോൾ ഒരു മുയൽ ചത്തതുപോലെ എപ്പോഴും സംഭവിക്കണമെന്നില്ല എന്നും അറിയാം. എങ്കിലും എന്തെങ്കിലും കിട്ടിയാലായി എന്ന മട്ടിൽ ബീച്ചിലൂടെ നടന്നു. പലതും പകർത്തി. നേരം വൈകിത്തുടങ്ങിയിരുന്നു. മുമ്പ് എടുത്ത അവിടുത്തെ അസ്തമയം പഴങ്കഥയാണെങ്കിലും ഇന്നും പലരുടേയും മനസിൽ അത് പച്ചപിടിച്ചു കിടക്കുന്നു. കുറച്ചു നടന്നപ്പോൾ കടലിലേക്ക് തള്ളിനിൽക്കുന്ന പാറക്കെട്ടുകൾക്കടുത്ത് ഇലപൊഴിച്ച ചില്ലകളുമായി ഒരു മരം നിൽക്കുന്നതു കണ്ടു. സൂര്യൻ ശിഖരങ്ങളുടെ പിന്നിലായി കിട്ടാൻ വീണ്ടും കുറെ ദൂരം മുന്നോട്ടുപോയി അപ്പോഴാണ് രണ്ട് പരുന്തുകൾ ഏതാണ്ട് അടുത്തടുത്തായി ഒരു ചില്ലയിൽ മുഖത്തോടു മുഖമായി ഇരിക്കുന്നത് കണ്ടത്. പിന്നെ ഒട്ടും താമസിച്ചില്ല, അവ രണ്ടും സൂര്യന്റെ ബാക്ക് ഗ്രൗണ്ടിൽ കിട്ടത്തക്ക രീതിയിൽ ക്ലിക്ക് ചെയ്തു. മോണിറ്ററിൽ നോക്കിയപ്പോൾ തന്നെ ഒരു ക്ലാസിക്ക് ചിത്രമാണെന്ന് മനസ് മന്ത്രിച്ചു. വേഗം ഒന്നു കൂടി ക്ലിക്ക് ചെയ്തു. അപ്പോഴേക്ക് മറ്റൊരു പക്ഷി പറന്നു പോകുന്ന ചിത്രം കൂടി ആ ഫ്രെയിമിൽ കിട്ടി. ആ സമയത്തിനുള്ളിൽ ശിഖരത്തിലിരുന്ന ഒരെണ്ണം പറന്നുപോകുകയും ചെയ്തു. അതോടെ ഇനി എടുത്തിട്ടു കാര്യമില്ലെന്ന് തോന്നി. പ്രകാശവും നന്നേ കുറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അവിടെ നിന്നും തിരിച്ച് പോന്നു.
കോഴിക്കോട്ടു നിന്നും തിരിച്ചെത്തി അടുത്ത ദിവസം സ്റ്റുഡിയോയിലെത്തി ചിത്രം കണ്ടപ്പോൾ വീണ്ടും കാപ്പാട് മറ്റൊരു നല്ല ചിത്രം കൂടി സമ്മാനിച്ചു എന്ന് മനസിലായി. ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്ത, ഒരു പക്ഷേ വീണ്ടും എടുക്കാൻ കഴിയാത്ത ഒരു നല്ല ഫോട്ടോയായിരുന്നു അത്. രണ്ട് പക്ഷികളേയും അസ്തമയ സൂര്യന്റെ വൃത്തത്തിനുള്ളിൽ കിട്ടിയത് ഭാഗ്യമെന്നു വേണം കരുതാൻ. അന്നുതന്നെ ആദ്യമെടുത്ത ചിത്രം ഞാൻ ഗട്ടി ഇമേജസിലേക്കു അയച്ചു. അവരുടെ സൈറ്റിൽ അടുത്തദിവസം തന്നെ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.