സംഭവം നടക്കുന്നത് എട്ടുവർഷം മുമ്പാണ്. ആദ്യത്തെ ഇരുന്നൂറിനകത്ത് എൻട്രൻസിന് റാങ്കു കിട്ടി മകൻ നഗരത്തിലെ മികച്ച സർക്കാർ എൻജിനിയറിംഗ് കോളേജിൽ ചേർന്നപ്പോൾ എല്ലാ അച്ഛനമ്മമാരേയും പോലെ അവരും വളരെയധികം സന്തോഷിച്ചു. ഒന്നാം വർഷം കഴിഞ്ഞു. മകൻ പഠിത്തത്തിൽ തെറ്റില്ലാതെ പോകുന്നുണ്ട്. രണ്ടാംവർഷവും കഴിഞ്ഞു, മൂന്നാം വർഷമായപ്പോഴാണ് ജീവിതത്തിന്റെ താളം തെറ്റിച്ച സംഭവമുണ്ടാകുന്നത്. കോളേജിലെ ഫീസിനും മറ്റുമുള്ള തുക അച്ഛൻ ബാങ്കിലിടും. സമയമാകുമ്പോൾ ബാങ്കിൽ നിന്നും പണമെടുത്ത് മകൻ തന്നെ അടച്ചുകൊള്ളും.
മാസാമാസം പാസ് ബുക്ക് അച്ഛൻ നോക്കും. ടീനേജ് പ്രായക്കാരന് കൂട്ടുകാരോടൊത്ത് ഒരു കോഫിഹൗസിലോ ബേക്കറിയിലോ കയറുമ്പോൾ പൈസയുടെ ആവശ്യമുണ്ടെന്ന വിവരം ഉദ്യോഗസ്ഥനായ അച്ഛന്റെ നിഘണ്ടുവിലില്ലായിരുന്നു. എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന ഭാര്യയുടെ ശമ്പളം സാലറി സ്ലിപ്പ് സഹിതം വീട്ടുകാര്യങ്ങളെല്ലാം നോക്കുന്ന ഭർത്താവിനെ ഏൽപ്പിക്കും. അങ്ങനെ അമ്മയും സഹായിക്കാൻ ഇല്ലെന്നായപ്പോഴാണ് സ്വയംതൊഴിൽ കണ്ടെത്തി പൈസ ഉണ്ടാക്കാൻ മിടുക്കനായ മകൻ തുനിഞ്ഞിറങ്ങിയത്.
ജോണിയും അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ അരവിന്ദും അരുൺ കമ്മത്തിനെ പരിചയപ്പെട്ടത് നഗരത്തിലെ കോഫീഷോപ്പിൽ വെച്ചായിരുന്നു. അറിയപ്പെടുന്ന പൊതുമേഖലാ ധനകാര്യസ്ഥാപനത്തിലെ മാനേജരായിരുന്ന അച്ഛനെ പരിചയപ്പെടുത്തി അരുൺകമ്മത്ത് കൂട്ടുകാരുടെ വിശ്വാസം എളുപ്പം പിടിച്ചെടുത്തു. മൂന്നുനാലു ദിവസത്തെ പരിചയത്തിനിടെ കമ്മത്ത് അവരുടെ ഇടയിൽ നല്ലൊരു ഇമേജ് ഉണ്ടാക്കിയെടുത്തു.
സ്റ്റോക്ക് മാർക്കറ്റിൽ നീന്തിതുടിച്ച് പൈസയുണ്ടാക്കുന്ന അരുൺ കമ്മത്തിന്റെ വീരശൂര പരാക്രമങ്ങൾ കേൾക്കാൻ ഓഫീസ് വിട്ടുവന്ന് വൈകുന്നേരത്തെ അടുക്കളയുദ്ധത്തിനിടയിലും അമ്മ ജോയ്സി അൽപ്പം സമയം കണ്ടെത്തി. കൂടാതെ മകന്റെ വാക്കുകളും ആ അമ്മ വിശ്വസിച്ചു. ''അമ്മേ പൈസ ഉണ്ടാക്കണമെങ്കിൽ എൻജിനീയറൊന്നും ആകേണ്ട. അരുൺകമ്മത്തിനെ കണ്ടു പഠിക്ക് അവന് ഡിഗ്രിപോലുമില്ല.""
മകൻ പറയുന്നതിലും കാര്യമുണ്ടെന്ന് ജോയ്സിക്കും തോന്നി. എത്രവർഷം ഗുമസ്തപ്പണി ചെയ്യുമ്പോഴാണ് സർവീസിൽ നിന്നും പിരിഞ്ഞു പോരുമ്പോൾ കുറച്ചു തുക കിട്ടുന്നത്. അതും കൊണ്ട് പുറത്തിറങ്ങിയാൽ ബാങ്കിൽ നിന്നും ലോണെടുത്ത് വീടുവെച്ച കടം വീട്ടിക്കഴിയുമ്പോൾ പിന്നെ ഒന്നും മിച്ചമില്ല. അതിനുള്ള മാർഗവും കമ്മത്ത് തന്നെ പറഞ്ഞു കൊടുത്തു. അടുത്തസുഹൃത്തുക്കൾ പൈസ ഉള്ളവർ കാണുമല്ലോ.
അമ്മയോടു പറയാതെ തന്നെ അമ്മയുടെ അടുത്തസുഹൃത്തുക്കളിൽ നിന്നും സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഇറക്കി പെരുപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് മകൻ ബിസിനസ് തുടങ്ങി. കമ്മത്ത് കമ്മീഷൻ കൊടുക്കാമെന്ന് ഏറ്റു. ഒരുമാസം പിന്നിട്ടു. വളരെ സന്തോഷത്തിൽ വന്ന മകൻ ബിസിനസിൽ കിട്ടിയ കമ്മീഷൻ അമ്മയെ കാട്ടി.
ഇതിനിടയിൽ ഒരു ദിവസം അരുൺ കമ്മത്തിനെ കൂട്ടിക്കൊണ്ടു വന്ന് ജോണി അമ്മയെ പരിചയപ്പെടുത്തി. അവന്റെ വലയിൽ അവരും വീണു. ഷെയർ മാർക്കറ്റിൽ പൈസയിറക്കി പെരുപ്പിച്ചെടുക്കാൻ ഭർത്താവിനേയും നിർബന്ധിച്ചു. ആദ്യത്തെ രണ്ടുമാസം ഇട്ട പൈസക്ക് ഷെയർ വാല്യൂ കൂടി എന്നും മറ്റും പറഞ്ഞ് കമ്മത്ത് കുറച്ചു രൂപ ആനുപാതികമായി നൽകി. പക്ഷേ മൂന്നാം മാസം മുതൽ നഷ്ടത്തിലായ ഷെയറുകളുടെ കണക്കാണ് കമ്മത്ത് കൂട്ടുകാർക്ക് നൽകിയത്.
സർക്കാർ ഉദ്യോഗസ്ഥയായ അരവിന്ദിന്റെ അമ്മയ്ക്കാണ് ആദ്യം സംശയം തോന്നിയത്. അവർ ജോയ്സിക്കും സൂചന നൽകി. അന്ന് ജോണി കോളേജ് വിട്ട് വീട്ടിലെത്തിയില്ല. ജോയ്സി വിളിച്ചപ്പോൾ കടപ്പുറത്ത് ആണെന്നും ഇനി വീട്ടിലേക്കില്ലെന്നും മറ്റും പറഞ്ഞുള്ള കരച്ചിലാണ്. ഉള്ളിൽ തേങ്ങലുണ്ടെങ്കിലും വളരെ തന്ത്രപൂർവമാണ് ജോയ്സി നീങ്ങിയത്. കോളേജിലെ കൂട്ടുകാരുടെ ഉൾപ്പടെ പലരുടെ കൈയിൽ നിന്നും പത്തു ലക്ഷത്തോളം രൂപ ജോണി വാങ്ങി ഷെയറിലിട്ട് പെരുപ്പിച്ചു കിട്ടാനായി കമ്മത്തിനെ ഏൽപ്പിച്ചെന്നും വാങ്ങിയ ഷെയറെല്ലാം നഷ്ടത്തിലായതിനാൽ പൈസ തരാനില്ലെന്നും കമ്മത്ത് പറഞ്ഞതറിഞ്ഞ് അവർ ഞെട്ടി. പതിനൊന്നു ലക്ഷമെങ്കിലും ഉണ്ടെങ്കിൽ തത്ക്കാലം രക്ഷപ്പെടാമെന്ന അവന്റെ വാക്കുകൾ ഒന്നുകൂടി വേദനിപ്പിച്ചെങ്കിലും അവർ പെട്ടെന്ന് അതിനുള്ള പരിഹാരവും കണ്ടെത്തി.
നാട്ടിലെ പുരയിടത്തിന് 15 ലക്ഷത്തിന് ആളുവന്നിരിക്കുന്നുവെന്നും പതിനൊന്നു ലക്ഷം കഴിഞ്ഞ് ബാക്കി നാലുലക്ഷം ചേച്ചിക്കു കൊടുത്താൽ മതി, വേഗം വീട്ടിലോട്ട് വരാനും പറഞ്ഞു. ഒടുവിൽ ജോണിന്റെയും അരവിന്ദിന്റെയും വീട്ടുകാർ ഒരുമിച്ച് അരുൺ കമ്മത്തിന്റെ അച്ഛനോട് സംസാരിക്കാൻ തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് പഠിത്തം നിർത്തിയ മകൻ ഇത്രയും വലിയ തട്ടിപ്പു നടത്താൻ പ്രാപ്തനായ വിവരം ആ അച്ഛനും അറിഞ്ഞിരുന്നില്ല. പക്ഷേ അദ്ദേഹം തുക എങ്ങനേയും തിരികെ നൽകാമെന്ന് വാക്കുപറഞ്ഞ് രണ്ടുപേരേയും യാത്രയാക്കി. കാര്യം അറിഞ്ഞ് പൈസ ഇറക്കിയ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇരുവീടുകളിലും കയറിയിറങ്ങി. അവരെയെല്ലാം പൈസ എത്രയും പെട്ടെന്ന് തിരിച്ചുതരാമെന്ന ഉറപ്പിൽ ജോണിന്റെയും അരവിന്ദിന്റെയും വീട്ടുകാർ മടക്കി വിടുകയായിരുന്നു. ഏതായാലും പറഞ്ഞ ദിവസം തന്നെ കമ്മത്തിന്റെ അച്ഛൻ കുറച്ച് തുക അവരെ ഏൽപ്പിച്ചു.
ചെറിയ പ്രായത്തിൽ സംഭവിച്ച തെറ്റ് അരവിന്ദിനെയും ജോണിനെയും കൂടുതൽ കരുത്തന്മാരാക്കി. ഇന്ന് മികച്ച ജോലിയുമായി വിദേശത്താണ് അരവിന്ദ്. നാട്ടിൽ സ്റ്റാർട്ടപ്പ് കമ്പനി നടത്തുകയാണ് ജോണി. ഇരുവരും പിന്നീട് ജീവിതത്തിലെ ഓരോ ചുവടും വളരെ ശ്രദ്ധയോടെയേ മുന്നോട്ടു നീങ്ങിയിട്ടുള്ളൂ.
വഴി തെറ്റുന്ന യുവതലമുറ അറിയേണ്ടതാണ് ജോണിനും അരവിന്ദിനും പറ്റിയ അമളി. മക്കളുടെ ജീവിതം ശരിയായ വഴിയിലൂടെയാണോ മുന്നോട്ട് പോകുന്നതെന്ന് രക്ഷിതാക്കളും ശ്രദ്ധിക്കണം. നമ്മുടെ കുട്ടികളെ കാത്ത് നിരവധി അരുൺ കമ്മത്തുമാർ ചുറ്റിലുമുണ്ട്. ആ പിടിയിൽ നിന്നും മാറി നടക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയണം.