സുദർശനനും ഭാര്യയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്കെടുക്കും. സെക്രട്ടേറിയറ്റിലെ ഉത്തരവാദപ്പെട്ട ഒരു വകുപ്പിലാണ് സുദർശനൻ ജോലി ചെയ്യുന്നത്. സമയം നോക്കാതെ ജോലി ചെയ്യും. അധികം വരികയാണെങ്കിൽ കുറേ ഫയലുകൾ വീട്ടിൽ വച്ച് നോക്കി തീർക്കും. അലസരായ ചില സഹപ്രവർത്തകർ ഇക്കാര്യത്തിന് കളിയാക്കാറുണ്ട്. കൂടുതൽ ജോലി ചെയ്താൽ കൂടുതൽ ശമ്പളം കിട്ടുമോ എന്ന്. വേണ്ടപ്പെട്ടവരുടെ ചടങ്ങുകൾക്ക് എങ്ങനെയും സമയം കണ്ടെത്തി പങ്കെടുക്കും. പങ്കെടുത്തില്ലെങ്കിൽ കുറ്രബോധം പോലെ തോന്നും.
പിന്നെ അവരെ കാണുമ്പോൾ പങ്കെടുക്കാൻ കഴിയാത്ത കാരണം ബോധിപ്പിക്കും. സ്വന്തം വീട്ടുകാര്യങ്ങൾക്കു പോലും സമയം തികയുന്നില്ല. പിന്നല്ലേ നാട്ടുകാരുടെ ആവശ്യങ്ങൾ. നമ്മൾ ചെന്നില്ലെങ്കിലും മരിക്കേണ്ടവർ കൃത്യസമയത്ത് മരിക്കും. നിശ്ചയിച്ച മുഹൂർത്തത്തിന് വിവാഹം നടക്കും. സുഹൃത്തുക്കൾ ഇപ്രകാരം പറഞ്ഞ് ആക്ഷേപിക്കുമ്പോൾ സുദർശനന്റെ മറുപടി ചെറുപുഞ്ചിരിയിലൊതുങ്ങും.
പഴയതലമുറയിലെന്ന ലിസ്റ്റിലാണ് സുദർശനനെ സഹപ്രവർത്തകർ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും അത്യാധുനിക സാങ്കേതികവിദ്യയിലും മുന്നിലാണ്. ഒന്നിനോടും പുറംതിരിഞ്ഞ് നിൽക്കരുത്. അധർമ്മം അനീതി എന്നിവയോടു മാത്രം മുഖം തിരിച്ചാൽ മതി എന്ന സുദർശനന്റെ വാദത്തേയും പലരും കളിയാക്കും. ചിലർ വെള്ളം വേണ്ടവിധം കുടിക്കില്ല. വൃക്കയ്ക്ക് എന്തെങ്കിലും തകരാർ വന്നാൽ ഒരു ഗ്ലാസ് വെള്ളം പോലും ഒരു ദിവസം കുടിക്കാൻ പറ്റില്ല. നല്ല കാലത്ത് ഓട്ടോയിലും കാറിലും മാത്രം സഞ്ചരിച്ച് ഒരടി നടക്കാത്തയാൾക്ക് ഹൃദ്റോഗം ബാധിച്ചാൽ അധികം നടക്കരുത്, പടികയറരുത് എന്നൊക്കെയാവും വിലക്ക്. ആ അവസ്ഥയിൽ രണ്ടടി നടക്കാൻ കൊതിതോന്നും. ജീവിതത്തിൽ പലതും അങ്ങനെയാണ്. ചെയ്യേണ്ട കാര്യങ്ങൾ യഥാസമയം ചെയ്യാതെ കുടിശികവച്ചാൽ ഈ ജന്മം അത് നടന്നെന്നു വരില്ല. നല്ല കാലത്തൊന്നും കൂട്ടുകാർ നിർബന്ധിച്ചിട്ടും ശബരിമലയിൽ പോകാത്ത ഒരാൾ പെൻഷനായപ്പോൾ പോകാൻ നിശ്ചയിച്ചെങ്കിലും നടന്നില്ല. സന്ധിവാതവും മുട്ടുവേദനയുമായിരുന്നു വില്ലന്മാർ. ഇത്തരം ചില കാര്യങ്ങൾ സൗമ്യതയോടെ സുദർശനൻ തന്നെ കളിയാക്കുന്നവരെ ഓർമ്മപ്പെടുത്താറുണ്ട്.
സുഹൃത്തുക്കളിൽ രാജശേഖരൻ ഒരു കാര്യത്തിനും പങ്കെടുക്കില്ല. പങ്കെടുക്കുന്നെങ്കിൽ തന്നെ ഏതെങ്കിലും രീതിയിലുള്ള നേട്ടം മനസിൽ വച്ചു കൊണ്ടാകും. പോയില്ലെന്ന് വച്ച് എന്തു സംഭവിക്കാൻ. എന്റെ കാര്യങ്ങൾ വരുമ്പോൾ അധികമാരും പങ്കെടുക്കില്ലായിരിക്കും. സാരമില്ല. ചുമ്മാതെ ഉറ്റവരുടെ കാര്യങ്ങൾക്കെല്ലാം ഓടി നടന്നാൽ സമയനഷ്ടം, സാമ്പത്തിക നഷ്ടം. റിട്ടയർ ചെയ്തു ഒരു മാസമാകുംമുമ്പേ രാജശേഖരൻ തലചുറ്റിവീണു. രണ്ടുമാസം ആശുപത്രിയിൽ. ആദ്യമാദ്യം മുഖം കാട്ടിയവരൊക്കെ പിൻവലിഞ്ഞു തുടങ്ങിയപ്പോഴാണ് സുദർശനൻ അന്വേഷിച്ചു ചെന്നത്. കുറേ നേരം ഒന്നും പറയാതെ വിതുമ്പി ആശ്വസിപ്പിക്കാൻ സുദർശനൻ പാടുപെട്ടു. ഞാൻ ചെയ്തതിനും പറഞ്ഞതിനും അതേ നാണയത്തിൽ തിരിച്ചടികിട്ടി. രണ്ടുമാസമായി കിടക്കുകയാണ്. വീട്ടുകാർക്കും ബന്ധുക്കൾക്കും മടുത്തു തുടങ്ങി.
സഹപ്രവർത്തകരിൽ ആകെ വന്നത് താങ്കൾ മാത്രം. കൂടെ കുടിക്കാൻ എത്രപേർ, പരദൂഷണം പറയാൻ എത്രപേർ. അയാൾ പൊട്ടിക്കരഞ്ഞു. ഒരു കവറിൽ കുറച്ചു രൂപ ആശുപത്രി കിടക്കയിൽ വച്ചു. തിരിയുമ്പോൾ അതെടുത്ത് തിരികെ നൽകിയിട്ട് രാജശേഖരൻ പറഞ്ഞു: തന്റെ ഒരു കാര്യത്തിനും ഇനി വരാനാകില്ലെന്നറിയാമായിരുന്നിട്ടും വന്നില്ലേ. അതിനേക്കാൾ വിലപ്പെട്ട മറ്റെന്തുണ്ട്. സുദർശനനും അതു കേട്ട് അറിയാതെ കണ്ണുകൾ തുടച്ചു.
(ഫോൺ: 9946108220)