ഔഷധഗുണമുള്ളതും അത്യുത്പാദനശേഷിയുള്ളതും പെട്ടെന്ന് വിളവ് തരുന്നതുമായ നിരവധി നെൽവർഗങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ രണ്ടാഴ്ച കൊണ്ട് വളർച്ച പ്രാപിക്കുക, സൂര്യനുദിക്കുന്നതിന് മുമ്പ് കുടംവരുക, സൂര്യൻ ഉച്ചസ്ഥായിലാകുമ്പോൾ പകുതി വിളവാകുക, അസ്തമയം കഴിയുമ്പോഴേക്കും മൂപ്പെത്തി കൊഴിഞ്ഞുവീഴുക, ഇങ്ങനെയുമൊരു നെൽച്ചെടിയോ... അതിശയിക്കേണ്ട ഇങ്ങനെയുമൊരു നെൽച്ചെടിയുണ്ട്. അന്നൂരി എന്നാണ് പേര്. ഒറ്റ ദിവസംകൊണ്ട് വിളഞ്ഞ് അന്നുതന്നെ കൊഴിഞ്ഞ് വീഴുന്നതിനാലാണ് ഇതിന് അന്നൂരി എന്ന പേര് വന്നതെന്ന് പഴമക്കാർ പറയുന്നു. കേരളത്തിൽ കുളത്തൂപ്പുഴ വനമേഖലകളിലാണ് അന്നൂരി സുലഭമായി വളർന്നത്. ഇവിടുത്തെ ആദിവാസി വിഭാഗക്കാർ മരുന്നായി ഈ നെല്ലിനെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ആയൂർവേദ സസ്യങ്ങളുടെ പ്രചാരകനും സംരക്ഷകനുമായ തെങ്ങമത്തെ മാധവ കുറുപ്പിൽ നിന്നുമാണ് അന്നൂരിയെ കുറിച്ച് ഇങ്ങനെയൊരു അറിവ് ലഭിച്ചത്. കുളത്തൂപ്പുഴ വനമേഖലയിൽ നിന്നും ലഭിച്ച അന്നൂരിയുടെ രണ്ട് തൈകൾ നാലുവർഷമായി നട്ടുവളർത്തി സംരക്ഷിക്കുന്നുണ്ട് മാധവ കുറുപ്പ്. അപൂർവങ്ങളായ ഒൗഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിനായി മ്യൂസിയമൊരുക്കിയ ശിലാ സന്തോഷും റിട്ട. അദ്ധ്യാപകനായ തെങ്ങമം രാഘവനുമൊത്ത് അന്നൂരി തിരക്കിയുള്ള യാത്ര എന്തായാലും വെറുതെയായില്ല. ചിതറയിൽ നിന്നും കോട്ടോമാവെന്ന ആദിവാസി ഊരിലെത്തി ഈ സസ്യത്തെകുറിച്ച് അന്വേഷിച്ചു. ഇവിടത്തെ എഴുപത് വയസ് പിന്നിട്ട രാമചന്ദ്രൻ കാണി വളരെ ഉത്സാഹത്തോടെയാണ് ഞങ്ങളോട് സംസാരിച്ചത് .
ആദിവാസികൾ ഒരു കൃഷിയായി ഇതിനെ കണ്ടിട്ടില്ല. അവർക്ക് ഇതൊരു മരുന്നായിരുന്നു. ഒരു കാലഘട്ടത്തിൽ വസൂരിയെന്ന മാരകരോഗത്തെ ഇവർ പ്രതിരോധിച്ചുനിറുത്തിയത് അന്നൂരി നെൽ ഉപയോഗിച്ചാണെന്ന് രാമചന്ദ്രൻ കാണിയുടെ സാക്ഷ്യപ്പെടുത്തൽ. നെല്ലിന്റെ ഒാല വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി കൊള്ളും. ശേഷം പുഴുങ്ങിയ ഒാല തഴപ്പായയിൽ നിരത്തിയിട്ട് രോഗിയെ വിവസ്ത്രനായി ഇതിൽ കിടത്തും, എന്നിട്ട് അന്നൂരിയുടെ നെല്ല് വറുത്ത് കുത്തി കഞ്ഞിവച്ച് രോഗിക്ക് കൊടുക്കുമായിരുന്നു. ഒരാഴ്ചയ്ക്കുശേഷം വസൂരി പമ്പ കടക്കും.
അന്നൂരി അന്വേഷിച്ചുള്ള ഞങ്ങളുടെ യാത്രയിൽ രാമചന്ദ്രൻ കാണിയും ഒപ്പം കൂടി. ശംഖെലി ഉൾവനത്തിൽ ഞങ്ങൾ അന്നൂരിയെ കണ്ടെത്തി. നെല്ലുള്ളതും ഇല്ലാത്തതുമായ നെൽ ചെടികളാണ് കണ്ടത്. അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിച്ചപ്പോഴാണ് രണ്ട് പിടി അന്നൂരി നെൽച്ചെടികൾ ശേഖരിക്കാൻ കഴിഞ്ഞത്. അന്നൂരിയെ കുറിച്ചറിയാൻ ഗൂഗിളിൽ നോക്കിയപ്പോൾ ഒരു വന്യയിനം നെൽവിത്താണിതെന്നും കാണി വിഭാഗത്തിൽപ്പെട്ട ആദിവാസികൾ മരുന്നായി ഇതുപയോഗിച്ചിരുന്നു എന്നും മാത്രമാണ് വിവരം ലഭിച്ചത്. വെള്ളായണി കാർഷിക കോളജിലെ പ്രൊഫസർമാരോട് അന്നൂരിയെ കുറിച്ചന്വേഷിച്ചപ്പോൾ കേട്ടിട്ടുണ്ട്, പക്ഷേ കണ്ടിട്ടില്ല എന്നായിരുന്നു മറുപടി.
അന്നൂരി ഇന്ന് ഈ വനമേഖലയിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ഇൗ അപൂർവ സസ്യത്തിന്റെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് ആധികാരികമായ ഗവേഷണവും പഠനവും നടത്തിയാൽ നമ്മുടെ ഒൗഷധ സസ്യ ശേഖരണത്തിലും ചിലപ്പോൾ കാർഷിക മേഖലയ്ക്കും മറ്റൊരു മുതൽ കൂട്ടാകുമെന്നുറപ്പ്.
(ലേഖകന്റെ ഫോൺ:
9495251000)