മികച്ച അദ്ധ്യാപകൻ, അറിയപ്പെടുന്ന എഴുത്തുകാരൻ, പ്രഭാഷകൻ, പത്രാധിപർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. കെ.പി. സുശീലൻ യാത്രയായിട്ട് ഇന്ന് രണ്ടുവർഷം പൂർത്തിയാകുന്നു. ആരോടും പരിഭവമില്ലാതെ, ആരെയും ഭയപ്പെടാതെ ഉറച്ച കാൽവയ്പ്പോടെ കർമ്മരംഗങ്ങളിൽ തന്റെ തനതുശൈലിയിൽ ഉറച്ചുനിന്നുകൊണ്ട് കേരളത്തിന്റെ പൊതുജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരുവിന്റെ അടുത്ത മിത്രമായിരുന്ന ശാസ്താന്തല ഉമ്മിണി വാദ്ധ്യാരുടെ മകനും സ്വാതന്ത്ര്യസമരസേനാനിയും മികച്ച അദ്ധ്യാപകനുമായിരുന്ന ജെ.പൊന്നുവിന്റെയും എം. കുഞ്ഞമ്മയുടെയും മകനായി 1929 ഒക്ടോബർ 19ന് ജനിച്ചു.സ്കൂൾ പഠനകാലത്ത് ഒരിക്കൽ സുശീലൻ പൊലീസ് പിടിയിലായി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ലോക്കപ്പിലായിരുന്ന തന്റെ പിതാവിനും കൂട്ടുകാർക്കും രഹസ്യസന്ദേശങ്ങൾ എത്തിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. കടുത്ത മർദ്ദനമായിരുന്നു പിന്നീടുണ്ടായത്. ചെവിക്കല്ലിന് അടിയേറ്റ അദ്ദേഹത്തിന്റെ ഇടത്തേ ചെവിയുടെ ശ്രവണശക്തി ഏറെ നാളത്തേക്ക് കുറയാൻ ഈ മർദ്ദനം കാരണമായി.
പൊലീസ് പിടിയിലായതോടെ സ്കൂൾ അധികൃതർ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. തുടർന്ന് പ്രൈവറ്റായി ഇന്റർ മീഡിയറ്റ് പരീക്ഷ എഴുതി പാസാകുകയും ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് അദ്ദേഹം തന്റെ ബിരുദപഠനം പൂർത്തിയാക്കിയത്. പിന്നീടദ്ദേഹം ബീഹാറിലെ ഭഗൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടി. തുടർന്നാണ് എൻ.എസ്.എസ് കോളേജിൽ അദ്ധ്യാപകനായതും മട്ടന്നൂർ എൻ.എസ്.എസ് കോളേജിലും ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജടക്കം വിവിധ എൻ.എസ്.എസ് കോളേജുകളിൽ അദ്ധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായ അദ്ധ്യാപകനായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ നെയ്യാറ്റിൻകര സെന്റർ മേധാവിയായും പ്രവർത്തിച്ചു.
പ്രൊഫ. കെ.പി. സുശീലൻ എന്ന കോളേജ് അദ്ധ്യാപകൻ കലാലയങ്ങളുടെ അകത്തളങ്ങളിൽ നിന്നും സമൂഹജീവിതത്തിന്റെ നടുത്തളത്തിലിറങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മഹാകവി കുമാരനാശാന്റെ നാമധേയത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ആശാൻ അക്കാഡമിയുടെ സജീവപ്രവർത്തകനായി. പ്രൊഫ. ഹൃദയകുമാരി ടീച്ചർ അദ്ധ്യക്ഷയായി രൂപീകരിച്ച അണ്ടർ ദി ഗ്രീൻവുഡ് ട്രീ ഇംഗ്ലീഷ് ക്ലബിന്റെ വൈസ് പ്രസിഡന്റായി ചാർജെടുത്ത അദ്ദേഹം ആ പദവിയിൽ തുടർച്ചയായി പ്രവർത്തിക്കുകയും ടീച്ചറുടെ മരണശേഷം പ്രസിഡന്റ് പദവിയിൽ തിരഞ്ഞെടുക്കപ്പെടുകയും മരണം വരെ അതേ പദവിയിൽ തുടരുകയും ചെയ്തു. പ്രവർത്തനമണ്ഡലങ്ങളിലെല്ലാം സമവായത്തിലൂടെയും സഹവർത്വത്തിലൂടെയും സഹപ്രവർത്തകരിൽ വിശ്വാസമർപ്പിച്ചും പ്രവർത്തിച്ച അദ്ദേഹത്തിന് ഒരിക്കലും എതിരാളികൾ ഉണ്ടായിരുന്നില്ല. നെയ്യാറ്റിൻകര ജ്ഞാനപ്രദായിനി വായനശാലാഭാരവാഹിയായും തോന്നയ്ക്കൽ ആശാൻ സ്മാരകം മാനേജിംഗ് കമ്മിറ്റി അംഗമായും വിവേകോദയം മാസികയുടെ എഡിറ്ററായും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായും കൗൺസിൽ അംഗമായും എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയന്റെ ഭാരവാഹിയായും മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ തന്റെ സജീവസാന്നിദ്ധ്യമറിയിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധനാപാത്രമായ ആശാനെക്കുറിച്ച് പ്രസിദ്ധീകരിച്ച 'കുമാരനാശാനെ ഓർക്കുമ്പോൾ' എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മറന്നുകൂടാത്ത ഏടുകൾ, അദ്ദേഹം എഡിറ്റ് ചെയ്ത സാംസ്കാരിക സാന്നിദ്ധ്യത്തിന്റെ അരനൂറ്റാണ്ട്, ആർ. ശങ്കറിന്റെ ലഘുജീവചരിത്രമായ തീനാളങ്ങൾക്ക് മീതെ നടന്ന നേതാവ്, ഇംഗ്ലീഷ് ക്ലബിന്റെ നൂറാം സെമിനാറിനോടനുബന്ധിച്ച് എഡിറ്റ് ചെയ്ത ഷെഡ് വിത്തൗട്ട് ഷാഡോസ് എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചു. ജീവിതത്തിൽ പകർത്താവുന്ന വ്യക്തിത്വം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
(ലേഖകന്റെ ഫോൺ: 9446064563)