ഇരുപത്തിയഞ്ചാമത്തെ വയസിൽ 500 രൂപ പോലും കൈയിലെടുക്കാനില്ലാതിരുന്നയാൾ അഞ്ചുവർഷത്തിനിപ്പുറം ഫോബ്സ് മാഗസിന്റെ ലോകസമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കുന്നു. തെലുങ്ക് സിനിമയിലെ യുവ സൂപ്പർതാരമായ വിജയ് ദേവരകൊണ്ടയുടെ ജീവിതത്തെ കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ വിവരിക്കാം. വിരലിൽ എണ്ണാവുന്ന വർഷങ്ങൾ കൊണ്ടാണ് ഈ യുവതാരം ടോളിവുഡിന്റെ സൂപ്പർ സെൻസേഷനായി മാറിയത്. 'അർജുൻ റെഡ്ഡി' എന്ന ഒറ്റചിത്രത്തിലൂടെ ഭാഷാന്തരങ്ങൾ ഭേദിച്ച് പ്രേക്ഷകരുടെ മനംകവർന്ന വിജയ് ദേവരകൊണ്ട സംസാരിക്കുന്നു.
മലയാളികൾക്ക് നിങ്ങൾ ദേവരകൊണ്ടയല്ല അർജുൻ റെഡ്ഡിയാണ്. എങ്ങനെയുണ്ട് കേരളം?
കേരളം വളരെ മനോഹരമാണ്. സിനിമയിൽ വരുന്നതിന് മുമ്പേ ഞാൻ കേരളത്തിൽ വന്നിട്ടുണ്ട്. ഇവിടുത്തെ കായൽ യാത്രയും കൊച്ചി നഗരത്തിലൂടെയുള്ള സഞ്ചാരവുമെല്ലാം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ആലപ്പുഴയും വാഗമണ്ണും അതിരപ്പിള്ളിയുമൊക്കെ എന്നെ ഏറെ വിസ്മയിപ്പിച്ചു. ലഡാക്കും ഗോവയും പോലെ വളരെ സുന്ദരമാണ് കേരളം. ഇവിടുത്തെ നാടൻ ഭക്ഷണവും എനിക്കിഷ്ടമാണ്.
ഫോബ്സ് മാഗസിനിന്റെ സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചു. എങ്ങനെ കാണുന്നു ജീവിത യാത്ര?
ആലോചിക്കുമ്പോൾ വളരെ വിചിത്രമായി തോന്നാറുണ്ട്. നമ്മളെല്ലാം ജനിക്കുന്നതും ജീവിക്കുന്നതും വ്യത്യസ്ത സാഹചര്യങ്ങളിലാണ്. ചിലർ ജനിക്കുമ്പോഴേ ധനികരായിരിക്കും. മറ്റു ചിലർ വളരെ കഷ്ടപ്പെട്ട് ആ നിലയിലെത്തുന്നു. ഒരു വിഭാഗം എന്നും ദരിദ്രരായി തുടരുന്നു. ചിലർ വളരെ പൊക്കമുള്ളവരായിരിക്കും. മറ്റു ചിലർ വിപരീതവും. അങ്ങനെ ഒരോരുത്തർക്കും ഒരോരോ പ്രശ്നങ്ങളുണ്ടാകും ജീവിതത്തിൽ. അത്തരത്തിലൊന്നായിരുന്നു എന്റേതും. എന്നാൽ നമുക്കതിൽ നിന്ന് എങ്ങനെ പുറത്തു കടക്കാനാകും എന്ന് ചിന്തിക്കുകയും അതിന് ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ജീവിതത്തിൽ വിജയിക്കുക.
മലയാള സിനിമകൾ കാണാറുണ്ടോ?
തീർച്ചയായും. സിനിമയിൽ വരുന്നതിന് മുമ്പു തന്നെ ഒരുപാട് മലയാള സിനിമകൾ കണ്ടിട്ടുണ്ട്. ദുൽഖർ സൽമാന്റെ സിനിമകളാണ് കൂടുതലും. പ്രേമവും ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ്. തെന്നിന്ത്യൻ സിനിമകളിൽ ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമാണ് മലയാളം. കൂടുതൽ സാക്ഷരർ ആയതു കൊണ്ടാണോ മലയാളികൾക്ക് ഇത്ര നന്നായി സിനിമ എടുക്കാൻ കഴിയുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. തമിഴും തെലുങ്കുമെല്ലാം വ്യത്യസ്തമാണെങ്കിലും അതിൽ നിന്നെല്ലാം ഒരുപടി മുന്നിൽ തന്നെയാണ് മലയാള സിനിമ.
ആരാണ് മലയാളത്തിലെ ഇഷ്ടനടൻ?
ദുൽഖറിനെയാണ് ഏറ്റവും ഇഷ്ടം. നടനാകുന്നതിന് മുമ്പേ ദുൽഖറാണ് എന്റെ പ്രിയതാരം. ഡി.ക്യുവിന്റെ ഒരുവിധപ്പെട്ട എല്ലാ സിനിമകളും കാണാറുണ്ട്. ഇപ്പോൾ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം.
സ്വാഭാവികമായും അടുത്ത ചോദ്യം ഇഷ്ടപ്പെട്ട നടിയെ കുറിച്ചാണ്?
ഏറ്റവും ഇഷ്ടപ്പെട്ട നടിയായി ആരുമില്ല. കഥാപാത്രങ്ങളെയാണ് ശ്രദ്ധിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ദീപിക പദുകോണിനെ ഏറെ ഇഷ്ടമാണ്. അനുഷ്ക ഷെട്ടിയും സാമന്തയും ചെയ്ത കഥാപാത്രങ്ങളും അതുപോലെ തന്നെ. ആലിയ ഭട്ടും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിങ്ങനെ മാറിമാറി വരും. നാളെ പുതുമുഖ നായികമാർ വരുമ്പോൾ അവരും സ്വാധീനിച്ചെന്നു വരാം.
പുതിയ ചിത്രം ഡിയർ കോമ്രേഡിനെ കുറിച്ച് ?
വ്യക്തിപരമായി ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. എന്താണ് ഡിയർ കോമ്രേഡ് (സഖാവ്), ആരാണ് യഥാർത്ഥ കോമ്രേഡ് എന്നതാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. ഓരോ മനുഷ്യനും തന്റെ ജീവിതത്തിൽ എന്തിനു വേണ്ടിയാണ് പൊരുതേണ്ടത് എന്നു കാണിച്ചു തരിക കൂടിയാണ് ഈ ചിത്രം.
വരാനിരിക്കുന്ന സിനിമാ വിശേഷങ്ങൾ?
ഇനി രണ്ട് സിനിമകളാണ് വരാനുള്ളത്. ഒന്ന് സ്പോർട്സ് മൂവിയാണ്. മലയാളമടക്കം അഞ്ച് ഭാഷകളിലായാണത് ഒരുങ്ങുക. മറ്റൊന്ന് വളരെ വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. രണ്ടിനും പേരായിട്ടില്ല.