മലയാള ടെലിവിഷൻ രംഗത്ത് ചരിത്രം സൃഷ്ടിച്ച മഹാഗുരു പരമ്പര അവസാന ഘട്ടത്തിൽ എത്തുമ്പോൾ മഹാകവി കുമാരനാശനായി വേഷമിട്ട് പ്രേക്ഷക സ്നേഹം സ്വന്തമാക്കിയ സന്തോഷത്തിലാണ് നടൻ സജി വാക്കനാട്. കൗമുദി ചാനൽ ഏൽപ്പിച്ച ദൗത്യം ഒരു ജീവിത നിയോഗമാണെന്ന് സജി വിശ്വസിക്കുന്നു. 30 വർഷത്തിലധികമായി ടെലിവിഷൻ - സിനിമാരംഗങ്ങളിൽ പ്രവർത്തിച്ച സജി മുമ്പും നിരവധി ചരിത്ര - പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനന്ദനം നേടിയിട്ടുണ്ട്.
''കുമാരനാശാനായി അഭിനയിക്കുന്നത് രണ്ടാം തവണയാണ്. ആർ.സുകുമാരൻ സാർ സംവിധാനം ചെയ്ത യുഗപുരുഷൻ എന്ന ചിത്രത്തിലും ആശാനായി വേഷമിട്ടത് ഞാനാണ്. പക്ഷേ, സിനിമയിൽ നിന്ന് ലഭിച്ചതിനെക്കാൾ വലിയ അംഗീകാരമാണ് മഹാഗുരു നേടിത്തന്നത്. യുഗപുരുഷനിൽ മമ്മൂക്കയും തലൈവാസൽ വിജയ്യും അടക്കമുള്ള താരങ്ങൾക്കിടയിൽ താരതമ്യേന തുടക്കക്കാരനായിരുന്നു ഞാൻ. മഹാഗുരുവിൽ അഭിനയിച്ചതിന് ശേഷം എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയുന്നു, സ്നേഹത്തോടെ അടുത്തു വന്ന് സംസാരിക്കുന്നു. യുഗപുരുഷന് വേണ്ടി തന്നെ കുമാരനാശാനെ കുറിച്ച് ധാരാളം വായിക്കുകയും അദ്ദേഹം താമസിച്ചിരുന്ന തോന്നയ്ക്കലിൽ പോകുകയും മറ്റും ചെയ്തിരുന്നു. മഹാഗുരുവിനായി തോന്നയ്ക്കലിലെ ആശാന്റെ വീട്ടിൽ വച്ച് അഭിനയിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
കൊട്ടാരക്കര വാക്കനാടാണ് എന്റെ സ്വദേശം. സ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകത്തിലും ചിത്രരചനയിലും താത്പര്യമുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. ഏകദേശം മുപ്പത് വർഷത്തോളമായി ഈ രംഗത്തുണ്ട്. ആറുവർഷം പ്രൊഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. കൊല്ലം കൈനഗിരി തിയേറ്റേഴ്സിന് വേണ്ടി ചെയ്ത ഷഡ്കാല ഗോവിന്ദമാരാരുടെ വേഷമാണ് പ്രധാനപ്പെട്ടത്. ഇക്കാലത്ത് സ്വന്തമായി നാടകങ്ങൾ എഴുതിയിരുന്നു. 1998ൽ ശാന്തിതീരങ്ങളിലൂടെ എന്നൊരു ടെലിഫിലിം ദൂരദർശന് വേണ്ടി സംവിധാനം ചെയ്തു. തുടർന്ന് നിരവധി ടെലിഫിലിമുകൾ സംവിധാനം ചെയ്യുകയും പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തു.
മെഗാസീരിയലുകളുടെ കാലത്ത് ഞാൻ ചെയ്ത നാരദ വേഷങ്ങളാണ് കൂടുതൽ ശ്രദ്ധ നേടിത്തന്നത്. കൃഷ്ണകൃപാസാഗരം, ശ്രീകൃഷ്ണ ലീല, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിലായി 18 വർഷമായി നാരദനായി വേഷമിടുന്നു. തമിഴിലും തെലുങ്കിലും വരെ നാരദനായി അഭിനയിച്ചു. ഇതിനിടയിൽ 100 ഡിഗ്രി സെൽഷ്യസ്, ഏയ്ഞ്ചൽസ് തുടങ്ങി ഏഴോളം സിനിമകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി നൃത്തനാടകരംഗത്തും പ്രവർത്തിക്കുന്നു. പുതിയ നൃത്തനാടക സമിതി ഗോകുലം എന്റർടെയ്നേഴ്സ് ഈ വർഷം പ്രവർത്തനം തുടങ്ങുകയാണ്. സഹസ്രമുഖ രാവണൻ എന്ന കഥയുമായാണ് എത്തുന്നത്. നടി ശാലുമേനോനാണ് ഭാര്യ. ശാലുവിന്റെ നൃത്തനാടക സമിതി ജയകേരളയുടെ പ്രവർത്തനങ്ങളും സജീവമാണ്.