തിരുവനന്തപുരം: സ്റ്റേഷനുകളിലും ജയിലുകളിലും മൂന്നാം മുറ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഡി.ജി.പി. പൊലീസുകാരുടെ പട്ടിക തയ്യാറാക്കണമെന്നും ഒരാഴ്ചക്കകം പട്ടിക നൽകാനും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദ്ദേശം നൽകി. കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും മൂന്നാം മുറക്കാർ ലോക്കൽ സ്റ്റേഷനിൽ ഉണ്ടെങ്കിൽ പ്രത്യേകം അറിയിക്കാനും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. കസ്റ്റഡി മർദ്ദനങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് നടപടി.
നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഉൾപ്പടെ പൊലീസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് സേനയിലെ മൂന്നാംമുറക്കാരെ പിടിക്കാനുള്ള നീക്കം. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഡി.ജി.പിയുടെ നിർദ്ദേശം.
അതേസമയം, നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റുമോർട്ടം നടപടികൾ. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ജുഡീഷ്യൽ കമ്മിഷൻ നേരത്തെ സർക്കാരിന് കത്തയച്ചിരുന്നു. രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച് 37 ദിവസത്തിനുശേഷമാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുന്നത്. ആദ്യം നടത്തിയ പോസ്റ്റുമോർട്ടത്തിൽ അപാകതകളുണ്ടെന്ന് ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തിയിരുന്നു.