തിരുവനന്തപുരം: അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിൽ കുറ്റം സമ്മതിച്ചു. ഒപ്പം ജീവിക്കണമെന്ന് രാഖി നിർബന്ധിച്ചിതായും ആത്മഹത്യാ ഭീഷണി മുഴക്കിയതായും അഖിൽ പൊലീസിനോട് പറഞ്ഞു. പ്രണയത്തിൽ നിന്ന് പിന്മാറാത്തതിനാൽ കാറിൽ വച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും അഖിൽ പൊലീസിനോട് പറഞ്ഞു.
മൃതദേഹം മറവു ചെയ്യാൻ കുഴിയെടുത്തത് അച്ഛന്റെ സഹായത്തോടെയാണെന്നും ഒന്നാം പ്രതിയായ അഖിൽ പൊലീസിന് മൊഴി നൽകി. എന്നാൽ, അച്ഛന് കൊലപാതകത്തിൽ പങ്കില്ലെന്നും കുഴി മുൻകൂട്ടി തയ്യാറാക്കുകയായിരുന്നുവെന്നും അഖിൽ വ്യക്തമാക്കി. കൃത്യം നടത്തിയ ശേഷം കാശ്മീരിലേക്കാണ് താൻപോയതെന്നും രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരൻ രാഹുലാണെന്നും അഖിൽ മൊഴി നൽകി.
അഖിൽ ഇന്നലെ രാത്രിയാണ് പൊലീസ് പിടിയിലായത്. ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ രാത്രി 8.15ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ അഖിലിനെ ഇവിടെ കാത്തുനിൽക്കുകയായിരുന്ന പൂവാർ പൊലീസ് പിടികൂടുകയായിരുന്നു. ഡൽഹിയിൽ പട്ടാളക്കാരനാണ് അഖിൽ. കൊല നടത്തിയ ശേഷം ജൂൺ 27ന് വൈകിട്ട് 7ന് രാജധാനി എക്‌സ്‌പ്രസിൽ തിരുവനന്തപുരത്തു നിന്ന് യാത്രതിരിച്ച് 29ന് അഖിൽ ഡൽഹിയിലെത്തിരുന്നു. പക്ഷേ മിലിട്ടറി യൂണിറ്റിൽ റിപ്പോർട്ട് ചെയ്തില്ല.
ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരെയും പിതാവിനെയും അഖിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിൽ പങ്കില്ലെന്നാണ് അന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ അന്വേഷണ സംഘം ഡൽഹി പൊലീസിന്റെ സഹായം തേടി. ഡൽഹി പൊലീസിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷണത്തിലാക്കിയ നെയ്യാറ്റിൻകര ഡിവൈ.എസ്. പി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തന്ത്രപൂർവം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.