sexual-abuse

തൊടുപുഴ: വീട്ടമ്മയ്ക്ക് ഒരു ലക്ഷം രൂപ വായ്പയായി നൽകി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തൊടുപുഴ അരീപ്ലാവിൽ ഫിനാൻസ‌് ഉടമ സിബി തോമസിനെതിരെയാണ‌് പൊലീസ‌് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വായ്പയായി നൽകിയ പണം തിരിച്ചുനൽകിയിട്ടും വീട്ടമ്മയെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പലതവണ പീഡിപ്പിച്ചെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. തൊടുപുഴക്ക‌് സമീപം ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയാണു പരാതിക്കാരി.

പണത്തിന് ആവശ്യം വന്ന സമയത്ത് യുവതി അരീപ്ലാവിൽ ഫിനാൻസ‌ിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഒപ്പിട്ട 6 ചെക്കുകളുടെ ഈടിൽ വീട്ടമ്മയ്ക്ക് ഒരു ലക്ഷം രൂപ വായ്പ നൽകുകയായിരുന്നു. പിന്നീട് വണ്ടിച്ചെക്ക് കേസുകളിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാളുടെ വീട്ടിലും കുമരകത്തെ റിസോർട്ടിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അതേസമയം, ഇയാൾ യുവതിക്കെതിരെ മുട്ടം കോടതിയിൽ വണ്ടിചെക്ക് കേസ് നൽകി. തുടർന്ന് വീട്ടമ്മ മൂന്നര ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചു. ഇതിനു ശേഷവും ശല്യം തുടർന്നതോടെയാണു പൊലീസിൽ പരാതിപ്പെട്ടത‌്.

ഇതിനിടെ തൊടുപുഴയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനു വീട്ടമ്മ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. കേസിൽ മുട്ടം എസ്.ഐ ബൈജു പി. ബാബുവും സംഘവും തെളിവെടുത്തു.