കൊച്ചി: ഞാറയ്‌ക്കൽ സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സി.പി.ഐ നേതാക്കൾക്കെതിരെ കേസെടുത്തു. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു ഒന്നാം പ്രതിയും എൽദോ എബ്രഹാം എം.എൽ.എ രണ്ടാം പ്രതിയുമാണ്. സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെ പത്ത് പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നും മനപ്പൂർവം സംഘർഷം ഉണ്ടാക്കുകയും ചെയ്തെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
അതേസമയം, ലാത്തിച്ചാർജിന് പിന്നിൽ ഗൂഡാലോചനയെന്ന് ജില്ലാ സെക്രട്ടറി പി.രാജു ആരോപിച്ചു. ഞാറയ്ക്കൽ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്നും കേസ് അട്ടിമറിക്കാൻ എം.എൽ.എയുടെ പരിക്ക് സംബന്ധിച്ച തെളിവുകൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയ പൊലീസിന്റെ നടപടി തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊലീസ് മനപ്പൂർവം ഉണ്ടാക്കിയ തെളിവുകളാണ് പുറത്തുവിട്ടതെന്നും പൊലീസിന്റേത് ശരിയായ നടപടിയല്ലെന്നും പി.രാജു വിമർശിച്ചു.