തിരുവനന്തപുരം: എറണാകുളത്ത് സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ചിൽ പൊലീസിന്റെ ലാത്തി ചാർജ് നടപടിയെ മുഖ്യമന്ത്രി വരെ തള്ളിപ്പറഞ്ഞെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പൊലീസിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് താൻ ആവശ്യപ്പെട്ടിട്ടാണെന്നും ദിവസവും രാവിലെ പിണറായിയെ ചീത്ത വിളിക്കുന്ന ശീലമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ആലപ്പുഴയിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിലും കാനം പ്രതികരിച്ചു. പരാതി പറയേണ്ടത് പാർട്ടി ഫോറത്തിലാണെന്നും പാർട്ടി ഇതിനെ ഗൗരവത്തിലാണ് കാണുന്നതെന്നും കാനം പറഞ്ഞു. സെക്രട്ടറിക്കെതിരെയായലും വിമർശനം ഉന്നയിക്കാം. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ പാർട്ടി സെക്രട്ടറിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കാനം കൂട്ടിച്ചേർത്തു.
അതേസമയം, ഞാറയ്‌ക്കൽ സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സി.പി.ഐ നേതാക്കൾക്കെതിരെ കേസെടുത്തു. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു ഒന്നാം പ്രതിയും എൽദോ എബ്രഹാം എം.എൽ.എ രണ്ടാം പ്രതിയുമാണ്. സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെ പത്ത് പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നും മനപ്പൂർവം സംഘർഷം ഉണ്ടാക്കുകയും ചെയ്തെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.