ആലപ്പുഴ: ഓട്ടോ ഓടിക്കുന്നത് വിദേശികൾ. യാത്രക്കാരും വിദേശികൾ. നഗരം ഇന്നലെ കണ്ട വ്യത്യസ്ത കാഴ്ചയായിരുന്നു ഇത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 പേരാണ് പത്ത് ഓട്ടോറിക്ഷകളിലായി ആലപ്പുഴയുടെ കാഴ്ചകൾ കണ്ട് ഓട്ടോയിലൂടെ നീങ്ങിയത്. പത്ത് ഓട്ടോറിക്ഷകളിലായിരുന്നു സംഘത്തിന്റെ യാത്ര. ഒൻപത് ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഓട്ടോയിൽ യാത്ര ചെയ്ത സംഘം കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെത്തിയത്.
ഇംഗ്ളണ്ട്, ജർമ്മനി, ഇറാൻ, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ. ഇംഗ്ളണ്ടിലെ ലാർജ് മൈനോരിറ്റി എന്ന ടൂർ കമ്പനിയാണ് യാത്ര ഒരുക്കിയത്. കേരളത്തിൽ അതിന്റെ കോ ഓർഡിനേറ്ററായി നിന്നത് കൊച്ചിയിലെ കലിപ്സോ എന്ന ടൂർ കമ്പനിയും. ഒൻപത് ദിവസം മുമ്പ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇവർക്ക് പ്രകൃതി സൗന്ദര്യം കണ്ടറിയാനായി ഓട്ടോകൾ നേരത്തെ തയ്യാറാക്കി നിറുത്തിയിരുന്നു.
വിദേശികൾ മാറി മാറി ഓട്ടോ ഓടിച്ചു. ആദ്യം പൊള്ളാച്ചിയിലേക്ക്, അവിടുന്ന് മൂന്നാർ, തേക്കടി, കൊല്ലം വഴി കഴിഞ്ഞദിവസം ആലപ്പുഴയിലെത്തി. ഹൗസ് ബോട്ടിൽ യാത്ര ചെയ്ത് കായൽ സൗന്ദര്യം നുകർന്നു. രാത്രിയിൽ ഹൗസ്ബോട്ടിൽ താമസിച്ച ശേഷം ഇന്നലെ രാവിലെ നടുഭാഗം ഗവ.എൽ.പി.എസിലേക്കാണ് സംഘം ആദ്യം പോയത്. പിന്നീടായിരുന്നു നഗരത്തിലെ ചുറ്റിക്കറക്കം.
നടുഭാഗം ഗവ.എൽ.പി സ്കൂളിനുവേണ്ടി വിദേശസംഘം ഒരു കളിക്കളം ഒരുക്കി നൽകി. ഇതിനുള്ള പണം ഇവർ നേരത്തെ കൈമാറിയിരുന്നു. ഇന്നലെ കളിക്കളത്തിന്റെ ഉദ്ഘാടനം വിദേശികൾ ചേർന്ന് നിർവഹിച്ചു. കഴിഞ്ഞ വർഷം മറ്റൊരു വിദേശി സംഘമെത്തി സ്കൂളിന് ജലശുദ്ധീകരണ പ്ളാന്റ് സമ്മാനിച്ചിരുന്നു. ദിവസം 160 കിലോമീറ്റർ വീതമാണ് സംഘം കേരളത്തിൽ യാത്ര നടത്തിയത്. രാത്രി ഹോട്ടലുകളിൽ തങ്ങി. ഇന്നലെ കിടങ്ങാംപറമ്പ് ക്ഷേത്രത്തിലും സംഘം ദർശനം നടത്തി.