കൊലക്കേസിൽ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച സി.പി.എം പ്രവർത്തകരായ പ്രതികളെ കോടതിയിൽ നിന്നും ജയിലിലെത്തിക്കുന്നതിനിടയിൽ മദ്യസത്കാരത്തിന് പൊലീസ് കൂട്ടുനിന്ന സംഭവം വിവാദമായിരിക്കുകയാണ്. മദ്യപിച്ച നിലയിൽ ജയിലിലെത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശിപ്പിക്കാനാവൂ എന്ന് ജയിൽ ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ശബരിമല സമരകാലത്ത് തന്നെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടച്ചപ്പോൾ ഒരു ചായ വാങ്ങി തന്ന കുറ്റത്തിന് ഒരു സർക്കിൾ ഇൻസ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത സർക്കാർ മദ്യസത്ക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ട സേവാ മെഡൽ നൽകുമെന്ന് പരിഹസിക്കുകയും ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ച് പിടിക്കാൻ സി.പി.എം ആരംഭിച്ച ഗൃഹസന്ദർശന പരിപാടിയെയും കെ.സുരേന്ദ്രൻ നിശിതമായി വിമർശിക്കുന്നു. കോടിയേരി ബാലകൃഷ്ണൻ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചപ്പോൾ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സർക്കിൾ ഇൻസ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്. കൊലക്കേസ്സിൽ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ട സേവാ മെഡൽ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികൾക്ക് പാർട്ടി സ്ഥാനക്കയറ്റം നൽകിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണൻ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരതേണ്ട. വീടു കയറുന്നതുകൊണ്ട് ദുർമ്മേദസ്സ് കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങൾ ചോദിക്കാൻ നിൽക്കേണ്ട. തിരിച്ചചോദിച്ചാൽ പണി കിട്ടും.