ചാലക്കുടി: ഗാനഗന്ധർവൻ യേശുദാസും ജയചന്ദ്രനുമെല്ലാം പാടിപ്പതിഞ്ഞ നിരവധി ഗാനങ്ങളുടെ പിറവിയിൽ ഇമ്പമാർന്ന സാന്നിദ്ധ്യമായ ഒരു കലാകാരനുണ്ട് ചാലക്കുടിക്ക് സ്വന്തമായി. കാവ്യ ഭാവനകളെ പുല്ലാങ്കുഴലിന്റെ ശ്വാസം കൊണ്ട് ജീവിതവുമായി കൂട്ടിയിണക്കി മൂന്നു പതിറ്റാണ്ട് പിന്നിടുന്ന കുമാർ കലാസദൻ.
"സുപ്രഭാതം,...നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളേ" പണി തീരാത്ത വീടെന്ന സിനിമയിൽ ജയചന്ദ്രൻ ആലപിച്ച ഈ ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടാകില്ല. സംഗീത ലോകത്ത് എന്നും മായാതെ നിൽക്കുന്ന ഈ സംഗീതത്തെ ആർദ്രമാക്കുന്നത് പടിഞ്ഞാറെ ചാലക്കുടിക്കാരൻ കന്യാടത്ത് കുമാരന്റെ (49) പുല്ലാങ്കുഴൽ നാദമാണെന്ന യാഥാർത്ഥ്യം എത്ര പേർക്കറിയാം.
"പ്രമദവനം വീണ്ടും...... ഋതുരാഗം ചൂടി" എന്ന ഹിസ് ഹൈനസ് അബ്ദുള്ളയിലെ യേശുദാസിന്റെ സ്വരമാധുര്യത്തിന് ഋതുരാഗം ചൂടിച്ചതും ഈ വേണുനാദം തന്നെ. പിന്നീട് ശിശിരകാല മേഘമിഥുന രതിപരാഗമോ പാട്ടിന്റെ ആസ്വാദ്യതയ്ക്കും മേമ്പൊടിയായി. സ്‌കൂൾ പഠനകാലത്തുതന്നെ ഓടക്കുഴലിനോട് ഭ്രമം തോന്നിയെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ വിലങ്ങുതടിയായി. അന്ന് ഉത്സവപറമ്പിൽ നിന്നും കാലണയ്ക്ക് വാങ്ങിയ ഓടക്കുഴലിൽ സ്വയം പരിശീലനമായിരുന്നു. വർഷങ്ങൾക്കു ശേഷം കലാഭവൻ പീറ്റർ ചാലക്കുടിയിൽ ആരംഭിച്ച സംഗീത അക്കാഡമിയിൽ ചേർന്ന് ശാസ്ത്രീയ പരിശീലനം നേടി.
കലാലയ പഠനം വരെ പുല്ലാങ്കുഴലൂതി നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. തുടർന്ന് കലാസദനിൽ ചേർന്നതോടെ ഈ മേഖലയിൽ ഉയരങ്ങളുടെ പടിചവിട്ടി. ഗൾഫ് രാജ്യങ്ങളിലെ പ്രോഗ്രാം അവതരണമാണ് കന്യാത്ത് ചെറിയാന്റെ മകൻ കുമാരന് ജീവിതത്തിൽ പച്ചപ്പായത്. എസ്. ജാനകി, പി. ലീല, വാണി ജയറാം, ചിത്ര എന്നിവരുടെ ആലാപനത്തിലും വേണുനാദം ജ്വലിച്ചുനിന്നു.
തെന്നിന്ത്യയിലെ മുടി ചൂടാമന്നനായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യന്റെ ഗാനങ്ങളും കുമാർ അടുത്തറിഞ്ഞു. വിദ്യാധരൻ മാസ്റ്റർ, എം.കെ അർജുനൻ, മലേഷ്യ വാസുദേവൻ തുടങ്ങിയ അണിയറ ശിൽപ്പികളുടെ പ്രിയപ്പെട്ട തേരാളിയായി. കർണാടിക്, ഹിന്ദുസ്ഥാനി സംഗീതവും സ്വായത്തമാക്കി. സാക്‌സഫോൺ കലാകാരൻ കൂടിയായ ഇയാൾക്ക് വലിയ പുല്ലാങ്കുഴലും വഴങ്ങും. ഇത്രയും ഹിറ്റുകളിലെ മാസ്മരിക സ്പർശമായെങ്കിലും കുമാറിന് ഇതുവരെ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ഇതിനൊരു പ്രായശ്ചിത്തമായി തരംഗ് ചാലക്കുടിയുടെ മുരളീരവം പരിപാടി. വീട്ടമ്മയായ ബിന്ദുവാണ് കുമാറിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.