bjp

തിരുവനന്തപുരം : ആൾക്കൂട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് സാംസ്‌കാരിക നായകർ അയച്ച കത്തിൽ ഒപ്പിട്ടതിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ച് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ അടൂർ ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞതോടെ സംഭവം വിവാദമാവുകയും ചെയ്തു. എന്നാൽ ഇതിൽ ബി.ജെ.പി നേതൃത്വം സന്തുഷ്ടരല്ല. പാർട്ടി വക്താവിന്റെ പ്രവർത്തിയിലൂടെ നേട്ടമുണ്ടായത് രാഷ്ട്രീയ എതിരാളികൾക്കാണെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. കസ്റ്റഡി മരണം, യൂണിവേഴ്സിറ്റി അക്രമം, സി.പി.എം സി.പി.ഐ തർക്കവുമെല്ലാം വാർത്തകളിൽ നിറഞ്ഞ സമയത്താണ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റുമായി ബി.ഗോപാലകൃഷ്ണൻ എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലുപയോഗിച്ച ഭാഷയും വിമർശനത്തിന് കാരണമായി. വേണ്ടി വന്നാൽ അടൂർ ഗോപാലകൃഷ്ണന്റെ വീടിന് മുന്നിലെത്തി ജയ് ശ്രീറാം വിളിക്കുമെന്ന് ബി.ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയടക്കം അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി പിന്തുണനൽകുകയും, സംസ്ഥാന ചലച്ചിത്ര അവാർഡിൽ ബി.ജെ.പിയുടെ അസഹിഷ്ണുത ചർച്ചയാക്കിയും വിവാദങ്ങളുടെ ഗതി ബി.ജ.പിക്കുനേരെ തിരിച്ചുവിടുന്നതിൽ സി.പി.എം നേതാക്കൾ ശ്രദ്ധിക്കുകയും ചെയ്തു. വൈകിയെങ്കിലും ഇത് തിരിച്ചറിഞ്ഞതോടെയാണ് മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.