pm-

ന്യൂഡൽഹി: വികസന പ്രവർത്തനങ്ങൾക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‌ഞ്ഞു. വിദ്വേഷം പ്രചരിപ്പിച്ച് കാശ്മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'മൻ കി ബാത്തി'ൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണിൽ നടത്തിയ 'ബാക്ക് ടു വില്ലേജ്' പരിപാടിയിൽ ജമ്മു കശ്മീരിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും വിദൂര ഗ്രാമവാസികൾ പോലും ആവേശത്തോടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയെന്നും അദ്ദേഹം പറ‌ഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ ഗ്രാമവാസികളുമായി വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ഉത്സാഹംകാട്ടി. കാശ്മീരിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജനങ്ങൾക്കുള്ള താൽപര്യം വ്യക്തമാക്കുന്നതായിരുന്നു ഇതെല്ലാം. കാശ്മീരിലെ ജനങ്ങൾ മികച്ച ഭരണം ആഗ്രഹിക്കുന്നതായാണ് അവരുടെ പ്രതികരണമെന്നും വികസന പ്രവർത്തനത്തിന് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് അതിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

പാക് സൈന്യത്തിന്റെ വെടിവയ്പ്പ് ഭയന്നു കഴിയുന്ന അതിർത്തി ഗ്രാമങ്ങൾ അടക്കമുള്ളവ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. ഭീകരവാദികളുടെ സാന്നിദ്ധ്യമുള്ള ഷോപിയാൻ, പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിലെ വീടുകളാണ് സന്ദർശിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം മൻ കി ബാത്തിൽ വ്യക്തമാക്കി.

അതേസമയം,​ അതിർത്തി മാറ്റി വരയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ കാലത്തും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന സമീപനമാണ് പാകിസ്ഥാന്റേതെന്നും ദേശീയ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മോദി വ്യക്തമാക്കി. കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.