ന്യൂഡൽഹി: കർണാടകയിലെ ജെ.ഡി.എസ്- കോൺഗ്രസ് സർക്കാർ താഴെ വീണ പോലെ രാജസ്ഥാനിലെ കോൺഗ്രസിന്റെ ഭരണവും അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ. കേന്ദ്രമന്ത്രിയായ രാംദാസ് അത്തേവാലെയാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുമെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. രാജസ്ഥാനിലെ നിരവധി കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിക്ക് പിന്തുണ നൽകാൻ തയ്യാറാണെന്നാണ് രാംദാസ് അത്തേവാല പറഞ്ഞു.
രാജസ്ഥാനെ കൂടാതെ മദ്ധ്യപ്രദേശിലും സമാനമായ സ്ഥിതിയായിരിക്കുമെന്നും രാംദാസ് അത്തേവാല പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചതോടെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ വഴിയൊരുങ്ങിയത്. അധികം വൈകാതെ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും സമാനമായ സാഹചര്യം ഒരുങ്ങും. ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ചത്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നു. ഈ ആഗ്രഹം രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ജനങ്ങൾക്കുമുണ്ട്. കോൺഗ്രസ് എം.എൽ.എമാർക്കുമുണ്ട്. അവർ ഉടൻ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിലാണ് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. ബി.ജെ.പി തുടർച്ചയായി 15 വർഷം ഭരിച്ചിരുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. രണ്ടിടത്തും നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് ജയിച്ചത്. നിലവിൽ പഞ്ചാബ്, ചത്തീസ്ഗഢ് ഉൾപ്പടെ രാജ്യത്ത് നാല് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ഭരണമുള്ളത്. കൂടാതെ പുതുച്ചേരിയിലും. കർണാടകത്തിൽ കോൺഗ്രസ് ഭരണം വീണ സാഹചര്യത്തിൽ സമാനമായ നീക്കം ബാക്കിയുള്ളടത്ത് നടപ്പാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.