petro

കൊച്ചി: ഭൂമി ലഭ്യത സംബന്ധിച്ച അനിശ്‌ചിതത്വം ഒഴിഞ്ഞതോടെ, കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ എറണാകുളം അമ്പലമുഗളിലെ കിൻഫ്രയയുടെ പെട്രോ കെമിക്കൽ ആൻഡ് ഫാർമ പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. ഫാക്‌ടിന്റെ കൊച്ചി ഡിവിഷനിലെ 482 ഏക്കർ സ്ഥലം പദ്ധതിക്കായി സംസ്‌ഥാന സർക്കാരിന് വില്‌ക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഭൂമി ലഭിക്കാത്തതിനാൽ മാത്രം വർഷങ്ങളായി കടലാസിൽ ഒതുങ്ങിയ പദ്ധതിക്കാണ് ഇതുവഴി പുതുജീവൻ ലഭിച്ചത്.

അമ്പലമുഗളിൽ ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറിയോട് (ഐ.ആർ.ഇ.പി) ചേർന്നാണ് കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര) പെട്രോ കെമിക്കൽ പാർക്ക് ഒരുക്കുന്നത്. ആദ്യം സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷനായിരുന്നു (കെ.എസ്.ഐ.ഡി.സി) പദ്ധതിയുടെ ചുമതല. ഇടതു സർക്കാർ ഇത്, കിൻഫ്രയ്ക്ക് കൈമാറുകയായിരുന്നു. കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്‌ബി) നിന്നാണ് പദ്ധതിക്കായുള്ള ഫണ്ട് ലഭിക്കുക.

ഫാക്‌ടിൽ നിന്ന് ഭൂമി ഏറ്റെടുക്കാനായി കിഫ്‌ബി 1,250 കോടി രൂപ നൽകും. പെട്രോ കെമിക്കൽ പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി പ്രതീക്ഷിക്കുന്ന ചെലവ് 1,289 കോടി രൂപയാണ്. പദ്ധതി സംബന്ധിച്ച വിശദവിവര റിപ്പോർട്ട് (ഡി.പി.ആർ) നേരത്തേ കിൻഫ്ര തയ്യാറാക്കിയിരുന്നു. 2017 ഡിസംബറിൽ ഭൂമി ഏറ്റെടുത്ത് പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച ധാരണാ പത്രത്തിൽ സംസ്‌ഥാന സർക്കാരും ഫാക്‌ടും ഒപ്പുംവച്ചിരുന്നു. എന്നാൽ, ഭൂമി നൽകുന്നത് സംബന്ധിച്ച കേന്ദ്ര തീരുമാനം ഉണ്ടാകാതിരുന്നതിനാൽ, പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ പോലും കിൻഫ്രയ്ക്ക് കഴിഞ്ഞിരുന്നില്ല.

നിലവിൽ, ഫാക്‌ടിൽ നിന്ന് സർക്കാർ ഏറ്റെടുക്കുന്ന ഭൂമി ആറു മാസത്തിനകം കിൻഫ്രയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. ഭൂമി ലഭിച്ചാൽ 24 മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് കിൻഫ്രയുടെ വിലയിരുത്തൽ. പദ്ധതി നിർമ്മാണം ആരംഭിച്ച് ഒന്നരവർഷത്തിനകം തന്നെ ഈ രംഗത്ത് വിവിധ കമ്പനികൾക്ക് യൂണിറ്റുകൾ തുടങ്ങാനുള്ള സ്ഥലം കൈമാറാനും സാധിക്കും. യൂണിറ്റുകൾ സ്ഥാപിക്കാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കാൻ ഒരുക്കമാണെന്ന് കെ.എസ്.ഐ.ഡി.സിയും വ്യക്തമാക്കിയിരുന്നു. 170 കോടി രൂപ ചെലവഴിച്ച്, പദ്ധതിയിൽ പ്രൊപ്പിലീൻ ഡെറിവേറ്റീവ് അനുബന്ധ യൂണിറ്റ് തുറക്കുമെന്ന് ബി.പി.സി.എൽ വ്യക്തമാക്കിയിട്ടുണ്ട്.

അസംസ്കൃത വസ്‌തുക്കളുടെ

കുത്തക കേരളത്തിന്

കേരളത്തിലെ ഏറ്രവും വലിയ നിക്ഷേപ പദ്ധതികളിലൊന്നാണ് അമ്പലമുഗളിൽ ബി.പി.സി.എൽ സജ്ജമാക്കിയ റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആർ.ഇ.പി). 25,000 കോടി രൂപയോളമാണ് നിക്ഷേപം. ഇതിന് അനുബന്ധമായി 4,600 കോടി രൂപ നിക്ഷേപത്തോടെ പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോ കെമിക്കൽ (പി.ഡി.പി.പി) പദ്ധതിയുമുണ്ട്. ഐ.ആർ.ഇ.പിയിൽ നിന്ന് കിട്ടുന്ന പ്രൊപ്പിലീൻ ഉപയോഗിച്ച് ആക്രിലിക് ആസിഡ്, അക്രലേറ്ര്‌സ്, ഓക്‌സോ - ആൽക്കഹോൾ തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കൾ ഉത്‌പാദിപ്പിക്കുന്ന പദ്ധതിയാണ് പി.ഡി.പി.പി. പെയിന്റ്, മഷി, പശ, സോപ്പുപൊടി എന്നിവ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കളാണിവ.

പെയിന്റ് കമ്പനികൾക്കും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് പെട്രോ കെമിക്കൽ പാർക്കിലൂടെ കിൻഫ്ര ഉദ്ദേശിക്കുന്നത്. നിരവധി പെയിന്റ് കമ്പനികൾ പദ്ധതിയോട് താത്പര്യം കാട്ടിയിട്ടുണ്ട്. ഈ അസംസ്‌കൃത വസ്‌തുക്കൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാതെ കേരളത്തിനായി മാത്രം പ്രയോജനപ്പെടുത്തുകയും പാർക്കിന്റെ ലക്ഷ്യമാണ്.

20,000 തൊഴിൽ

കേരളത്തിന്റെ വ്യവസായ മേഖലയുടെ വികസനത്തിന് തന്നെ പുത്തനുണർവ് ഏകുമെന്ന് പ്രതീക്ഷിക്കുന്ന പെട്രോ കെമിക്കൽ ആൻഡ് ഫാർമ പാർക്ക് യഥാർത്ഥ്യമായാൽ നേരിട്ട് 5,000 ഓളം പേർക്കും പരോക്ഷമായി 15,000ത്തോളം പേർക്കും തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഫാർമ പാർക്ക്

ഫാക്‌ടിൽ നിന്ന് ലഭിക്കുന്ന സ്‌ഥലത്തെ 150 ഏക്കറിലാണ് ഫാർമ പാർക്ക് സജ്ജമാക്കുന്നത്. ബാക്കിസ്ഥലം പെട്രോ കെമിക്കൽ പാർക്കിനായി ഉപയോഗിക്കും.

എന്തുകൊണ്ട് കൊച്ചി?

വമ്പൻ റിഫൈനറികളുടെ സാന്നിദ്ധ്യം, കൊച്ചി തുറമുഖം, വിമാനത്താവളം, റോഡ് - റെയിൽ സൗകര്യം, ഗെയിൽ പൈപ്പ്ലൈൻ എന്നിവ പെട്രോ കെമിക്കൽ പദ്ധതി കൊച്ചിയിൽ ഒരുക്കാനുള്ള അനുകൂലഘടകമായി കിൻഫ്ര വിലയിരുത്തുന്നു.