amboori-murder-case

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിലെ രണ്ടാം പ്രതി രാഹുലിനെ ആഗസ്റ്റ് ഒൻപത് വരെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. രാഖിയുടെ കഴുത്തിൽ കയർ കൊണ്ട് മുറുക്കിയത് അഖിലും രാഹുലും ചേർന്നാണെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചത് അഖിൽ വാട്സ് ആപ്പിലൂടെ രാഖിയെ അറിയിച്ചു. ആ വിവാഹം നടന്നാൽ സോഷ്യൽ മീഡിയ വഴി അഖിലിനെതിരെ പ്രചാരണം നടത്തുമെന്ന് രാഖി ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് മൂന്നു പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന്റെ റിമാൻ‌ഡ് റിപ്പോർട്ടിൽ പറയുന്നു.

രാഖിയെ പ്രതികളുടെ വീട് കാണാൻ ക്ഷണിച്ചാണ് കാറിൽ കയറ്റിയത്. കാറിന്റെ പിൻസീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടർന്ന് അവശയായ രാഖിയെ ഡ്രൈവിംഗ് സീറ്റിലിരുന്ന അഖിൽ പിൻ സീറ്റിലേക്ക് മാറി പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി. രാഖി കൊല്ലപ്പെട്ടതോടെ നേരത്തെ തയാറാക്കിവച്ച കുഴിയിൽ മൃതദേഹം മറവു ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

​ കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിൽ കുറ്റം സമ്മതിച്ചിരുന്നു. ഒപ്പം ജീവിക്കണമെന്ന് രാഖി നിർബന്ധിച്ചിതായും ആത്മഹത്യാ ഭീഷണി മുഴക്കിയതായും അഖിൽ പൊലീസിനോട് പറഞ്ഞിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറാത്തതിനാൽ കാറിൽ വച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും അഖിൽ പൊലീസിനോട് പറഞ്ഞു. മൃതദേഹം മറവു ചെയ്യാൻ കുഴിയെടുത്തത് അച്ഛന്റെ സഹായത്തോടെയാണെന്നും ഒന്നാം പ്രതിയായ അഖിൽ പൊലീസിന് മൊഴി നൽകിയിരുന്നു. കൃത്യം നടത്തിയ ശേഷം കാശ്മീരിലേക്കാണ് താൻപോയതെന്നും രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരൻ രാഹുലാണെന്നും അഖിൽ മൊഴി നൽകിയിരുന്നു.