ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയുടെ വനിതാ എം.പി രംഗത്ത്. ഹരിയാനയിലെ സിർസയിൽ നിന്നുള്ള എം.പി സുനിത ദഗ്ഗലാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കാത്ത കേരളത്തിലും ബംഗാളിലും ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് സുനിത ദഗ്ഗൽ പറഞ്ഞു. വളരെ പെട്ടെന്ന് സംഭവിക്കുന്ന ദൗർഭാഗ്യകരമായ ഒന്നാണ് അതെന്നും അവർ കൂട്ടിച്ചേർത്തു.
മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ സുനിത രാജിവച്ചതിന് ശേഷം 2014ലാണ് ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. സാമുദായിക ഐക്യത്തിന് തടസം സൃഷ്ടിക്കുന്നതും അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതും ഭരിക്കുന്ന ബി.ജെ.പിയാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്ന് സുനിത ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്. ലോക്സഭയിൽ വനിത എം.പിമാർ വർദ്ധിക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അവർ വ്യക്തമാക്കി.
നിരവധി വനിതാ എം.പിമാരാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് കാരണം പ്രധാനമന്ത്രി മോദിയും ബി.ജെ.പിയുമാണ്. അവർ ഒരുപാട് സ്ത്രീകൾക്ക് മത്സരിക്കാൻ അവസരം നൽകി. ലോക്സഭയിലെ 78 വനിതകളിൽ 41 പേരും ബി.ജെ.പിയിൽ നിന്നാണെന്നും സുനിത വ്യക്തമാക്കി. ഹരിയാനയിൽ നിന്നുള്ള ഏക വനിത എം.പിയാണ് സുനിത.