1999 ഡിസംബർ 31
കാണ്ഡഹാർ, അഫ്ഗാനിസ്ഥാൻ
തടവിലായിരുന്ന മൂന്ന് ഭീകരരുമായി ഇന്ത്യൻ വിമാനം കാണ്ഡഹാർ എയർപോർട്ടിന്റെ റൺവേ തൊട്ടു. താലിബാൻ സേനയുടെ 'തടങ്കലിൽ" ആയിരുന്ന ഐ.സി 814 നു ചുറ്റും ഭീകരർ തോക്കുകൾ ഉയർത്തിപ്പിടിച്ച് വിജയാരവം മുഴക്കുന്നത് വിമാനത്തിന്റെ ജാലകത്തിലൂടെ ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധർക്ക് കാണാമായിരുന്നു.
രണ്ടായിരാമാണ്ടിന്റെ പുതുവർഷത്തലേന്ന് ആയിരുന്നു അത്. ആറുദിവസം നീണ്ട നാടകങ്ങൾക്കൊടുവിൽ, നയതന്ത്ര നിസഹായതയുടെ കൊടുമുടിയിൽ ഇന്ത്യയ്ക്ക് സ്വീകരിക്കേണ്ടിവന്ന നാണംകെട്ട തീരുമാനത്തിന്റെ വൈകുന്നേരം. പുതിയ നൂറ്റാണ്ടിലേക്കുള്ള ഏറ്റവും വലിയ ഭീഷണികൾ നമ്മൾ വലിയ വിലകൊടുത്തു വാങ്ങിയ സന്ധ്യ. അപ്പോഴും, ന്യൂഡൽഹിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല.
ഇന്ത്യൻ വിമാനത്തിൽ കാണ്ടഹാർ റൺവേയിലിറങ്ങിയ ഭീകരരിൽ മസൂദ് അസർ ആയിരുന്നു മുന്നിൽ. പിന്നാലെ ഒമർ സയ്യിദ് ഷെയ്ഖും മുഷ്താഖ് അഹമ്മദ് സർഗാറും. അവർക്ക് കൂട്ടു പോലെ പിന്നിൽ ഇന്ത്യൻ നയതന്ത്ര സംഘം. മസൂദ് അസർ ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ചിരിച്ച്, ആ ഭീകരവിജയത്തിൽ ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധരെ നാണംകെടുത്തിക്കൊണ്ടിരുന്നു.
ആറുദിവസം ഭയത്തിന്റെ ഇരുൾഭൂഖണ്ഡത്തിൽ അടയ്ക്കപ്പെട്ടതുപോലെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന യാത്രക്കാർക്കു മുന്നിൽ മോചനത്തിന്റെ വാതിൽ തുറക്കപ്പെട്ടു. അവർ അഫ്ഗാനു മീതെ ഇരുട്ടു പടർന്നു തുടങ്ങിയ ആകാശം കണ്ടു. മോചിതരായ യാത്രക്കാർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്കു പറന്നു. വിമാനറാഞ്ചികളായ അഞ്ച് ഭീകരർക്ക് അഫ്ഗാൻ വിടാൻ താലിബാൻ അനുവദിച്ചത് 10 മണിക്കൂർ.
തലേന്ന്, കാണ്ടഹാർ എയർപോർട്ടിന്റെ കൺട്രോൾ ടവറിലായിരുന്നു ഇന്ത്യൻ നയതന്ത്ര സംഘവും താലിബാൻ ഭീകരരുമായുള്ള ഉപാധി ചർച്ച. ഐ.സി 814ലെ യാത്രക്കാരെ ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ തന്ത്രപൂർവം ആവിഷ്കരിച്ച പദ്ധതികളൊന്നുമുണ്ടായിരുന്നില്ല, ഇന്ത്യൻ വിദഗ്ദ്ധരുടെ കൈവശം. മറുപക്ഷത്ത് പലരുണ്ടായിരുന്നു. താലിബാൻ വിദേശകാര്യമന്ത്രി വക്കീൽ അഹമ്മദ് മുത്തവക്കീൽ എതിർപക്ഷത്തെ കനത്ത ശബ്ദം. ഐ.എസ്.ഐ ചാരസംഘം മറ്റൊരിടത്ത്. ഓരോരോ ഉപാധികൾ അവർ പറഞ്ഞുകൊണ്ടിരുന്നു.
അധികമൊന്നും പുറത്തുവരാത്ത ഒരു രഹസ്യമുണ്ട്. മസൂദ് അസർ ഉൾപ്പെടെ മൂന്നു ഭീകരരെ മോചിപ്പിക്കണമെന്നതായിരുന്നില്ല താലിബാൻ ആദ്യം മുന്നോട്ടുവച്ച ഉപാധി! ഇന്ത്യൻ ജയിലുകളിൽ നിന്ന് 35 ഭീകരരുടെ മോചനം, 200 ദശലക്ഷം ഡോളർ, ഇന്ത്യയിൽ കൊല്ലപ്പെട്ട ഭീകരൻ സജ്ജാദ് അഫ്ഗാനിയുടെ ഭൗതികാവശിഷ്ടം! താലിബാൻ നേതാവ് മുല്ലാ ഒമറുമായി മുത്തവക്കീൽ ഉപാധിചർച്ചയുടെ വിശദാംശങ്ങൾ ഫോണിൽ പങ്കുവച്ചുകൊണ്ടിരുന്നു. അപ്പുറത്തുനിന്ന് മുല്ല ഒമറിന്റെ പ്രതികരണങ്ങൾക്കൊത്ത്, മുത്തവക്കീലിന്റെ മുഖത്ത് നിരാശയും ദേഷ്യവും മാറിമാറി പ്രതിഫലിച്ചുകൊണ്ടിരുന്നെന്ന് പിന്നീട് ഇതേക്കുറിച്ച് എഴുതിയ ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ ഓർത്തെടുത്തു.
മോചനത്തിന് പണം ആവശ്യപ്പെടുന്നത് അനിസ്ളാമികമായതു കൊണ്ട് അത് വേണ്ടെന്നായിരുന്നു മുല്ലാ ഒമറിന്റെ കല്പന. ഇസ്ളാമിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച സജ്ജാദ് അഫ്ഗാനിയുടെ ഭൗതികാവശിഷ്ടം വീണ്ടും കുഴിച്ചെടുക്കുന്നത് അനാദരവായതു കൊണ്ട് അതും വേണ്ട! (സജ്ജാദിന്റെ പേരിനൊപ്പം അഫ്ഗാനി എന്നു കൂടി ഉണ്ടായിരുന്നെങ്കിലും പാകിസ്ഥാൻ പൗരനായിരുന്നു ഇയാൾ. അതുകൊണ്ടാണ് മുല്ലാ ഒമർ ആ ആവശ്യം നിരുത്സാഹപ്പെടുത്തിയത് എന്നത് യാഥാർത്ഥ്യം). വക്കീൽ അഹമ്മദ് മുത്തവക്കീൽ പുതിയ രണ്ട് ഉപാധികൾ ഇന്ത്യൻ സംഘത്തിനു മുന്നിൽ വച്ചു. ഏതു സ്വീകരിക്കണമെന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം.
ഉപാധി ഒന്ന്: (വിട്ടുവീഴ്ചയില്ലാത്തത്). മസൂദ് അസറിനെ വിട്ടുകിട്ടണം. പിന്നെ, നേരത്തേ ആവശ്യപ്പെട്ട 35 ഭീകരരിൽ നിന്ന് ഏഴു പേരെക്കൂടി കാണ്ടഹാറിൽ സുരക്ഷിതരായി എത്തിച്ച് കൈമാറണം.
ഉപാധി രണ്ട് : (വിട്ടുവീഴ്ചയില്ലാത്തത്): മസൂദ് അസർ, ഒമർ സയ്യിദ് ഷേഖ്, മുഷ്താഖ് അഹമ്മദ് സർഗാർ എന്നിവരെ കൈമാറണം. കൊടുംഭീകരർ ആണെങ്കിലും മൂന്നു പേരെ മോചിപ്പിച്ചാൽ മതിയല്ലോ. ഇന്ത്യ രണ്ടാമത്തെ ഉപാധി സമ്മതിച്ചു. അങ്ങോട്ട് ആവശ്യപ്പെടാൻ ഒരു ഉപാധിയും ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ കൈയിലുണ്ടായിരുന്നില്ല!
1993 ഡിസംബർ.
വസീറിസ്ഥാൻ, പാകിസ്ഥാൻ.
മസൂദ് അസർ കശ്മീരിൽ അറസ്റ്റിലാകുന്നതിന് ഒരു വർഷം മുമ്പ്. ഹർക്കത്തുൾ അൻസാറിന്റെ ഒരു പരിശീലന ക്യാമ്പിൽ മസൂദ് അസർ ക്ലാസെടുക്കാനെത്തി. ക്ലാസ് കഴിഞ്ഞ് മടങ്ങാനിറങ്ങവേ, നീലക്കണ്ണുകളുള്ള ഒരു ചെറുപ്പക്കാരൻ മസൂദിനെ പരിചയപ്പെടാനെത്തി . ഞാൻ ഒമർ സയ്യിദ് ഷെയ്ഖ്. മസൂദ് അയാളോട് സ്വദേശം ചോദിച്ചു. മറുപടി: ബർമിംഗ്ഹാം, ഇംഗ്ലണ്ട്. (കാണ്ഡഹാറിൽ മസൂദ് അസറിനൊപ്പം ഇന്ത്യ മോചിപ്പിച്ച അതേ ഒമർ സയ്യിദ് ഷെയ്ഖ്) ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ പഠിച്ച മിടുക്കനായ വിദ്യാർത്ഥിയുടെ തലതിരിഞ്ഞത് പെട്ടെന്നായിരുന്നു. ജിഹാദിൽ ആകൃഷ്ടനായി പാകിസ്ഥാനിലെത്തിയ ഒമറിനോട്, പരിചയപ്പെട്ട വേളയിൽ മസൂദ് അസർ പറഞ്ഞു: ഒരു ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിക്ക്. എന്നിട്ട് കശ്മീരിലേക്കു വാ. അവിടെ പലതും ചെയ്യാനുണ്ട്. ഇന്ത്യൻ പാസ്പോർട്ടിന് ശ്രമിച്ച് നടന്നില്ലെങ്കിലും, നാട്ടിലേക്കു തിരിച്ചുപോയ ഒമർ ഇന്ത്യയിലേക്ക് ഒരു വിസ ഒപ്പിച്ചു. അതിനു ശേഷം കശ്മീരിലും പാകിസ്ഥാനിലുമായി മസൂദ് അസറിനൊപ്പം. വിദേശികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി, അവരെവച്ച് വിലപേശി ജയിലുകളിലുള്ള ഹർക്കത്തുൾ ഭീകരരെ പുറത്തെത്തിക്കുകയായിരുന്നു ഒമറിന് മസൂദ് അസർ നൽകിയ ഡ്യൂട്ടി. സായിപ്പിന്റെ ആക്സന്റിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒമറിന് വിദേശികളെ ഇരകളാക്കാൻ എളുപ്പമായിരുന്നു. ഏല്പിച്ച ജോലി അയാൾ 'ഭംഗിയായി' നിർവഹിക്കുകയും ചെയ്തു.
കശ്മീരിൽ മസൂദ് അസർ അറസ്റ്റിലായ അതേ വർഷം തന്നെ (1994) ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്ന് ബ്രിട്ടീഷ് വിനോദസഞ്ചാരികളെയും ഒരു അമേരിക്കക്കാരനെയും തട്ടിക്കൊണ്ടുപോയ കേസിൽ ഒമർ സയ്യിദ് ഷെയ്ഖ് അറസ്റ്റിലായി. ഗാസിയാബാദ് ജയലിൽ അഞ്ചുവർഷത്തെ തടവുശിക്ഷ. അത് അവസാനിക്കുന്നതിനു മുമ്പായിരുന്നു, കാണ്ഡഹാർ വിമാന റാഞ്ചലിനെ തുടർന്ന് മസൂദ് അസർ മോചിതനായതിനൊപ്പം ഗാസിയാബാദിൽ നിന്ന് ഒമറിനും വഴി തെളിഞ്ഞത്.
മോചനത്തിനു ശേഷവും പാക് അധീന കശ്മീരിലും പാകിസ്ഥാനിലുമായി മസൂദ് അസറും ഒമറും ഒരുമിച്ചുണ്ടായിരുന്നു. ഒമറിന് പഴയ ഡ്യൂട്ടി തന്നെ. പക്ഷേ, ഒരിക്കൽ പാളി. വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടർ ആയ ഡാനിയൽ പേളിനെ കറാച്ചിയിലെ മെട്രോപോൾ ഹോട്ടലിനടുത്തു നിന്ന് 2002 ജനുവരി 23 നു സന്ധ്യയ്ക്ക് ഏഴുമണിയോടെ ഒമർ സയ്യിദ് ഷെയ്ഖ് തട്ടിക്കൊണ്ടുപോയി. ഭീകരക്യാമ്പിൽ പേളിനെ ബന്ദിയാക്കിയ ഒമർ അമേരിക്കയ്ക്ക് മുന്നിൽ രണ്ട് ഉപാധികൾ വച്ചു: ഡാനിയൽ പേളിനെ മോചിപ്പിക്കണമെങ്കിൽ അമേരിക്കയിൽ തടവിലാക്കപ്പെട്ട പാക് ഭീകരരെ നിരുപാധികം വിട്ടയയ്ക്കുക. പിന്നെ, പാക് സർക്കാരിന് നൽകാമെന്നു പറഞ്ഞ എഫ് 16 ജെറ്റ് വിമാനങ്ങൾ എത്രയും വേഗം കൈമാറുക !
ഡാനിയേൽ പേളിനെ ബന്ദിയാക്കിയ സ്ഥലം കണ്ടെത്താൻ അമേരിക്കൻ ഏജൻസികളും പാക് ഇന്റലിജൻസും ശ്രമിച്ചുകൊണ്ടിരിക്കെ, ഒൻപതാം ദിവസം അതു സംഭവിച്ചു.
അക്കഥ നാളെ.