agriculture

വിദേശിയാണെങ്കിലും മലയാളികളുടെ പ്രിയ പച്ചക്കറി വിഭവങ്ങളിൽ എന്നേ കയറിക്കൂടിയവനാണ് കാപ്സിക്കം. അതോടെ കേരളത്തിലും കാപ്സിക്കം വിളഞ്ഞു തുടങ്ങി. ഇവിടെ കൃഷി ചെയ്യാൻ കഴിയുമോയെന്ന് ഓർത്ത് സംശയിക്കുന്നവർ കേട്ടോളൂ നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഏതു സ്ഥലത്തും കാപ്സിക്കം കൃഷി ചെയ്യാം. തറയിലോ ഗ്രോബാഗിലോ ഒക്കെ ഇഷ്ടത്തിനനുസരിച്ച് കൃഷി ചെയ്യാം.

നിലം ഒരുക്കേണ്ടതെങ്ങനെ?
തറയിൽ കൃഷിയൊരുക്കുന്നവർ ആദ്യം ചെയ്യേണ്ടത് മണ്ണ് നന്നായി കിളച്ചൊരുക്കുക എന്നതാണ്. എന്നിട്ട് 45 സെന്റീമീറ്റർ (ഒന്നരയടി) അകലത്തിൽ ചാലുകൾ എടുക്കണം. അതിലേക്ക് ഉണക്കിപ്പൊടിച്ച ചാണകപ്പൊടി അല്ലെങ്കിൽ കലർപ്പില്ലാത്ത കോഴിവളമോ ഇട്ടു കൊടുക്കണം. അതിനുശേഷം ഫൈറ്റൊലാൻ നാലു ഗ്രാം അല്ലെങ്കിൽ സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന കണക്കിൽ ചാലുകളിൽ കലക്കി ഒഴിക്കണം. ഇനി വിത്ത് വിതയ്ക്കാം.

നടേണ്ടതെങ്ങനെ?
വിത്ത് വിതച്ച് ഒരാഴ്ചയാകുന്നതോടെ ഇല വന്നു തുടങ്ങും. വിത്തുകൾ തറയിലല്ല വിതച്ചതെങ്കിൽ ഒരു മാസം ആകുമ്പോഴേക്കും പ്രായമായ തൈകൾ ഗ്രോബാഗുകളിൽ നിന്നും മാറ്റി നടണം. വൈകുന്നേരങ്ങളിൽ തൈ മാറ്റി നടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ കൃത്യമായ ഇടവേളകളിൽ നനച്ചു കൊണ്ടിരിക്കുകയും വേണം. തൈകൾ മാറ്റി നട്ടാൽ 3 4 ദിവസത്തേക്ക് കൃത്യമായി വെള്ളം തളിച്ചു കൊടുക്കണം. അതു പോലെ , തണലൊരുക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. അധികം വരണ്ട പ്രദേശങ്ങളിൽ നടാതിരിക്കുന്നതാണ് നല്ലത്. മാറ്റി നടുമ്പോൾ മേൽമണ്ണ് ഇളകാതെ പ്രത്യേകം ശ്രദ്ധിക്കണം. തൈകൾ നട്ടതിനു ശേഷം ജൈവവളംചേർക്കണം. ചാണകമോ കമ്പോസ്റ്റോ കോഴിവളമോ ഉപയോഗിക്കാം. 15 20 ദിവസം കഴിയുമ്പോൾ വീണ്ടും അവ ചേർത്തു കൊടുക്കാം.

വളപ്രയോഗം എങ്ങനെ?
കഴിവതും രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രാസവളം ഇടണമെന്ന് നിർബന്ധമാണെങ്കിൽ സെന്റിന് 650 ഗ്രാം പൊട്ടാഷ്, മസൂറിഫോസ്, യൂറിയ എന്നിവ ചേർത്ത് കൊടുക്കാം. ഇതിൽ മസൂറിഫോസ് മുഴുവനും നടുന്നതിനു മുമ്പ് ചേർത്തു കൊടുക്കണം. പകുതി യൂറിയയും പകുതി പൊട്ടാഷും പറിച്ചു നട്ട് ഒരാഴ്ച കഴിഞ്ഞ് നൽകേണ്ടതാണ്. ബാക്കി പൊട്ടാഷും ബാക്കിയുള്ള യൂറിയയുടെ നാലിലൊന്നും 30 ദിവസത്തിനുശേഷം നൽകാം. നട്ട് രണ്ടു മാസത്തിനു ശേഷം അല്പം യൂറിയ കൂടി നൽകാവുന്നതാണ്. വെളുത്തുള്ളി കാന്താരി മിശ്രിതവും ബോർഡോ മിശ്രിതവും കീടങ്ങളെ തുരത്താൻ ഫലപ്രദമാണ്.