 സാഹിബാബാദിലും ഷോപ്പിംഗ് മാൾ തുറക്കും

ലക്‌നൗ: ഉത്തർപ്രദേശിൽ ഡൽഹിക്ക് സമീപത്തെ സാഹിബാബാദിലും ഷോപ്പിംഗ് മാൾ നിർമ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി - നിക്ഷേപക സംഗമത്തിൽ സംസാ‌രിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ലക്‌നൗവിൽ അടുത്തവർഷം സജ്ജമാകും. 5,000ലേറെ പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. വാരാണസി, നോയിഡ എന്നിവിടങ്ങളിലും ലുലു ഷോപ്പിംഗ് മാൾ പദ്ധതി ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഇതിനു പുറമേയാണ് സാഹിബാബാദിലും ഷോപ്പിംഗ് മാൾ ഒരുക്കുന്നത്.

നിക്ഷേപകർക്കും പുതിയ പദ്ധതികൾക്കും പ്രശംസനീയമായ പിന്തുണയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകുന്നത്. ഇത്, നിക്ഷേപകർക്ക് ഏറെ പ്രോത്സാഹനവുമാണ്. യു.പിയിൽ ധാരണാപത്രത്തിൽ ഒപ്പുവയ്‌ക്കപ്പെട്ട പദ്ധതികൾ അതിവേഗം യാഥാർത്ഥ്യമാകുന്നതിന് പിന്നിലെ കാരണവും ഈ പിന്തുണയാണെന്നും യൂസഫലി പറഞ്ഞു. യു.പി സർക്കാരിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞവർഷം നടന്ന ഒന്നാം നിക്ഷേപക സംഗമത്തിന്റെ തുടർച്ചയാണ് ഇത്തവണത്തെ സംഗമം.

എം.എ. യൂസഫലിക്ക് പുറമേ ഒട്ടേറെ ദേശീയ-ആഗോള പ്രമുഖ വ്യവസായികൾ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. മൊത്തം 65,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന 250ലേറെ പദ്ധതികളുടെ പ്രഖ്യാപനം ഇക്കുറി സംഗമത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതുവഴി, മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.